Connect with us

ആത്മായനം

വശ്യസുന്ദര സ്വഭാവങ്ങളുടെ തിരുദൂതർ(സ)

സാമൂഹിക ജീവിതത്തിൽ സദ്ഭാവങ്ങളുള്ളവനുമാത്രമേ സ്രഷ്ടാവിനോട് ചൈതന്യവത്തായ അടുപ്പം സാധിക്കൂ.ആ ദൈവ സാമീപ്യമുള്ളവരുടെ ഹൃദയങ്ങളേ വിമലീകരിക്കപ്പെടൂ. അഥവാ സഹജീവികളോട് ഇടപെടേണ്ട രൂപത്തിൽ ഇടപെട്ടില്ലെങ്കിൽ സ്രഷ്ടാവിനോടുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ഹൃദയം മലിനമാക്കപ്പെടുകയും ചെയ്യും. പരസ്പര ശണ്ഠകളില്ലാതെ, അവിവേകങ്ങളുപേക്ഷിച്ച്, വിട്ടുവിഴ്ചയും ക്ഷമാപണവും കൈക്കൊണ്ട്, ആക്ഷേപങ്ങൾക്ക് ഇടവരുത്താതെ ന്യൂനതകൾ ഒളിപ്പിച്ചുവെച്ച്, സർവരോടും തെളിഞ്ഞ മുഖം കാണിച്ച്, കിഴാള -മേലാള വ്യത്യാസമില്ലാതെ മൃദുല സംസാരം കൈമാറി, തരളിതമായ സ്വഭാവത്തിനിടയിൽ തളിർക്കുമ്പോഴാണ് വിശ്വാസി അവന്റെ മേൽവിലാസത്തോട് നീതി കാണിക്കുന്നത്. തിരുനബി(സ)യുടെ ജീവിതത്തിൽ നിന്ന് നിറയേ പഠിക്കാനുള്ളതും അതുതന്നെ.

Published

|

Last Updated

“He is to me the greatest mind among all the sons of world’ എന്ന പ്രൊഫ. കെ എസ് രാമകൃഷ്ണറാവുവിന്റെ വരികളിൽ നിന്ന് വായിച്ച് തുടങ്ങാം. തിരുനബി(സ)യെ കുറിച്ച് പഠിച്ചവരെല്ലാവരും എത്തുന്ന നിഗമനം ഇതിനു സമാനമായത് എന്ത് കൊണ്ട്? അതിനുത്തരം ഖുർആൻ പറയും. അങ്ങ് മഹത്തായ സ്വഭാവത്തിന്റെ ഉടമയാകുന്നു (സൂറത്തുൽ ഖലം 4)

സഹൃദയരേ…, സദ്‌സ്വഭാവം കൊണ്ട് പ്രഫുല്ലമായ സംസ്‌കാരം പണിത ഉത്കൃഷ്ടവ്യക്തിത്വമാണ് റസൂൽ (സ). വീടകത്തും പൊതുയിടത്തും അവിടുന്ന് സദ്‌സ്വഭാവത്തെ അണിഞ്ഞു. ഉന്നതമായ സ്വഭാവ ഗുണങ്ങൾ റസൂലിൽ നിന്ന് ലോകരിലേക്ക് പടർത്തി. ഹൃദ്യമായ ആ സ്വഭാവങ്ങളിലൂടെ ലോകം റസൂലിന്റെ കൂടെ ചേർന്നു. ആരോടും പരുഷ സ്വഭാവം പ്രകടിപ്പിച്ചില്ല. മുഖം വീർപ്പിച്ചു നിന്നില്ല . തെറിയഭിഷേകം നടത്തിയില്ല. ആരെയും അകറ്റി മാറ്റിയില്ല. ബദ്ധവൈരികളെ പോലും തരളിതമായ സ്വഭാവം കൊണ്ട് മയപ്പെടുത്തിയെടുത്തു.

