National
മെയ്തികൾക്ക് എസ് ടി സംവരണം ലഭിക്കില്ല; മണിപ്പൂരിൽ കലാപത്തിനിടയാക്കിയ വിവാദ ഉത്തരവ് തിരുത്തി ഹൈക്കോടതി
സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഗോൽമെയ് ഗൈഫുൽശില്ലുവിന്റെ ബെഞ്ച് ഉത്തരവിൽ നിന്ന് വിവാദ ഖണ്ഡിക നീക്കം ചെയ്തു
ഇംഫാൽ | മണിപ്പൂരിൽ ഇരു സമുദായങ്ങൾ തമ്മിലുള്ള കലാപത്തിന് വഴിവെച്ച വിവാദ ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതലി. മെയ്തി സമുദായത്തെ പട്ടികവർഗ (എസ്‌ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന സ്വന്തം ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ദാക്കി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഗോൽമെയ് ഗൈഫുൽശില്ലുവിന്റെ ബെഞ്ച് ഉത്തരവിൽ നിന്ന് വിവാദ ഖണ്ഡിക നീക്കം ചെയ്തു. മെയ്തി സമുദായത്തിന് എസ്ടി പദവി നൽകാനുള്ള ഹൈക്കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
നിയമത്തെ മനസിലാക്കിയതിലുള്ള അപാകത കാരണമാണ് ഈ വിധി ഉണ്ടായതെന്നും അതിനാലാണ് ഈ ഖണ്ഡിക എടുത്ത് മാറ്റുന്നതെന്നും ജസ്റ്റിസ് ഗോൽമെയ് ഗൈഫുൽശില്ലു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. റിട്ട് ഹർജി പരിഗണിക്കുന്ന സമയത്ത് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ ഹർജിക്കാർ പരാജയപ്പെട്ടു എന്നും നിയമത്തെ തെറ്റിദ്ധരിച്ചതിലൂടെയാണ് വിധി ഉണ്ടായതെന്നും കോടതി അഭിപ്രായപ്പെട്ടു.
2023 മാർച്ച് 27 നാണ് മെയ്തി സമുദായത്തെ എസ്ടി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതേ തുടർന്ന് മെയ്തി, കുക്കി സമുദായങ്ങൾ തമ്മിൽ കലാപം ആരംഭിക്കുകയും 200ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 2023 മെയ് 3 മുതലാണ് രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. ഇപ്പോഴും ഇടയ്ക്കിടെ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
സുപ്രീം കോടതി വിധി പ്രകാരം ഒരു ഗോത്രവർഗത്തെയും എസ്ടി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ജുഡീഷ്യൽ നിർദ്ദേശം നൽകാനാവില്ല. അത് രാഷ്ട്രപതിയുടെ മാത്രം അവകാശമാണ്.