Connect with us

ഓർമ

തലപ്പാറ തങ്ങള്‍; നന്മയുടെ പാഠങ്ങളുള്ള റഫറന്‍സ് ഗ്രന്ഥം

പൊതുരംഗത്ത് മാത്രമല്ല കുടുംബ വിഷയങ്ങളിലും അവസാന വാക്കായിരുന്നു തങ്ങൾ

Published

|

Last Updated

തലപ്പാറ തങ്ങള്‍. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ കുളിര്‍തെന്നല്‍ വീശിയടിക്കും. സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും പ്രചോദനത്തിന്റെയും ഉത്തമ പര്യായമായിരുന്നു ആ വലിയ മനുഷ്യന്‍. അവിടുന്ന് ഓര്‍മയായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇന്ന് (1443 സഫര്‍ ഒന്‍പത്) ഒന്നാം ആണ്ട് ദിനം.

അനേകായിരങ്ങള്‍ക്ക് ആത്മീയ വെളിച്ചവും സാന്ത്വനവും പകര്‍ന്ന മഹാമനീഷിയായിരുന്നു മര്‍ഹൂം തലപ്പാറ പി കെ എസ് പൂക്കോയ തങ്ങള്‍. നീറുന്ന പ്രശ്നങ്ങളുമായി തന്റെ മുന്നിലെത്തുന്നവര്‍ക്ക് വലിയ അത്താണിയായിരുന്നു അദ്ദേഹം. ആയുര്‍വേദ, ആത്മീയ ചികിത്സാ രംഗത്ത് നാലു പതിറ്റാണ്ട് നിറഞ്ഞു നിന്ന തങ്ങളെ തേടി ജാതി, മത ഭേദമന്യേ ആളുകള്‍ എത്തിയിരുന്നു. ആത്മീയ ഉപദേശങ്ങള്‍ വേണ്ടവര്‍ക്ക് അത്, മരുന്ന് വേണ്ടവര്‍ക്ക് അത്, സാമ്പത്തികമായി പ്രതിസന്ധിയാണെങ്കില്‍ കൈയയച്ചുള്ള സഹായം… ഓരോരുത്തര്‍ക്കും ഓരോ നിലയിലായിരുന്നു തങ്ങള്‍ അനുഭവപ്പെട്ടിരുന്നത്.

ആത്മാര്‍ഥതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. നേതൃസ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് അഹ്ലു സ്സുന്നത്തി വല്‍ജമാഅത്തിനെ വളര്‍ത്താന്‍ തങ്ങള്‍ മുന്നില്‍ നിന്നു. മുട്ടിച്ചിറ മഹല്ലില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്റസയും, പള്ളിയും സ്ഥാപിക്കുകയും സുന്നി സംഘടനകളെ കെട്ടുറപ്പോടെ ചലിപ്പിക്കുകയും ചെയ്ത അദ്ദേഹം സുന്നി സംഘടനാ രംഗത്തെ മികച്ച മാതൃകയായിരുന്നു. ശാരീരികമായും മാനസികമായും മാത്രമല്ല; സാമ്പത്തികമായും സംഘടന പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം പകര്‍ന്നിരുന്നു തങ്ങള്‍.

ആരോടും വശ്യമായും പുഞ്ചിരിയോടെയും പെരുമാറിയിരുന്ന തങ്ങളുടെ സ്വഭാവ മഹിമ എടുത്തുപറയേണ്ടതാണ്. സംഘടനാ രംഗത്തും മറ്റും എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ പോലും തങ്ങളെ കണ്ടാല്‍ ആദരവോടെ പെരുമാറിയതിന് കാരണം ആ സ്വഭാവമഹിമ തന്നെയാണ്. പൊതുരംഗത്ത് മാത്രമല്ല കുടുംബ വിഷയങ്ങളിലും അവസാന വാക്കായിരുന്നു തങ്ങള്‍. ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും കുടുംബവീടുകളില്‍ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തിയും ക്ഷേമാന്വേഷണം നടത്തിയും അദ്ദേഹം കുടുംബ ബന്ധത്തിന്റെ വില മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി. കുടുംബത്തില്‍ പ്രായമായവരോ രോഗികളോ ഉണ്ടെന്ന് കേട്ടാല്‍ ഓടിയെത്തുകയും വേണ്ട ശുശൂഷകളും സാമ്പത്തിക സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്യുന്നത് തങ്ങളുടെ പതിവായിരുന്നു.

തങ്ങളുടെ ജീവിതം വലിയൊരു റഫറന്‍സ് ഗ്രന്ഥമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാ നന്മകളുടെയും പാഠങ്ങളുള്ള വലിയ പാഠപുസ്തകം. ഒരു മനുഷ്യന്‍ എങ്ങിനെ ജീവിക്കണമെന്ന് ഒറ്റനോട്ടത്തില്‍ വിവരിക്കുന്ന തെളിച്ചമുള്ള അധ്യായങ്ങളാണ് ആ പുസ്തകത്തില്‍ നിറയെ. ഭൗതികമായും ആത്മീയമായും ഒരു പോലെ വിജയം നേടുകയെന്നത് അപൂര്‍വം ആളുകള്‍ക്ക് മാത്രം സാധിക്കുന്നതാണ്. ഭൗതികതക്ക് പിന്നാലെ പോകുമ്പോള്‍ ആത്മീയത നഷ്ടപ്പെടും. ആത്മീയതക്ക് പിന്നാലെ പോകുമ്പോള്‍ ഭൗതികതയും. അതാണ് പലരുടെയും അനുഭവം. എന്നാല്‍ ഇതു രണ്ടും പരസ്പര പൂരകമായി എങ്ങനെ കൊണ്ടുപോകാമെന്ന് തങ്ങള്‍ ജീവിച്ചു കാണിച്ചു.

കേളത്തിലെ പ്രസിദ്ധമായ സയ്യിദ് വംശമായ പാറക്കടവ് തുറാബ് കുടുംബത്തിലെ കാരണവര്‍ കൂടിയായിരുന്ന തങ്ങള്‍ മര്‍കസ്, മലപ്പുറം മഅദിന്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ സജീവ സഹകാരിയായിരുന്നു. കാരന്തൂര്‍ സുന്നി മര്‍കസ്, മലപ്പുറം മഅദിന്‍, ഫറോക് ഖാദിസിയ്യ സെന്റര്‍, മുട്ടിച്ചിറ മജ്മഉ ദഅവത്തി സുന്നിയ്യ, വെളിമുക്ക് വാദിബദ്ര്, തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങളുടെ നേതൃ നിരയില്‍ പ്രവര്‍ത്തിച്ചു.

മര്‍കസ് സമ്മേളന സ്വാഗത സംഘം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1442 സഫര്‍ ഒന്‍പതിനാണ് (2020 സെപ്തംബര്‍ 27) തങ്ങളുടെ അപ്രതീക്ഷിത വിയോഗം. ഞങ്ങള്‍ കുടുംബങ്ങള്‍ക്ക് ഇന്നും ആ മരണം ഉള്‍ക്കൊള്ളാനായിട്ടില്ല. ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ അവിടുത്തെ അദൃശ്യ സാന്നിധ്യമുമെണ്ടന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവിടുത്തെ ആത്മീയ പ്രഭാവലയം ഇനിയങ്ങോടുള്ള ജീവിതത്തിലും വഴികാട്ടിയാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. അല്ലാഹു നാളെ അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ തങ്ങള്‍ക്ക് ഒപ്പം നമ്മളെ എല്ലാം സന്തോഷത്തോടെ ഒരുമിച്ചുകൂട്ടട്ടെ.. ആമീന്‍.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest