National
ആർത്തവം; ദളിത് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു
എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്.

കോയമ്പത്തൂർ | ആർത്തവം ഉണ്ടായതിന്റെ പേരിൽ ദളിത് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു. കോയമ്പത്തൂർ സെംഗുട്ടൈപാളയം ഗ്രാമത്തിലെ സ്വാമി ചിദ്ഭാവാനന്ദ മെട്രിക് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. വിദ്യാർത്ഥിനി അമ്മയോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ആർത്തവം തുടങ്ങിയതിനെ തുടർന്ന് ഏപ്രിൽ 7, 9 തീയതികളിൽ പെൺകുട്ടിയെ ക്ലാസിന് പുറത്തിരുത്തി പരീക്ഷയെഴുതിക്കുകയായിരുന്നു. ഏപ്രിൽ 9 ന് പരീക്ഷ നടക്കുന്നതിനിടെ പെൺകുട്ടിയുടെ അമ്മ സ്കൂളിലെത്തി മകൾ ക്ലാസിന് പുറത്ത് ഇരിക്കുന്നത് കാണുകയും ഇതിന്റെ വീഡിയോ എടുക്കുകയും ചെയ്തു. ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ അധികൃതർ സംഭവത്തിൽ ഇടപെട്ടു.
സംഭവത്തിൽ കോയമ്പത്തൂർ റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചതായി കോയമ്പത്തൂർ ജില്ലാ കളക്ടർ പവൻകുമാർ ജി ഗിരിയപ്പനവർ അറിയിച്ചു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂളിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വീഡിയോ വൈറലായതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ വിദ്യാഭ്യാസ അധികാരികളെയും സമീപിച്ചു. കൂടാതെ, പ്രാദേശിക ഗ്രാമവാസികൾ പോളച്ചി സബ് കളക്ടറെ കണ്ട് സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരുടെ ഈ വിവേചനപരമായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.