Connect with us

Articles

കാരുണ്യമാണ് മർമം

റഹ്മാൻ, റഹീം- അല്ലാഹുവിലേക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്ന പ്രതീക്ഷയുടെ രണ്ട് ഉജ്ജ്വല നാമങ്ങൾ.

Published

|

Last Updated

വിശ്വാസിയുടെ ചുണ്ടിൽ അറിയാതെ പോലും കയറിവരുന്ന ബിസ്മിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അല്ലാഹുവിന്റെ രണ്ട് നാമങ്ങളാണിതിൽ പ്രധാനം. റഹ്മാൻ, റഹീം- അല്ലാഹുവിലേക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്ന പ്രതീക്ഷയുടെ രണ്ട് ഉജ്ജ്വല നാമങ്ങൾ. കാരുണ്യം, ദയ, സ്‌നേഹം, കൃപ, വാത്സല്യം കേൾക്കാനും അനുഭവിക്കാനും അറിയാനും ഇഷ്ടപ്പെട്ടവയാണെല്ലാവർക്കും. എന്നാൽ അല്ലാഹു ഇതെല്ലാമാണെന്ന നിരന്തരമുള്ള പറച്ചിൽ എത്ര വലിയ പ്രതീക്ഷയാണ് മനുഷ്യന് നൽകുന്നത്. അനാഥ മക്കൾക്കൊപ്പം മുത്ത് നബിയെ കാണാൻ വന്ന ഉമ്മയെ ബീവി ആഇശ (റ) സത്്കരിച്ചത് മൂന്ന് കാരക്ക നൽകിയായിരുന്നു. രണ്ട് മക്കൾക്ക് ഓരോന്ന് നൽകി ബാക്കിവന്ന ഒന്ന് ഉമ്മ വായിലേക്ക് വെച്ചപ്പോഴേക്ക് രണ്ട് മക്കളും ചേർന്ന് ഉമ്മയുടെ വായിലുള്ളത് ചോദിച്ചത്രേ! വിശപ്പായിരുന്നു എല്ലാവർക്കും, പക്ഷേ, ഉമ്മ വാത്സല്യത്തോടെ അതും മക്കൾക്ക് കൊടുത്തു. ഈ രംഗം കണ്ട ബീവി കരഞ്ഞുപോയത്രേ! അപ്പോഴാണ് മുത്ത്നബി വന്നതും ആഇശ ബീവിയോട് കാര്യമന്വേഷിച്ചതും. ബീവി കാര്യം വിശദീകരിച്ചപ്പോൾ അവിടുന്ന് പ്രതികരിച്ചത് ഈ ഉമ്മ മക്കളോട് ചെയ്ത കാരുണ്യത്തിന്റെ നൂറിരട്ടി കരുണ്യമാണ് എന്റെ റബ്ബിന് അടിമയോട് ആഇശാ ….
അല്ലാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ എല്ലാരുമെല്ലാരും യതീമുകൾ എന്ന പാട്ടിലെ വരികളിലേക്ക് ഒന്ന് ഇറങ്ങിനോക്കൂ. കാരുണ്യത്തിന്റെ ലോകമാണ് എല്ലാവർക്കും ഇഷ്ടം. ക്രൂരതയുടെ ലോകത്തെ വെറുക്കാത്തവരാരുമില്ലല്ലോ? എങ്കിൽ ഇതാ കാരുണ്യം ചോദിക്കാനും, തരാനുമായിട്ടുള്ള ദിനരാത്രികളിലൂടെ നാം സഞ്ചരിക്കുന്നു. ഉള്ളറിഞ്ഞ ചോദ്യങ്ങളാണ് വഴി, കൈനിറയെ കോരിത്തരാൻ കാരുണ്യവാൻ ഒരുങ്ങിനിൽക്കുകയാണ്. ഹൃദയത്തിൽ, ജീവിതത്തിൽ, കുടുംബത്തിൽ, മരണാസന്ന സമയം, ഖബ്ർ, മഹ്ശറ, മീസാൻ, സ്വിറാത്വ് എല്ലാറ്റിലും കാരുണ്യം കിട്ടി കാരുണ്യവീടായ സുവർഗത്തിൽ കൂടണയാൻ തന്നെ ആഗ്രഹിച്ച് ചോദിക്കൂ.

കാരുണ്യത്തിൻ നീരുറവയുണ്ടാകേണ്ട ഹൃദയത്തിൽ വരൾച്ച ബാധിക്കുമ്പോഴാണ് ക്രൂരത വിനോദമാവുന്നത്. പെറ്റുമ്മയുടെ മൃദുലമായ കഴുത്തിൽ കത്തിവെക്കാൻ മാത്രം മൃഗീയത നിറയുന്നത് നിങ്ങളെ ഭീതിപ്പെടുത്തുന്നില്ലേ? സഹപാഠിയുടെ ശരീരം അതിക്രൂരമായി വേദനിപ്പിച്ച് ആ വേദനയുടെ കണ്ണുനീർ കാണുമ്പോൾ ആഹ്ലാദിക്കാൻ കഴിയുന്നവരായി കുട്ടികൾ മാറുന്ന വാർത്ത നിങ്ങളെ അസ്വസ്ഥരാക്കുന്നില്ലേ? സ്വന്തം ഭർത്താവിനെ വിഷം കൊടുത്ത് ഇഞ്ചിഞ്ചായി കൊന്നുതീർക്കാൻ മാത്രം കുടിലമായ മനസ്സുള്ള സ്ത്രീ ജന്മങ്ങൾ നിങ്ങളിൽ നിരാശ പടർത്തുന്നില്ലേ!

ഭക്ഷണത്തിന് വേണ്ടി കൈനീട്ടുന്ന പിഞ്ചുമക്കളിലേക്ക് ബോംബ് വർഷിച്ച് രക്തമൂറ്റിക്കുടിക്കുന്ന പൈശാചിക ലോകത്തെ കുറിച്ച് ചിന്തിച്ച് നിങ്ങൾക്ക് കരച്ചിൽ വരുന്നില്ലേ? എങ്കിൽ പരിഹാരമുണ്ട്. കാരുണ്യമുള്ള ഹൃദയങ്ങൾ രൂപപ്പെടാൻ ആത്മാർഥമായ പ്രാർഥന തന്നെ.
കാരുണ്യത്തിനായി അല്ലാഹുവിലേക്ക് കൈ ഉയർത്തിയവർക്കൊന്നും നിരാശപ്പെടേണ്ടി വന്നിട്ടില്ല, കട്ടായം. വി. ഖുർ ആൻ അധ്യായം 39ൽ വചനം 53ൽ ഉടമയായ അല്ലാഹുവിന്റെ പ്രതീക്ഷയുള്ള വാക്ക് ശ്രദ്ധിക്കൂ. “പാപങ്ങളാൽ പരിധി വിട്ടവരേ, നിങ്ങളും അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശരാകാതെ തന്നെ ചോദിക്കൂ, കാരുണ്യവാൻ എല്ലാറ്റിനും തയ്യാറാണ്.’