Kerala
മേഘാ മധുവിനെ സഹപ്രവര്‍ത്തകന്‍ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന് പിതാവ്
ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി, സുകാന്തിനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

പത്തനംതിട്ട | തിരുവനന്തപുരത്ത് മരിച്ച ഐ ബി ഉദ്യോഗസ്ഥ മേഘാ മധുവിനെ, സഹപ്രവര്‍ത്തകന്‍ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന് പിതാവ് മധുസൂദനന്‍. ട്രെയിനിനു മുന്നില്‍ ചാടവേ മേഘ, ഇടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷുമായി ഫോണില്‍ സംസാരിച്ചുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യാ പ്രേരണയ്ക്ക് കൂടുതല്‍ കാരണങ്ങള്‍ ഉണ്ടെന്ന് സംശയിക്കത്തക്കതാണ് ആരോപണങ്ങള്‍.
ഇടപ്പാള്‍ വട്ടംകുളം സ്വദേശിയാണ് ഐ ബി കൊച്ചി ഓഫീസിലെ ജീവനക്കാരന്‍ സുകാന്ത് സുരേഷ്. മകളുടെ ബേങ്ക് അക്കൗണ്ടില്‍ നിന്നും പലപ്പോഴായി 3.5 ലക്ഷം രൂപയാണ് ഇയാളുടെ അക്കൗണ്ടിലേയ്ക്ക് എത്തിയതെന്ന് പറയുന്നു മധുസൂദനന്‍.
ഭീഷണിയും കൂടുതല്‍ ചൂഷണവും ഉണ്ടായിട്ടുണ്ടോ എന്ന സംശയവും ബന്ധുക്കള്‍ക്കുണ്ട്. സുകാന്തിനെ കാണാന്‍ മേഘ കൊച്ചിയില്‍ പോയിട്ടുണ്ട്. സുകാന്ത് തിരുവനന്തപുരത്തും എത്തിയിരുന്നു.
ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി, സുകാന്തിനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. പഞ്ചാബില്‍ പരിശീലനത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി. വിവാഹ ആലോചനകള്‍ക്കായി ഇടപ്പാളില്‍ നിന്നും സുകാന്തിന്റെ ബന്ധുക്കള്‍ മേഘയുടെ വീട്ടിലെത്തുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനു മുന്നോടിയായി വീട് മോടികൂട്ടി. എന്നാല്‍ ബന്ധത്തില്‍ നിന്നും സുകാന്ത് പിന്മാറിയെന്നും തുടര്‍ന്ന്, മേഘ ജീവനൊടുക്കിയെന്നുമാണ് കണക്കാക്കുന്നത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ്, തിരുവനന്തപുരം ചാക്കിയില്‍ മേഘയെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്.