കഠിനഹൃദയനായിരുന്നു താങ്കളെങ്കിൽ നിങ്ങളുടെ അരികെ നിന്ന് ആളൊഴിഞ്ഞ് പോകുമായിരുന്നെന്ന് ഖുർആൻ ഓർമിപ്പിച്ചത് നമ്മൾ കേട്ടതാണ്. റസൂലിന്റെ അരികെ നിന്ന് ഒരിക്കൽ പോലും ആളൊഴിഞ്ഞില്ല. അവിടുത്തെ അസാന്നിധ്യം സഹജർക്ക് വേദനയായിരുന്നു. കൂടുതൽ പേർ സ്വർഗത്തിൽ ചേരാൻ ഇടയാകുന്ന നന്മ ഏതാണെന്ന് റസൂലിനോട് ചോദിക്കപ്പെട്ടപ്പോൾ ദൈവഭക്തിയും സദ്‌സ്വഭാവവുമാണ് ഏറിയ ആളുകളെയും സ്വർഗത്തിലെത്തിച്ചതെന്നായിരുന്നു അവിടുത്തെ മറുപടി.

ഉറ്റവരെല്ലാം നഷ്ടപ്പെട്ട നേരത്ത് കുടുംബത്തിന്റെ സംരക്ഷണം തേടി ത്വാഇഫിലെത്തിയപ്പോൾ ആട്ടും തുപ്പും കല്ലേറും ഏറ്റുവാങ്ങേണ്ടി വന്ന ദയനീയ രംഗമുണ്ടായപ്പോൾ, റസൂലിനെ സഹായിക്കാനെത്തിയ മാലാഖ “ഈ സമുദായത്തിനുമേൽ ഈ പർവതം മറിച്ചിടട്ടേ ‘ എന്ന് ചോദിച്ചപ്പോൾ അരുതെന്നും അപക്വമായി അവർ ചെയ്ത പ്രവർത്തനത്തെ അവഗണിച്ചേക്കൂ, അക്കൂട്ടരിൽ നിന്ന് ആരെങ്കിലും സത്യം മനസ്സിലാക്കി വരുമെന്നുമായിരുന്നു തിരുദൂതരുടെ നിലപാട്.

റസൂൽ ഭാര്യമാരിലൊരാളുടെ വീട്ടിൽ കഴിയവേ മറ്റൊരു ഭാര്യയുടെ വീട്ടിൽ നിന്നെത്തിയ വിഭവം കണ്ട് ദേഷ്യം വന്ന് പാത്രം തട്ടിയുടച്ച വീട്ടുകാരിയെ ദേഷ്യം കൊണ്ട് പ്രതിരോധിക്കാതെ “നിങ്ങളുടെ ഉമ്മ ഇത്തിരി ചൂടായിപ്പോയതാണെന്ന് (ആറത്ത് ഉമ്മുകും )’ആഗതനെ ആശ്വസിപ്പിച്ച് തറയിൽ ചിതറിയ പാത്ര കഷ്ണങ്ങളും ഭക്ഷണ തുണ്ടുകളും ശേഖരിക്കുന്ന തിരുനബി(സ)യുടെ വശ്യമായ ചിത്രം ചരിത്രത്തിലുണ്ട് (സ്വ.ബുഖാരി). കൊടുങ്കാറ്റാവേണ്ടിയിരുന്ന എത്ര പ്രശ്‌നങ്ങളെയാണ് റസൂൽ സർഗാത്മകമായി പരിഹരിച്ചതെന്ന് നോക്കൂ.

