Connect with us

Kerala

അതിദരിദ്രർക്കിടയിൽ മാനസികരോഗം വ്യാപകം; ഇടപെടൽ വേണമെന്ന് പഠനം

വീട്ടിൽ മാനസികരോഗമുള്ളവർ ഉണ്ടാകുമ്പോൾ, മറ്റ് അംഗങ്ങളുടെ പരിചരണ ചുമതലകൾ വർധിക്കുന്നുവെന്നും ഇതുകാരണം നിരവധി സ്ത്രീകൾ അവരുടെ ജോലി ഉപേക്ഷിക്കുന്നതായും കണ്ടെത്തി

Published

|

Last Updated

കൊച്ചി | സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുള്ള അതി ദരിദ്ര കുടുംബങ്ങളിൽ നാലിലൊന്നിൽ മാനസിക രോഗമുള്ള ഒരംഗമുണ്ടെന്ന് പഠനം. അവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ അപര്യാപ്തത ഈ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണെന്നും കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇത്തരം കുടുംബങ്ങളെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്നായി മാനസികരോഗം ഉൾപ്പെടുത്തിയത് ഇവരുടെ ഉയർന്ന അനുപാതത്തിന് ഒരു കാരണമാണെന്നും പഠനം പറയുന്നു.

അതിദരിദ്ര കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ളതും ഗണ്യമായ ആദിവാസി ജനസംഖ്യയുള്ളതുമായ വടക്കൻ കേരളത്തിലെ പനമരം, തെക്കൻ കേരളത്തിൽ ഗണ്യമായ മത്സ്യത്തൊഴിലാളി ജനസംഖ്യയുള്ള ആലപ്പാട്, മധ്യകേരളത്തിലെ നഗരസാമീപ്യമുള്ള ഗ്രാമപഞ്ചായത്തായ അശമന്നൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിപുലമായ രീതിയിൽ പഠനം നടത്തിയത്. വീട്ടിൽ മാനസികരോഗമുള്ളവർ ഉണ്ടാകുമ്പോൾ, മറ്റ് അംഗങ്ങളുടെ പരിചരണ ചുമതലകൾ വർധിക്കുന്നുവെന്നും ഇതുകാരണം നിരവധി സ്ത്രീകൾ അവരുടെ ജോലി ഉപേക്ഷിക്കുന്നതായും കണ്ടെത്തി. പലർക്കും ജോലിക്ക് ശ്രമിക്കാൻ പോലും കഴിയാതെ വരുന്നു. പരിചരിക്കുന്നവർ പ്രായമായ മാതാപിതാക്കൾ ആയിരിക്കുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു. പരിചരിക്കുന്നവരുടെ മരണം ഈ വിഭാഗത്തിലുള്ള ജനങ്ങളെ ഒറ്റക്കാവുന്ന അവസ്ഥയിലേക്ക് നയിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. മാനസികരോഗം ഉള്ളവർ പൊതുവെ തൊഴിൽ ചെയ്യുന്നവരല്ല. അതിദാരിദ്ര്യ നിർമാർജനത്തിനായി നിലവിലുള്ള പദ്ധതികളിൽ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വളരെ പരിമിതമായ വ്യവസ്ഥകളാണുള്ളത്.

ഇവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള സംരംഭങ്ങളിൽ മാനസിക രോഗങ്ങൾ വളരെ അപൂർവമായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂവെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പഠനസംഘത്തോട് പറഞ്ഞു.ഗവേഷകരായ അതുൽ എസ് ജി, ഡോ. എൻ അജിത് കുമാർ, ഡോ. പാർവതി സുനൈന, നാഗരാജൻ ആർ ദുരൈ, ബിബിൻ തമ്പി എന്നിവരായിരുന്നു പഠനം നടത്തിയത്.

Latest