First Gear
വിഷന്‍ ഇക്യുഎക്‌സ്എക്‌സ് പുറത്തിറക്കി മെഴ്സിഡസ് ബെന്‍സ്
ഒറ്റ ചാര്‍ജില്‍ ആയിരം കിലോമീറ്ററിലധികം അവകാശവാദത്തോടെയാണ് ഇക്യുഎക്‌സ് എക്‌സ് എത്തുന്നത്.
ന്യൂഡല്‍ഹി| ലാസ് വെഗാസില്‍ നടന്നുകൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2022ല്‍ ജര്‍മ്മന്‍ ആഡംബര വാഹനമായ മെഴ്സിഡസ് ബെന്‍സ് അതിന്റെ ഇലക്ട്രിക് കണ്‍സെപ്റ്റ് കാര്‍ വിഷന്‍ ഇക്യുഎക്‌സ്എക്‌സ് അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ ആയിരം കിലോമീറ്ററിലധികം സഞ്ചരിക്കുമെന്ന അവകാശവാദത്തോടെയാണ് ഇക്യുഎക്‌സ് എക്‌സ് എത്തുന്നത്. ഇക്യുഎക്‌സ് എക്‌സ് ഇലക്ട്രിക് വാഹനങ്ങളിലെ കാര്യക്ഷമതയുടെയും റേഞ്ചിന്റെയും പരിധികള്‍ വര്‍ധിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
2022 മെഴ്സിഡസ് വിഷന്‍ ഇക്യുഎക്‌സ്എക്‌സ് ഒരു റിയലിസ്റ്റിക് കണ്‍സെപ്റ്റ് കാറാണ്. പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം എന്നതും ഈ കാറിന്റെ പ്രത്യേകതയാണ്. വിഷന്‍ ഇക്യുഎക്സ്എക്സിന്റെ രൂപകല്‍പ്പന പ്രകൃതിദത്ത രൂപങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് മെഴ്സിഡസ് പറയുന്നു. നിലവിലെ മെഴ്സിഡസ് ബെന്‍സില്‍ നിന്ന് കാര്യമായ വ്യത്യാസമുള്ള ഒരു അടുത്ത തലമുറ ഡിസൈനാണ് വാഹനത്തിന്.
മഗ്‌നീഷ്യം ചക്രങ്ങളും വാതിലുകളും പോലെയുള്ള ഭാരം കുറഞ്ഞ വസ്തുക്കള്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഭാരം 1,750 കിലോഗ്രാം ആണ്. ബാറ്ററി 900വി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എന്നാല്‍ ഇക്യുഎസ് 450+ ബാറ്ററിയേക്കാള്‍ വലിപ്പം 50 ശതമാനം ചെറുതും 30 ശതമാനം ഭാരം കുറഞ്ഞതുമാണ്. സ്വന്തമായി 25 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന അള്‍ട്രാ കനം കുറഞ്ഞ സോളാര്‍ പാനലുകളാണ് മേല്‍ക്കൂരയിലുള്ളത്.
47.5 ഇഞ്ച് വലിപ്പമുള്ള ഭീമാകാരമായ 8കെ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനാണ് മെഴ്സിഡസ് വിഷന്‍ ഇക്യുഎക്‌സ്എക്‌സ്‌ന്റെ ഇന്റീരിയര്‍ നിയന്ത്രിക്കുന്നത്. ഇന്റീരിയര്‍ ഡിസൈന്‍ ഒരു പ്രൊഡക്ഷന്‍ മോഡല്‍ പോലെ യാഥാര്‍ത്ഥ്യമാണ്. ഫുള്‍ ചാര്‍ജ്ജ് ചെയ്ത ഒരു ഇക്യുഎക്‌സ്എക്‌സ് 1000 കിലോമീറ്റര്‍ വരെ ഓടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിലെ ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ വളരെ മികച്ചതാണ് ഈ റേഞ്ച്. മിക്ക വാഹന ഉടമകളും മാസത്തില്‍ ഒന്നോ രണ്ടോ തവണ ഈ കാര്‍ ചാര്‍ജ് ചെയ്താല്‍ മതിയാകുമെന്നും മെഴ്സിഡസ് പറയുന്നു.