National
യുപിയില്‍ മെര്‍ച്ചന്റ് നേവി ഓഫീസറെ ഭാര്യയും കാമുകനും കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി സിമന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ചു
സൗരഭിന്റെ ഭാര്യ മുസ്‌കന്‍ റസ്തോഗി, സാഹില്‍ ശുക്ല എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി.

ലക്‌നോ| ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. സൗരഭ് രജ്പുത് (29) ആണ് കൊല്ലപ്പെട്ടത്. സൗരഭിന്റെ മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം പ്രതികള്‍ സിമന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ചു. സംഭവത്തില്‍ സൗരഭിന്റെ ഭാര്യ മുസ്‌കന്‍ റസ്തോഗി (26), സാഹില്‍ ശുക്ല (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. ഇവരെ കോടതിയില്‍ ഹാജരാക്കും.
ഭാര്യയുടെയും മകളുടെയും ജന്മദിനം ആഘോഷിക്കാന്‍ ലണ്ടനില്‍ നിന്ന് നാട്ടിലേക്ക് എത്തിയതായിരുന്നു സൗരഭ്. 15 ദിവസങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച സൗരഭ് താമസിക്കുന്ന വാടക അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് അഴുകിയ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രതികളുടെ മൊഴിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കഷണങ്ങളായി മുറിച്ച് സിമന്റ് നിറച്ച വാട്ടര്‍ ഡ്രമ്മിനുള്ളില്‍ അടച്ച നിലയില്‍ കണ്ടെത്തിയത്. അഴുകല്‍ വേഗത്തിലാക്കാനായിരിക്കാം ഈ മാര്‍ഗം സ്വീകരിച്ചതെന്നും പോലീസ് പറയുന്നു.
2016ലാണ് മുസ്‌കാനും സൗരഭും കുടുംബങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഒന്നായത്. വാടക അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ് മര്‍ച്ചന്റ് നേവിയിലെ ജോലി വരെ ഉപേക്ഷിച്ചു. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകളുമുണ്ട്. മകളുടെ ജനന ശേഷം ഭാര്യ തന്റെ സുഹൃത്ത് സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് അറിഞ്ഞു. ഈ ബന്ധം ദമ്പതികള്‍ക്കിടയില്‍ വലിയ പ്രശ്‌നമായി. വിവാഹമോചനം പോലും സൗരഭ് ആലോചിച്ചു. പിന്നീട് മകളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ദാമ്പത്യം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
വീണ്ടും മര്‍ച്ചന്റ് നേവിയില്‍ ചേരാന്‍ സൗരഭ് തീരുമാനിച്ചു. 2023ല്‍ സൗരഭ് ജോലിക്കായി രാജ്യം വിടുകയും ചെയ്തു. ഫെബ്രുവരി 28നായിരുന്നു മകളുടെ ആറാം ജന്മദിനം. അതിനായി ഫെബ്രുവരി 24ന് സൗരഭ് വീട്ടിലെത്തി. ഫെബ്രുവരി 15ന് മുസ്‌കാന്റെയുംയും ജന്മദിനമായിരുന്നു. മാര്‍ച്ച് നാലിന് ഭാര്യ സൗരഭിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി ബോധരഹിതനാക്കിയതായി മൊഴിയില്‍ പറയുന്നു. പിന്നീട് ഇരുവരും സൗരഭിനെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങള്‍ ഒരു ഡ്രമ്മില്‍ ഇടുകയായിരുന്നു. പിന്നീട് നനഞ്ഞ സിമന്റ് ഉപയോഗിച്ച് അടച്ചു.
സൗരഭിനെക്കുറിച്ച് പ്രദേശത്തുള്ളവര്‍ ചോദിച്ചപ്പോള്‍ മണാലിയില്‍ പോയതാണെന്നാണ് മുസ്‌കന്‍ പറഞ്ഞത്. സംശയം ഉണ്ടാകാതിരിക്കാനും മുസ്‌കനും സാഹിലും സൗരഭിന്റെ ഫോണുമായി മണാലിയിലേക്ക് പോയി. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഫോട്ടോകള്‍ അപ്ലോഡ് ചെയ്തു. സൗരഭ് ദിവസങ്ങളോളം കുടുംബാംഗങ്ങളില്‍ നിന്ന് കോളുകള്‍ എടുക്കാതിരുന്നപ്പോള്‍ കുടുംബം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് മുസ്‌കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം നടത്തിയതായും മൃതദേഹം എവിടെയാണെന്നും വെളിപ്പെടുത്തി. ഡ്രില്‍ മെഷീന്‍ ഉപയോഗിച്ചാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയത്.