Connect with us

Uae

മെന മേഖല സാമ്പത്തിക കുതിപ്പിലേക്ക്; വൈവിധ്യവത്കരണം ഗൾഫിന് ഗുണം

2025-ൽ സഊദി അറേബ്യയുടെ ജിഡിപി 2.8 ശതമാനവും 2026-ൽ 4.5 ശതമാനവും വളർച്ച കൈവരിക്കും.

Published

|

Last Updated

ദുബൈ|ഈ വർഷം മധ്യ പൗരസ്ത്യ, വടക്കൻ ആഫ്രിക്കൻ മേഖല സാമ്പത്തിക വളർച്ച നേടുമെന്ന് വിദഗ്ധർ. ഗൾഫിൽ ഖത്വറും യു എ ഇയും കുതിപ്പ് നടത്തും. എന്നാൽ അമേരിക്ക പ്രഖ്യാപിച്ച വ്യാപാരയുദ്ധം, ആഗോള സമ്പദ്്വ്യവസ്ഥയിലെ മാന്ദ്യം, അസംസ്‌കൃത എണ്ണ വിലയിലെ ചാഞ്ചാട്ടം എന്നിവ പ്രതീക്ഷകൾ അനിശ്ചിതത്വത്തിലാക്കിയേക്കാമെന്നു ലോക ബേങ്ക് കരുതുന്നു. ഗസ്സയിലും ലെബനനിലും രൂക്ഷമായ സംഘർഷം മൂലം സമ്പദ്്വ്യവസ്ഥ കൂപ്പുകുത്തിയിരുന്നു. സംഘർഷം കുറഞ്ഞാൽ ആ പ്രദേശങ്ങളും ഉയർത്തെഴുന്നേൽക്കും. ഈ വർഷം, മേഖലയിലെ  മൊത്ത ആഭ്യന്തര ഉൽപാദനം 2.6 ശതമാനം വളരുമെന്നും 2026 ൽ 3.7 ശതമാനമായി ഉയരുമെന്നും വാഷിംഗ്ടൺ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ബാങ്കായ മെന ഇക്കണോമിക് ചൂണ്ടിക്കാട്ടി.

അതേസമയം ലോക ബാങ്കിന്റെ ഏറ്റവും പുതിയ പ്രവചനം പ്രതീക്ഷ പകരുന്നില്ല. ഒക്ടോബറിൽ പ്രവചിച്ചതിനേക്കാൾ 1.3 ശതമാനം കുറവാണ്. യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ താരിഫ് സമൂലമായ മാറ്റം വരുത്തുന്നു. സമ്പദ്്വ്യവസ്ഥയെക്കുറിച്ചുള്ള ഹ്രസ്വകാല വീക്ഷണത്തെ ബാധിച്ചു. ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, ആഗോള വളർച്ച കഴിഞ്ഞ വർഷത്തെ 3.3 ശതമാനത്തിൽ നിന്ന് ഈ വർഷം 2.8 ശതമാനമായി കുറയുമെന്ന് ഐ എം എഫ് പ്രവചിക്കുന്നു. ജനുവരിയിലെ പ്രവചനത്തേക്കാൾ അര ശതമാനം കുറവ്. അടുത്ത വർഷം വളർച്ച 3 ശതമാനമായി വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യ പൗരസ്ത്യ ദേശത്തും മധ്യേഷ്യയിലും ഈ വർഷം 3 ശതമാനവും 2026 ൽ 3.5 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു.

ലോകത്തിലെ എണ്ണ ശേഖരത്തിന്റെ മൂന്നിലൊന്ന് വരുന്ന ജി സി സിയുടെ ആറ് അംഗ സാമ്പത്തിക കൂട്ടായ്മ ഈ വർഷം 3.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കുന്നു. 2025-ൽ സഊദി അറേബ്യയുടെ ജിഡിപി 2.8 ശതമാനവും 2026-ൽ 4.5 ശതമാനവും വളർച്ച കൈവരിക്കും. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ യു എ ഇ ഈ വർഷം 4.6 ശതമാനവും അടുത്ത വർഷം 4.9 ശതമാനവും വളർച്ച നേടും. “എണ്ണ ഇതര മേഖലകൾ വികസിപ്പിക്കുന്നതിനായി വൈവിധ്യവൽക്കരണ ശ്രമങ്ങൾ തുടരും, പ്രത്യേകിച്ച് ഒമാൻ, ഖത്വർ, സഊദി അറേബ്യ, യു എ ഇ എന്നിവ.’ ലോക ബേങ്ക് പറഞ്ഞു.