Ongoing News
സഊദി രാജാവിന്റെ കാരുണ്യം; ഫിലിപ്പിനോ സയാമീസ് ഇരട്ടകളുടെ വേർപിരിയൽ ശസ്ത്രക്രിയ വിജയകരം
ഐഷക്കും അകിസക്കും പുതു ജീവൻ
വേർപിരിയൽ ശസ്ത്രക്രിയക്ക് ശേഷം കുട്ടികൾ മെഡിക്കൽ സംഘത്തോടപ്പം
റിയാദ് | ഫിലിപ്പിനോ സയാമീസ് ഇരട്ടകളുടെ വേർപിരിയൽ ശസ്ത്രക്രിയ വൻ വിജയം. സഊദി തലസ്ഥാനമായ റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐഷക്കും അകിസക്കും ഇത് പുതുജീവൻ. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിലാണ് സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തിയത്. മെഡിക്കൽ ആൻഡ് സർജിക്കൽ ടീം മേധാവി ഡോ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ-റബിയയുടെ നേതൃത്വത്തിൽ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ കുട്ടികൾക്കായുള്ള കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനും സഊദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശത്തെ തുടർന്നാണ് ഐഷയയെും അകിസയേയും സഊദിയിൽ കൊണ്ടുവന്നത്. 2024 മെയ് ആദ്യവാരത്തിൽ ഫിലിപ്പീൻസിൽ നിന്നും കുടുംബത്തോടപ്പം പ്രതിരോധ മന്ത്രാലയത്തിൻ്റെ പ്രത്യേക എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനം വഴിയാണ് ഇവർ റിയാദിലെത്തിയത്.
ഐഷക്കും അകിസക്കും ആറ് മാസം പ്രായവും 18 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. പരിശോധനയിൽ ഇവരുടെ താഴത്തെ നെഞ്ചും വയറും കരൾ ഭാഗവും പങ്കിടുന്നതായി കണ്ടെത്തി. അഞ്ച് ഘട്ടങ്ങളിലായാണ് ഇവരുടെ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കൺസൾട്ടൻ്റ്, സ്പെഷ്യലിസ്റ്റുകൾ, ടെക്നിക്കൽ, നഴ്സിങ്, സപ്പോർട്ട് സ്റ്റാഫ് എന്നിവരുൾപ്പെട്ട 25 അംഗ മെഡിക്കൽ സംഘം ശസ്ത്രക്രിയയിൽ പങ്കെടുത്തു.
സഊദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള 61-ാമത്തെ ഓപ്പറേഷനാണിതെന്നും കഴിഞ്ഞ 33 വർഷത്തിനിടെ വിവിധ 26 രാജ്യങ്ങളിൽ നിന്നുള്ള 136 കേസുകളാണ് കൈകാര്യം ചെയ്തതെന്നും സർജിക്കൽ ടീം മേധാവി ഡോ. അബ്ദുല്ല അൽ റബിയ പറഞ്ഞു.