Uae
തൊഴിലാളികള്‍ക്കായി മെഗാ പുതുവത്സരാഘോഷം; ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കും
അല്‍ഖുസ് ഏരിയയിലാണ് പ്രധാന ആഘോഷ പരിപാടികള്‍ നടക്കുന്നത്.
ദുബൈ|തൊഴിലാളികളുടെ സംഭാവനകള്‍ അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമായി ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആര്‍ എഫ് എ) മെഗാ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ‘നേട്ടങ്ങള്‍ ആഘോഷിക്കുന്നു, ഭാവി കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുക. പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ, ഗായിക കനിക കപൂര്‍, നടന്മാരായ റോമന്‍ ഖാന്‍, വിശാല്‍ കോട്ടിയന്‍, ഗായകനും സംവിധായകനുമായ രോഹിത് ശ്യാം റൗട്ട് എന്നിവര്‍ ഈ ആഘോഷത്തില്‍ അതിഥികളായി പങ്കെടുക്കും.
അല്‍ഖുസ് ഏരിയയിലാണ് പ്രധാന ആഘോഷ പരിപാടികള്‍ നടക്കുന്നത്. തൊഴിലാളി സമൂഹത്തിന് ആദരവ് അര്‍പ്പിക്കുന്നതിനു വേണ്ടിയാണ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജി ഡി ആര്‍ എഫ് എ – ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10,000-ത്തിലധികം തൊഴിലാളികള്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കും. ഡിസംബര്‍ 31 ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന പരിപാടി, അര്‍ധരാത്രി വരെ തുടരും. അന്താരാഷ്ട്ര കലാകാരന്മാരുടെ വിവിധ സംഗീത പ്രകടനങ്ങള്‍, അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ഷോകള്‍, സവിശേഷമായ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്ന ഡിജെ സെറ്റുകള്‍, സാംസ്‌കാരികവും കലാപരവുമായ വൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആഗോള ടീമുകളുടെ പ്രകടനങ്ങള്‍ എന്നിവയും ആഘോഷ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടുവാന്‍ ഉണ്ടാകുമെന്ന് ജി ഡി ആര്‍ എഫ് എ ദുബൈ അസിസ്റ്റന്റ് ഡയറക്ടറും ദുബൈ തൊഴില്‍ കാര്യ സ്ഥിരം സമിതിയുടെ ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു.
പങ്കെടുക്കുന്നവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ നല്‍കും. വിവിധ കാറുകള്‍, സ്വര്‍ണബാറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇലക്ട്രിക് സ്‌കൂട്ടറുകള്‍, യാത്രാ ടിക്കറ്റുകള്‍, ക്യാഷ് പ്രൈസുകള്‍, 100 സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ സമ്മാനങ്ങള്‍ നല്‍കും.