സാഹിത്യം
എഴുത്തിലെ വിഷാദഛായകൾ
സങ്കീർണമെങ്കിലും ഹൃദ്യമായ ആഖ്യാനരീതികൊണ്ട് സഹൃദയലോകത്തെ ആകർഷിച്ച നോവലാണ് Leaves of Narcissus. ദേശാന്തരവാസവും കോളനിവത്കരണവും സാധാരണക്കാരായ ജനങ്ങളിൽ സൃഷ്ടിക്കുന്ന വിഹ്വലതകളും സ്വത്വപ്രതിസന്ധിയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നു.നോവലിലെ പ്രധാന കഥാപാത്രം കിമി എന്ന പെൺകുട്ടിയാണ്. അയർലാൻഡിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന അവൾ പടിഞ്ഞാറൻ സംസ്കൃതിയുടെ ഭാഗമായിത്തീരുന്നതിനൊപ്പം ദേശാന്തരവാസം സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധിയുടെ വ്യഥകൾ പേറുന്ന ഒരഭയാർഥിയുടെ മാനസിക നിലയിലേക്ക് താഴ്ന്നുപോകുന്നുമുണ്ട്. തുടർന്നുള്ള ജീവിതത്തിലുടനീളം ഈ വ്യഥ അവളെ ശ്വാസംമുട്ടിക്കുന്നു.
ഈജിപ്തിലെ പ്രമുഖ എഴുത്തുകാരി ഡോ. സൊമയ്യ റമദാൻ വിടവാങ്ങി. കഥാകൃത്തും നോവലിസ്റ്റും വിവർത്തകയും സാഹിത്യനിരൂപകയുമായ അവർ ഈജിപ്തിലെ ആർട്സ് അക്കാദമിയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. ഏറ്റവും മികച്ച അറബി നോവലിന് നൽകുന്ന നഗ്യീബ് മഹ്ഫൂസ് അവാർഡ് 2001 ൽ നേടിയ എഴുത്തുകാരിയാണ് സൊമയ്യ.
സൊമയ്യ യെഹിയ റമദാൻ ( Somaya Yehia Ramadan) 1951ൽ കെയ്റോവിൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം ഡബ്ലിനിലെ ട്രിനിറ്റി കോളജിൽനിന്നും അവർ ഡോക്ടറേറ്റും കരസ്ഥമാക്കി. തുടർന്ന് അധ്യാപകവൃത്തി തിരഞ്ഞെടുത്ത സൊമയ്യ അതോടൊപ്പം എഴുത്തിന്റെ മേഖലയിലേക്കും പ്രവേശിച്ചു. 1995ൽ പ്രസിദ്ധീകരിച്ച Brass and Wood എന്ന ചെറുകഥാസമാഹാരമാണ് അവരുടെ ആദ്യപുസ്തകം. 1999ൽ രണ്ടാമത്തെ കഥാസമാഹാരമായ Home of the Moon പ്രസിദ്ധീകരിച്ചു. 2001 ൽ വെളിച്ചം കണ്ട Leaves of Narcissus എന്ന നോവൽ ആ വർഷത്തെ പ്രശസ്തമായ നഗ്യീബ് മഹ്ഫൂസ് അവാർഡിന് സൊമയ്യയെ അർഹയാക്കി. വിഖ്യാത അറബി എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ നഗ്യീബ് മഹ്ഫൂസിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഈ പുരസ്‌കാരം അറബി ഭാഷയിൽ രചിക്കപ്പെട്ട ഏറ്റവും മികച്ച നോവലിനാണ് വർഷംതോറും നൽകിവരുന്നത്. പുരസ്‌കാരം ലഭിച്ചതിനെത്തുടർന്ന് സൊമയ്യയുടെ ഈ നോവൽ ഇംഗ്ലീഷിലേക്കും തുടർന്ന് ഫ്രഞ്ച് ഭാഷയിലേക്കും പരിഭാഷപ്പെടുത്തുകയുണ്ടായി. അറബി സാഹിത്യലോകത്ത് സൊമയ്യ എന്ന എഴുത്തുകാരിയുടെ സ്ഥാനം ഭദ്രമാക്കിയ നോവലാണ് Leaves of Narcissus.
