ലോക ആര്‍ത്തവവിരാമ ദിനം
ആര്‍ത്തവവിരാമം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
45 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ സാധാരണയായി സംഭവിക്കുന്ന ഒന്നാണ് ആര്‍ത്തവ പ്രവര്‍ത്തനങ്ങളുടെ വിരാമം.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 18 ലോക ആര്‍ത്തവവിരാമ ദിനമായാണ് ആചരിക്കുന്നത്. ആര്‍ത്തവവിരാമത്തെക്കുറിച്ചും ആരോഗ്യം സംരക്ഷിക്കുന്നതിനെക്കുറിച്ചും അവബോധം നല്‍കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
ആര്‍ത്തവവിരാമം
സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട ഘട്ടമാണ് ആര്‍ത്തവവിരാമം. ആര്‍ത്തവവിരാമം നിരവധി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്നു. 45 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ സാധാരണയായി സംഭവിക്കുന്ന ഒന്നാണ് ആര്‍ത്തവ പ്രവര്‍ത്തനങ്ങളുടെ വിരാമം. ആര്‍ത്തവവിരാമത്തിന്റെ ശരാശരി പ്രായം 46 വയസ്സാണ്. എന്നാല്‍ ഇത് 40 നും 54 നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഓരോ സ്ത്രീകളിലും വ്യത്യസ്തമായ രീതിയിലാണ് ആര്‍ത്തവ വിരാമം സംഭവിക്കുക. ചില സ്ത്രീകള്‍ക്ക് ഒന്നോ അതിലധികമോ പിരീഡുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടാം അല്ലെങ്കില്‍ കാലതാമസം ഉണ്ടാകാം. അതേപോലെ ആര്‍ത്തവ രക്തത്തിന്റെ അളവിലും മാറ്റം വരാം. ഒരു വര്‍ഷത്തോളം ആര്‍ത്തവം ഇല്ലാതിരിക്കുന്നതുംആര്‍ത്തവ വിരാമത്തെയാണ് സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള ലക്ഷണങ്ങളോടെയാണ്് ഓരോ സ്ത്രീകളിലും ആര്‍ത്തവ വിരാമം ഉണ്ടാകുന്നത്. കൃത്യമല്ലാത്ത ആര്‍ത്തവം, ശരീരത്തിന് ചൂട് അനുഭവപ്പെടുക, വിയര്‍ക്കുക, ഉറക്കമില്ലായ്മ, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, നടുവേദന തുടങ്ങി പലതരം ലക്ഷണങ്ങളാണ് സ്ത്രീകളുടെ ശരീരം ഈ സമയത്ത് പ്രകടിപ്പിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ആര്‍ത്തവവിരാമ സമയത്ത്പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നിറഞ്ഞതാണ് പഴങ്ങളും പച്ചക്കറികളും.
2.ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഇലക്കറികള്‍, ബീന്‍സ്, ധാന്യങ്ങള്‍ എന്നിവയും കഴിക്കേണ്ടതാണ്. പാലുല്‍പ്പന്നങ്ങളും ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങളും പോഷകാഹാരത്തിന്റെ നല്ല ഉറവിടങ്ങളാണ്.
3. ഭക്ഷണത്തില്‍ ഫൈറ്റോ ഈസ്ട്രജന്‍ ചേര്‍ക്കുക. ശരീരത്തിലെ ഈസ്ട്രജന്റെ ഫലങ്ങളെ അനുകരിക്കുന്ന പ്രകൃതിദത്തമായ സസ്യ സംയുക്തങ്ങളാണ് ഇവ. ഇത് ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. സോയാബീന്‍, ടോഫു, ഫ്‌ളാക്‌സ് സീഡുകള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഫൈറ്റോ ഈസ്ട്രജന്റെ മികച്ച ഉറവിടങ്ങളാണ്.
4. ഈസ്ട്രജന്റെ അളവ് കുറയുന്നത് അസ്ഥികളുടെ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ധിപ്പിക്കും. ഈ സമയത്ത് എല്ലുകളുടെ ബലം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
5. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിക്കുക, വിറ്റാമിന്‍ ഡിയുടെ മതിയായ അളവ് ഉറപ്പാക്കുക.
6. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ചര്‍മ്മത്തിലെ ജലാംശം കുറയുന്നതിന് കാരണമാകുന്നു. ചര്‍മ്മം മൃദുലമാക്കാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും ധാരാളം വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. ആര്‍ത്തവവിരാമ സമയത്ത് മസാലകള്‍, കഫീന്‍, മദ്യം, പുകവലി തുടങ്ങിയവ ഒഴിവാക്കുക.
7. പതിവായി വ്യായാമം ചെയ്യുക. പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരീരഭാരം നിയന്ത്രിക്കാനും മാനസികാവസ്ഥ വര്‍ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.