Connect with us

book review

ഓർമകൾ ചരിത്രത്തിന്റെ മറുവായന

അമ്മയിൽ നിന്നു തുടങ്ങുന്ന ഈ ഓർമക്കുറിപ്പുകൾ, തന്റെ ഗ്രാമത്തിന്റെയും പരിസരദേശത്തിന്റെയും ഉള്ളടരുകളിലേക്കിറങ്ങി ദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ചരിത്രത്തിലേക്ക്‌ വികസിക്കുന്നു.നാട്ടുഭാഷയിലുള്ള കാവ്യാത്മകമായ സംഭാഷണങ്ങളും ഇടപെടലുകളും ഒരു കഥയിൽ എന്ന വണ്ണം മനോഹരമായി ഇതിൽ വിവരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു നോവൽ പോലെ വായിച്ചുപോകാം. ഒരു മെമ്മറി കാർഡിലും സൂക്ഷിച്ചുവെക്കാൻ പറ്റാത്ത അത്രയും ഓർമകളുടെയും ചരിത്രത്തിന്റെയും ബൃഹദ്‌ ശേഖരമാണല്ലോ ഓരോ ദേശവും.

Published

|

Last Updated

ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏത് പ്രതിസന്ധിയെയും മറികടക്കാൻ നമുക്ക് ഊർജപ്രവാഹമായി, ആത്മമിത്രത്തെ പോലെ കൂട്ടുവരുന്നത് ഓർമകളാണ്. ഓർമകൾ ഇല്ലാതായാൽ നമ്മളെ വീണ്ടെടുക്കാൻ പറ്റില്ല. “വന്ന വഴി മറന്നൊരാൾ’ എന്ന് അധിക്ഷേപം പോലെ പ്രയോഗിക്കുന്നത് അതുകൊണ്ടാണ്. ചരിത്രം വഴിതെറ്റി നിൽക്കുമ്പോൾ പുതിയ ദിശയിലേക്ക്‌ വിരൽചൂണ്ടാൻ, അധികാരത്തിന്റെ മേൽക്കോയ്മാ ഭാവത്തെ തിരുത്താൻ, ഓർമകളിലൂടെ വീണ്ടെടുക്കുന്ന സംഭവങ്ങളും മനുഷ്യരും വഴികാട്ടിയാവും.

അതുകൊണ്ടുതന്നെ ഓർമകൾ ചരിത്രത്തിന്റെ മറുവായന കൂടിയാണ്. ആ അർഥത്തിൽ ദേശ ചരിത്രത്തിൽ നിന്ന് കണ്ടെടുക്കുന്ന ഓരോ സാധാരണ മനുഷ്യരും ചരിത്ര പ്രാധാന്യമുള്ളവരാണ്. അത്തരമൊരു ഓർമയെഴുത്താണ് ദിജിൽകുമാറിന്റെ “ചെറുനനവുകൾ’ എന്ന പുസ്തകം. ഓർമയെഴുത്ത് ഇപ്പോൾ സാഹിത്യത്തിൽ കൂടുതൽ ഉണ്ടാവുകയും ഏറെ വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. “അൽഷിമേഴ്‌സ്’ ബാധിച്ച ഓർമകളുടെ നിരതെറ്റിയ അമ്മയുടെ അരികിൽ നിന്നാണ് ഓർമകൾ മറവിയിലേക്ക്‌ പോകാതെ കുറിച്ചിടണം എന്ന് ദിജിലിന്‌ തോന്നുന്നത്. അമ്മയിൽ നിന്നു തുടങ്ങുന്ന ഈ ഓർമക്കുറിപ്പുകൾ, തന്റെ ഗ്രാമത്തിന്റെയും പരിസരദേശത്തിന്റെയും ഉള്ളടരുകളിലേക്കിറങ്ങി ദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ചരിത്രത്തിലേക്ക്‌ വികസിക്കുന്നു. നാട്ടുഭാഷയിലുള്ള കാവ്യാത്മകമായ സംഭാഷണങ്ങളും ഇടപെടലുകളും ഒരു കഥയിൽ എന്ന വണ്ണം മനോഹരമായി ഇതിൽ വിവരിക്കുന്നു.

അതുകൊണ്ടുതന്നെ ഒരു നോവൽ പോലെ വായിച്ചുപോകാം. ഒരു മെമ്മറി കാർഡിലും സൂക്ഷിച്ചുവെക്കാൻ പറ്റാത്ത അത്രയും ഓർമകളുടെയും ചരിത്രത്തിന്റെയും ബൃഹദ്‌ ശേഖരമാണല്ലോ ഓരോ ദേശവും.

പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നതുപോലെ “എവിടെന്നോ തുടങ്ങി എവിടെക്കോ ഒഴുകുന്ന’ ആരാലും അടയാളപ്പെടുത്താതെ പോകുന്ന എന്നാൽ ചരിത്രപ്രാധാന്യമുള്ള മനുഷ്യരാണ് ഈ പുസ്തകത്തിൽ നിറയെ. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പരസ്പരം താങ്ങും തണലുമായി ഇഴചേരുന്ന ഗ്രാമീണ മനുഷ്യരുടെ സാധാരണ ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും തമാശകളും സങ്കടങ്ങളും പറഞ്ഞുതീരാത്ത കഥകളുമാണ് ദിജിൽകുമാർ ഇതിൽ ഓർമിച്ചെഴുതുന്നത്.അതുകൊണ്ടുതന്നെ ക്രമബന്ധിതമായി വികസിക്കുന്ന ഒന്നല്ല ഇതിലെ എഴുത്തുകൾ.

പലയിടങ്ങളിൽ നിന്നും പല കാലങ്ങളിൽനിന്നും അനേകം മനുഷ്യരും അനേകം ജീവജാലങ്ങളും ഇതിൽ കയറിയിറങ്ങി പോകുന്നു. അവരുടെ സ്‌നേഹബന്ധങ്ങളെയും ജീവിതസംഘർഷങ്ങളെയും ചേർത്തുനിർത്താനും രേഖപ്പെടുത്താനുമുള്ള ശ്രമം ഈ ഓർമക്കുറിപ്പുകളിൽ കാണാം.
ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ നമ്മളും നമ്മുടെ ഓർമയെ വീണ്ടെടുക്കും; തീർച്ച. ഈ”ചെറുനനവുകൾ’വായിച്ച് മടക്കിവെക്കുമ്പോൾ നമ്മൾ പിന്തുടരുന്ന ഓർമകളുടെ സാമീപ്യങ്ങൾ, അതിന്റെ ആർദ്രത നമ്മളെയും തൊട്ടു നനയ്ക്കാതിരിക്കില്ല.
പ്രസാധകർ ഗ്രാമം ബുക്‌സ്‌. വില 290 രൂപ

Latest