ആളുന്ന പ്രശ്‌നത്തെ കെടുത്താൻ വേണ്ടത് സദ്്സ്വഭാവമാണ്. ആളുകൾക്ക് നമ്മെക്കൊണ്ട് കൊടുക്കാൻ സാധിക്കുന്ന അമൂല്യ വസ്തുവും അതു തന്നെ. വ്യക്തിജീവിതം, സമൂഹത്തോടുള്ള സംവേദനങ്ങൾ, ആദാനപ്രദാനങ്ങൾ, ഇടപഴക്കങ്ങൾ എല്ലാം അളവു തെറ്റാതെ നിർവഹിക്കപ്പെടുമ്പോഴാണ് സ്വഭാവം നന്നാവുക. ആ അനുപാതം കൃത്യമായി പാലിക്കുന്നവരെയാണ് സമൂഹത്തിനു വേണ്ടത്. അല്ലാത്തവർ അധികപ്പറ്റാണ്, അമിതഭാരമാണ്. തിരുനബി (സ) യുടെ നിയോഗം തന്നെ സദ്സ്വഭാവത്തിന്റെ ആഗോളവ്യാപനത്തിനു വേണ്ടിയായിരുന്നു (സദ്സ്വഭാവത്തിന്റെ പൂർത്തീകരണത്തിന് വേണ്ടിയാണ് എന്റെ നിയോഗമെന്ന തിരുനബി (സ) യുടെ വാക്ക് മുവത്വയിലുണ്ട്). തിരുദൂതരുടെ പ്രബോധനത്തിന്റെ മാർഗരേഖ ഖുർആനുമായിരുന്നു (അവിടുത്തെ സ്വഭാവമെന്താണെന്ന് ആഇശ ബീവി (റ) യോട് ചോദിച്ച സന്ദർഭവും ഖുർആനെന്ന് ഉത്തരം നൽകിയതും ഓർത്തെടുക്കാം).

സ്വഭാവം കൃത്രിമ വസ്തുവല്ല, വ്യക്തിയിലെ സഹജഭാവമാണ്. “എന്റെ തനിസ്വഭാവം നീ മനസ്സിലാക്കിയില്ല’ എന്ന വാക്കിലുണ്ട് സ്വഭാവത്തിന്റെ ജനിതക രൂപം. സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും സ്വഭാവത്തിന് പ്രാധാന്യമുണ്ട്. ഒറ്റക്കിരിക്കുമ്പോഴുള്ള ആലോചനകളും പ്രവൃത്തികളുമാണ് നമ്മുടെ വ്യക്തിത്വം നിർണയിക്കുന്നത്. ആ വ്യക്തിത്വമാണ് സമൂഹത്തിന് കൈമാറാനുള്ളത്. സ്വകാര്യ ജീവിതം ശുദ്ധമല്ലാത്തവന്റെ സ്വഭാവത്തിൽ കാപട്യത്തിന്റെ മൊശട് വാടയുണ്ടാവും. അവന്റെ വാക്കിനോ ഇടപഴക്കത്തിനോ ഉത്പാദനക്ഷമതയുണ്ടാവില്ല. വാക്ക് ഫലിക്കുന്നതിന്റെ കാരണമായി ഇമാം ശീറാസി എണ്ണിയ കാര്യമാണ് സദ്സ്വഭാവം. ഇഹ്്യയിലെ സ്വഭാവത്തെ കുറിച്ച് പറയുന്ന ഭാഗം കൂടി ചേർത്തുവായിക്കാം. “ഖുൽഖ് ( സ്വഭാവം), ഖൽഖ്(സൃഷ്ടിപ്പ്) എന്നീ പദങ്ങൾ സാധാരണ ഒരുമിച്ച് പ്രയോഗിക്കാറുണ്ട്.

ഉദാ: “ഫുലാനുൻ ഹസനുൽ ഖുൽഖി വൽ ഖൽഖി അയാൾ അകവും പുറവും നല്ലവനാണെന്നർഥം. ഖൽഖിന്റെ ഉദ്ദേശ്യം ബാഹ്യ രൂപവും ഖുൽഖിന്റെ ഉദ്ദേശ്യം ആന്തരിക രൂപവുമാണെന്ന് ഇതിൽ നിന്ന് വ്യക്തം.