സങ്കീർണമെങ്കിലും ഹൃദ്യമായ ആഖ്യാനരീതികൊണ്ട് സഹൃദയലോകത്തെ ആകർഷിച്ച നോവലാണ് Leaves of Narcissus. മോഡേണിസത്തിന്റെ സർവസാധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സൊമയ്യ ഈ നോവൽ രചിച്ചത്. സംശുദ്ധമായ ഭാഷയും ആകർഷകമായ രൂപവും ഈ രചനക്ക് നൽകുന്നത് അനുപമമായൊരു സൗന്ദര്യമാണ്. വായനക്കാരെ പിടിച്ചുനിർത്തുന്ന മായികമായ ആവിഷ്കാരശൈലി, പുതുമ നിറഞ്ഞ ആഖ്യാനം എന്നിവയും ഈ നോവലിന്റെ മുഖ്യസവിശേഷതയാണ്.
Leaves of Narcissus ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത മരിലിൻ ബൂത്ത് പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു. “ഈ നോവൽ വിവർത്തനം ചെയ്യാനൊരുമ്പെടുമ്പോൾ അതിയായ ആഹ്ലാദത്തിനൊപ്പം ചില ആശങ്കകളും എന്നെ മഥിച്ചിരുന്നു. കാരണം സൊമയ്യ റമദാൻ മികച്ച എഴുത്തുകാരി മാത്രമല്ല അത്രതന്നെ മികച്ച വിവർത്തകയുമാണ്. വിർജീനിയ വൂൾഫിനെപ്പോലെയുള്ളവരെ അറബ് ലോകത്ത് പരിചയപ്പെടുത്താൻ മാത്രം വൈദഗ്ധ്യം നേടിയ വ്യക്തിയാണ്. അവരുടെ, അതീവ ചേതോഹരമെങ്കിലും സങ്കീർണമായ ഈ നോവൽ വിവർത്തനം ചെയ്യുമ്പോൾ കൈക്കുറ്റപ്പാടുകൾ വല്ലതും സംഭവിക്കുമോ എന്ന ആശങ്കയായിരുന്നു എന്നെ പരിഭ്രമിപ്പിച്ചിരുന്നത്. എന്നാൽ നിറഞ്ഞ സൗഹൃദത്തോടും സ്നേഹത്തോടും കൂടി സൊമയ്യ ഈ ഉദ്യമത്തിൽ എന്നോട് സഹകരിച്ചപ്പോൾ വിവർത്തനം അനായാസമായി. ഊഷ്മളമായൊരു സൗഹൃദബന്ധത്തിന്റെ ആരംഭം കൂടിയായിരുന്നു അത്.
ദേശാന്തരവാസവും കോളനിവത്കരണവും സാധാരണക്കാരായ ജനങ്ങളിൽ സൃഷ്ടിക്കുന്ന വിഹ്വലതകളും സ്വത്വപ്രതിസന്ധിയും സൂക്ഷ്മമായി വിശകലനം ചെയ്യുന്ന നോവലാണ് Leaves of Narcissus. നോവലിലെ പ്രധാന കഥാപാത്രം കിമി എന്ന പെൺകുട്ടിയാണ്. അയർലാൻഡിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന അവൾ പടിഞ്ഞാറൻ സംസ്കൃതിയുടെ ഭാഗമായിത്തീരുന്നതിനൊപ്പം ദേശാന്തരവാസം സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധിയുടെ വ്യഥകൾ പേറുന്ന ഒരഭയാർഥിയുടെ മാനസിക നിലയിലേക്ക് താഴ്ന്നുപോകുന്നുമുണ്ട്. തുടർന്നുള്ള ജീവിതത്തിലുടനീളം ഈ വ്യഥ അവളെ ശ്വാസംമുട്ടിക്കുന്നു.
ഈജിപ്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വിവർത്തക കൂടിയായിരുന്നു സൊമയ്യ. വിർജീനിയ വൂൾഫിന്റെ A Room of One’s Own പോലെയുള്ള, ലോകത്തെ മികച്ച എഴുത്തുകാരുടെ നിരവധി രചനകൾ, പോസ്റ്റ് കൊളോണിയൽ വിഷയങ്ങൾ സംബന്ധിച്ചുള്ള വിഖ്യാതങ്ങളായ ലേഖനങ്ങൾ, പ്രശസ്തങ്ങളായ അമേരിക്കൻ നാടകങ്ങൾ എന്നിവ അവർ അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. എഴുപത്തിനാലുകാരിയായ സൊമയ്യ റമദാന്റെ നിര്യാണം ആകസ്മികമെന്നു പറയാനാവില്ല. എങ്കിലും കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ അവരുടെ തൂലികയിൽനിന്നും ഇനിയും ഒട്ടേറെ വിഖ്യാതങ്ങളായ രചനകൾ വായനക്കാർക്ക് ലഭിക്കുമായിരുന്നു എന്നത് വസ്തുതയാണ്.