National
സനാതനധര്‍മ പരാമര്‍ശം; ഉദയനിധി സ്റ്റാലിന് സമന്‍സ് അയച്ച് പട്‌ന കോടതി
ഫെബ്രുവരി 13ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം
ന്യൂഡല്‍ഹി| സനാതനധര്‍മ പരാമര്‍ശത്തില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് സമന്‍സ്. പട്ന കോടതിയാണ് സമന്‍സ് അയച്ചത്. ഫെബ്രുവരി 13ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന പട്നയിലെ പ്രത്യേക കോടതിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പട്ന ഹൈക്കോടതിയിലെ അഭിഭാഷകനായ കൗശലേന്ദ്ര നാരായണന്‍, മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുനാല്‍ എന്നിവരുടെ ഹരജിയിലാണ് സമന്‍സ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബറില്‍ ചെന്നൈയില്‍ വെച്ച് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശമാണ് ദേശീയ തലത്തില്‍ വലിയ വിവാദമായത്. ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും’. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.