Connect with us

First Gear

മെഴ്‌സിഡസ് ബെന്‍സിന്റെ പൂര്‍ണ ഇലക്ട്രിക് വാഹനം ഇക്യുഎസ് ഈ വര്‍ഷം ഇന്ത്യയിലെത്തും

വാഹനത്തെ കമ്പനി പ്രാദേശികമായി അസംബിള്‍ ചെയ്യും.

Published

|

Last Updated

ന്യൂഡല്‍ഹി| ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ ഇലക്ട്രിക് വാഹന ബ്രാന്‍ഡാണ് ഇക്യു. ബെന്‍സിന്റെ പൂര്‍ണ ഇലക്ട്രിക് വാഹനമാണ് മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ്. ഈ മോഡല്‍ ഈ വര്‍ഷം ഇന്ത്യയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനത്തെ കമ്പനി പ്രാദേശികമായി അസംബിള്‍ ചെയ്യും. 2022-ല്‍ മഹാരാഷ്ട്രയിലെ ചക്കനിലുള്ള പ്ലാന്റില്‍ വരാനിരിക്കുന്ന ഇക്യുഎസ് ഇവി സെഡാന്‍ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എസ്-ക്ലാസ് പോലുള്ള ആഡംബര ലിമോസിനുകളുടെ പ്രാദേശിക അസംബ്ലിംഗാണ് കമ്പനി ആദ്യം ആരംഭിച്ചത്. ഇത് പിന്നീട് സൂപ്പര്‍-ലക്ഷ്വറി മെയ്ബാക്കിലേക്കും ഉയര്‍ന്ന പ്രകടനമുള്ള എഎംജി ബ്രാന്‍ഡുകളിലേക്കും വ്യാപിച്ചു. മെഴ്സിഡസ് ബെന്‍സ് ഇപ്പോള്‍ ഹൈടെക് ലക്ഷ്വറി ഇവികളുടെ ലോകത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. 2022-ല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന 10 പുതിയ മെഴ്സിഡസ് മോഡലുകളില്‍ ഒന്നായിരിക്കും ഇക്യുഎസ്.

മെഴ്‌സിഡസിന്റെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ലക്ഷ്വറി ലിമോസിനാണ് ഇക്യുഎസ്. എസ് ക്ലാസ് സെഡാന്റെ ഇലക്ട്രിക് വകഭേദമാണ് ഇക്യുഎസ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി മെഴ്‌സിഡസ് ബെന്‍സ് വികസിപ്പിച്ച ഇവിഎ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കുന്ന ആദ്യ വാഹനമാണ് ഇക്യുഎസ് സെഡാന്‍. ഡബ്ല്യുഎല്‍ടിപി അനുസരിച്ച് ഏകദേശം 478 മൈല്‍ അഥവാ 770 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വകഭേദങ്ങളിലാണ് 2022 മെഴ്സിഡസ് ഇക്യുഎസ് ആഗോള വിപണിയില്‍ ലഭിക്കുന്നത്. രണ്ട് വേരിയന്റുകളും ഉപയോഗിക്കുന്നത് 108.7 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ്.

എംബിയുഎക്സ് ഹൈപ്പര്‍സ്‌ക്രീന്‍ ലഭിച്ച ആദ്യ മെഴ്സിഡസ് ബെന്‍സ് കാര്‍ കൂടിയാണ് ഈ ഫുള്‍ സൈസ് ഫ്‌ളാഗ് ഷിപ്പ് സെഡാന്‍. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മധ്യഭാഗത്തെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പാസഞ്ചറുടെ ഭാഗത്തെ ടച്ച്സ്‌ക്രീന്‍ എന്നീ മൂന്ന് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേകള്‍ ഉള്‍പ്പെടുന്ന വലിയ ഗ്ലാസ് ഡാഷ്ബോര്‍ഡാണ് എംബിയുഎക്സ് ഹൈപ്പര്‍സ്‌ക്രീന്‍. അതേസമയം ഇക്യുഎസ്‌ന്റെ ഏത് പതിപ്പാണ് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്ന് നിലവില്‍ വ്യക്തമല്ല.

കാര്‍ പുറത്തിറക്കുന്നതിന് മുമ്പ് തന്നെ മെഴ്സിഡസ് ഇക്യുഎസ് ലോക്കല്‍ അസംബ്ലി പ്രഖ്യാപിച്ചത് ഒരു വലിയ ചുവടുവെപ്പാണ്. ഇന്ത്യയിലെ ഇവികളോടുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഒരു പ്രദര്‍ശനം കൂടിയാണിത്. ഇക്യുഎസ്‌നൊപ്പം ഇവി ലോക്കല്‍ അസംബ്ലി ആരംഭിക്കുന്നതോടെ, അതേ ഇവിഎ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച വരാനിരിക്കുന്ന മെഴ്‌സിഡസ് ഇക്യുഇ പോലെയുള്ള ഭാവി ഇലക്ട്രിക്ക് മോഡലുകള്‍ക്കും പ്രാദേശികമായി എളുപ്പത്തില്‍ അസംബിള്‍ ചെയ്യാനുള്ള വാതിലും കൂടിയാണ് കമ്പനി തുറക്കുന്നത്.

Latest