Uae
അജ്മാനിൽ മെഗാ ബീച്ച് പദ്ധതി വരുന്നു; 2.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്ക് നിർമിക്കും
പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയതായും 2025 മാർച്ചിൽ പൂർണമായ പൂർത്തീകരണം ലക്ഷ്യമിടുന്നതായും അൽ മുഹൈരി വ്യക്തമാക്കി.

അജ്മാൻ | അജ്മാൻ ബീച്ച് ഫ്രണ്ട് 220,000 ചതുരശ്ര മീറ്ററായി വികസിപ്പിക്കുന്ന പദ്ധതി ഉടൻ പ്രവർത്തികമാവും.സുസ്ഥിര നഗര വികസന തന്ത്രത്തിന്റെ ഭാഗമായി താമസക്കാർക്കും സന്ദർശകർക്കും പൊതു ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിന് 300,000 ചതുരശ്ര മീറ്റർ ഹരിത ഇടങ്ങളും നിർമിക്കും.
കോർണിഷിൽ കാൽനടക്കാർക്കായി പ്രത്യേക നടപ്പാതയും ഗ്രീൻ സോണുകളും ഒരുക്കും. 2,500 മീറ്റർ നീളമുള്ള സൈക്ലിംഗ് ട്രാക്കും പദ്ധതിയുടെ പ്രധാന സവിശേഷതയാണ്.അജ്മാൻ ഇൻഫ്രാസ്ട്രക്ചർ സെക്ടർ സി ഇ ഒ മുഹമ്മദ് ബിൻ ഉമൈർ അൽ മുഹൈരിയും അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ്ചെയർമാൻ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമിയും പദ്ധതി പ്രവർത്തന പുരോഗതി ഇന്നലെ പരിശോധിച്ചു.
പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയതായും 2025 മാർച്ചിൽ പൂർണമായ പൂർത്തീകരണം ലക്ഷ്യമിടുന്നതായും അൽ മുഹൈരി വ്യക്തമാക്കി. ചില മേഖലയിൽ ലാൻഡ്സ്‌കേപ്പിംഗ്, സൗന്ദര്യവത്കരണ ശ്രമങ്ങൾ നടന്നുവരികയാണ്. 2025 ആഗസ്റ്റിൽ കൂടുതൽ ജോലികൾ പൂർത്തീകരിക്കും.
വിനോദത്തിനും കായിക പ്രവർത്തനങ്ങൾക്കും അനുയോജ്യമായ ആധുനികവും സുസ്ഥിരവുമായ നഗര ഇടങ്ങൾ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് പദ്ധതി. പ്രാദേശിക ടൂറിസത്തെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കാനും ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.