ദേഹവും ദേഹിയും ചേർന്നതാണ് മനുഷ്യൻ. ദേഹത്തെ ദൃഷ്ടി കൊണ്ടും ദേഹിയെ ഉൾക്കാഴ്ചകൊണ്ടുമാണ് തിരിച്ചറിയുന്നത്. ഇവ ഓരോന്നിനും സവിശേഷമായ രൂപവും ഭാവവുമുണ്ട്. അവ സുന്ദരമാവാം, വിരൂപമാവാം. മനസ്സിൽ ഉറച്ചു പോയ ഭാവത്തിൽ നിന്ന് അനായാസകരമായും സ്വാഭാവികമായും പുറപ്പെടുന്ന ചെയ്തികളാണ് സ്വഭാവങ്ങൾ. മനസ്സിൽ ഉറച്ചഭാവമെന്ന് പ്രത്യേകം പറയാൻ കാരണം, ആരെങ്കിലും യാദൃച്ഛികമായി ചെയ്യുന്ന പ്രവർത്തനത്തെ അയാളുടെ സ്വഭാവമായി വിശേഷിപ്പിക്കാനാവില്ല എന്നതാണ്. താത്കാലികാവശ്യത്തിന് പണം ചെലവഴിക്കുന്നവനെ ഔദാര്യവാനെന്നും യാദൃച്ഛികമായി കളവ് പറഞ്ഞവനെ നുണയൻ എന്നും വിളിക്കുന്നത് ഉചിതമാവില്ല. മനസ്സിൽ ഉറച്ചഭാവം നല്ല കർമങ്ങളായി രൂപപ്പെടുമ്പോഴേ സദ്‌സ്വഭാവിയെന്ന് വിശേഷിക്കാവൂ.

“റബ്ബേ, എന്നെ സദ്സ്വഭാവത്തിലേക്ക് നയിക്കേണമേ, നീയല്ലാതെ സദ്സ്വഭാവത്തിലേക്ക് നയിക്കുന്നവനില്ല. എന്നെ ദുസ്സ്വഭാവത്തിൽനിന്ന് അകറ്റേണമേ, നീ അല്ലാതെ ദുസ്സ്വഭാവത്തിൽ നിന്ന് അകറ്റുന്നവനില്ല’ എന്നത് തിരുനബി (സ) യുടെ നിരന്തര പ്രാർഥനയായിരുന്നു. സ്വഭാവ രൂപവത്കരണത്തെ കുറിച്ച് യാതൊരു കാഴ്ചപ്പാടോ നിലപാടോ ഇല്ലാത്ത ജനതയെയാണ് പ്രഫുല്ലമായ സ്വഭാവവികാസത്തിലേക്കും അതിഗംഭീരമായ നാഗരികതയിലേക്കും റസൂൽ (സ) നയിച്ചത്. കോപിഷ്ഠനായ എടുത്തുചാട്ടക്കാരനിൽനിന്നും ശാന്തസുന്ദരമായ രാഷ്ട്രത്തിന്റെ സാരഥ്യത്തിലേക്കുള്ള ഉമറി (റ) ന്റെ ദൂരമളന്നാൽ നമുക്കത് പകൽ പോലെ ബോധ്യപ്പെടും. വിശ്വാസത്തിന്റെ പൂർണത സാധ്യമാവുന്നത് സദ്‌സ്വഭാവിയാകുമ്പോഴാണ്. സദ്‌സ്വഭാവത്തിന്റെ ബന്ധം പ്രധാനമായും മൂന്ന് തരത്തിലെണ്ണാം:

