First Gear
മെഴ്‌സിഡസ് ബെന്‍സ് ഇക്യുഇ 500 4മാറ്റിക് ഇലക്ട്രിക് എസ്യുവി ഇന്ത്യയിലെത്തി
1.39 കോടി രൂപ എക്സ് ഷോറൂം വിലയാണ് വാഹനത്തിനുള്ളത്.
ന്യൂഡല്‍ഹി| മെഴ്സിഡസ് ബെന്‍സ് ഓള്‍-ഇലക്ട്രിക് എസ്യുവിയായ ഇക്യുഇ 500 4മാറ്റിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച റേഞ്ചും ലക്ഷ്വറി ഫീച്ചറുകളുമായാണ് ഈ കാര്‍ എത്തുന്നത്. 1.39 കോടി രൂപ എക്സ് ഷോറൂം വിലയാണ് വാഹനത്തിനുള്ളത്. ഇക്യുബി, ഇക്യുഎസ് എന്നിവയ്ക്കുശേഷം മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ച മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ് മെഴ്‌സിഡസ് ബെന്‍സ് ഇക്യുഇ 500 4മാറ്റിക്. കമ്പനി ഇക്യുഇ ഇലക്ട്രിക് എസ്യുവിയുടെ ബാറ്ററിക്ക് 10 വര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്.
മെഴ്‌സിഡസ് ബെന്‍സ് ഇക്യുഇ 500 4മാറ്റിക് ഇന്ത്യയില്‍ ഒരു സിബിയു അഥവാ കംപ്ലീറ്റ്‌ലി ബിള്‍ഡ് യൂണിറ്റായിട്ടാണ് വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഫ്രാഞ്ചൈസി നെറ്റ്വര്‍ക്കിന് പുറത്തുള്ള 150ല്‍ അധികം ഡിസി ചാര്‍ജറുകളിലേക്ക് ആക്സസ് നല്‍കുന്നതിനായി ഈ വാഹനം പുതിയ ആപ്പിലൂടെ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. ഈ വാഹനത്തിലെ എയര്‍ സസ്‌പെഷന്‍ ഉപയോഗിച്ച് 25 എംഎം ഉയരം വര്‍ധിപ്പിക്കാന്‍ കഴിയും. മെഴ്‌സിഡസ് ബെന്‍സ് ഇക്യുഇ 4മാറ്റിക് എസ്യുവിയില്‍ ഡ്യുവല്‍ മോട്ടോറും ഓള്‍-വീല്‍ ഡ്രൈവ് സെറ്റപ്പുമാണുള്ളത്. ഓഫ്-റോഡ് പാക്കേജും ഈ വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.
ഈ ഇലക്ട്രിക് എസ്യുവിക്ക് കരുത്ത് നല്‍കുന്നത് 90.56 കെഡബ്ല്യുഎച്ച് ബാറ്ററിയാണ്. വാഹനം 550 കിലോമീറ്റര്‍ വരെ റേഞ്ചും 408 എച്ച്പി പവറും 858 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് എസ്യുവി 4.9 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വരെ വേഗതയും കൈവരിക്കുന്നു. വാഹനത്തിന്റെ ഉയര്‍ന്ന വേഗത 210 കിലോമീറ്ററാണ്.