  1.  സ്രഷ്ടാവ് സൃഷ്ടികളോട് കാണിക്കുന്നത്
    അല്ലാഹുവിന്റെ വിശുദ്ധനാമങ്ങൾ അവന്റെ ചൈതന്യവത്തായ സ്വഭാവങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. സ്‌നേഹ വാത്സല്യങ്ങളടക്കമുള്ള സർവ സദ്ഭാവങ്ങളെയും സൃഷ്ടിച്ചവനാണവൻ. സ്‌നേഹം, നീതി, വിശ്വസ്തത, ക്ഷമ, സഹനം, കരുണ, വിട്ടുവിഴ്ച, സഹാനുഭൂതി, വിശാല മനസ്സ്, ഔദാര്യബോധം, സാമൂഹിക പ്രതിപത്തി, രഹസ്യ സൂക്ഷിപ്പ്, മാന്യത, ഹൃദയങ്ങളെ ശുദ്ധീകരിക്കൽ, നല്ല സംസാരം, യുക്തിബോധം തുടങ്ങി അല്ലാഹുവിന്റെ വശ്യ സ്വഭാവങ്ങളായി ഖുർആനെണ്ണിയ നിര നീണ്ടു പോവുന്നു. അത്തരം വിശേഷണങ്ങളെ എടുത്ത് പറഞ്ഞിട്ടുള്ളത് അതിന്റെ പ്രതിഫലനങ്ങൾ നമ്മുടെ ജീവിതത്തിൽ രൂപപ്പെടുത്താനാണ്. “അല്ലാഹുവിന്റെ സ്വഭാവങ്ങളണിയൂ’ എന്ന തിരുമൊഴി അതിലേക്കുള്ള ചൂണ്ടുവിരലാണ്.
  2. മനുഷ്യൻ ഇതര ചരാചരങ്ങളോട്
    സൃഷ്ടികളിൽ സവിശേഷ സ്ഥാനമുള്ള മനുഷ്യന്റെ ഉത്തരവാദിത്വങ്ങളിൽ പെട്ടതാണ് എല്ലാറ്റിനോടുമുള്ള സന്തുലിത സമീപനം. “നബിയേ… ഇതര ജീവജാലങ്ങളെ ശ്രദ്ധിച്ചിട്ടെന്തേലും നേട്ടമുണ്ടോ’ എന്ന സ്വഹാബത്തിന്റെ ചോദ്യത്തിന് തിരുനബി (സ) നൽകിയ മറുപടി “പച്ചക്കരളുള്ള എല്ലാറ്റിനോടുമുള്ള നല്ല സമീപനങ്ങൾക്ക് പ്രതിഫലമുണ്ട്’ എന്നായിരുന്നു. സംഹാരസ്വഭാവത്തിലുള്ള ഇടപഴക്കം ഒന്നിനോടുമരുത്. ഭൗമ ലോകത്ത് ക്രമം തെറ്റി നടക്കരുതെന്നതും നശീകരണ നടപടികൾ കൈക്കൊള്ളരുതെന്നും വേദോപദേശമാണ്. നാം പ്രകൃതിയോട് കാണിച്ച സ്വഭാവ വൈകൃതങ്ങളാണ് ആഗോള താപനമായും കാലാവസ്ഥാ വ്യതിയാനമായും ക്ഷാമമായും വംശനാശ ഭീഷണികളായും പ്രതിസന്ധികളുയർത്തുന്നത്. നമുക്ക് തോന്നിയ നടപടികൾക്കു പകരം സ്രഷ്ടാവിന്റെ നിർദേശത്തിന് പ്രാമുഖ്യം കൽപ്പിക്കുകയെന്നതാണ് ഈ പ്രതിസന്ധികൾക്കുള്ള ശാസ്ത്രീയ പരിഹാരം.
  3. മനുഷ്യർക്കിടയിൽ പരസ്പരം
    പരസ്പരാശ്രിതത്വം കൂടാതെ മനുഷ്യന് ജീവിതം സാധ്യമല്ല. സാമൂഹികജീവി എന്നതാണവന്റെ പ്രകൃതം. അതുകൊണ്ട് തന്നെ നാമോരോരുത്തരും ശ്രദ്ധാലുക്കളാവേണ്ടത് ഈ തലത്തിലാണ്. അന്ത്യദിനത്തിൽ സത്യവിശ്വാസിയുടെ തുലാസിൽ ഏറ്റവും കനം വെച്ച് തൂങ്ങുന്നത് സദ്‌സ്വഭാവമാണ്. അനാശാസ്യങ്ങളും അവിവേകങ്ങളും കൊണ്ടു നടന്നവർ വിരലു കടിക്കുന്ന ഘട്ടമായിരിക്കുമത്.

സാമൂഹിക ജീവിതത്തിൽ സദ്ഭാവങ്ങളുള്ളവനുമാത്രമേ സ്രഷ്ടാവിനോട് ചൈതന്യവത്തായ അടുപ്പം സാധിക്കൂ. ആ ദൈവ സാമീപ്യമുള്ളവരുടെ ഹൃദയങ്ങളേ വിമലീകരിക്കപ്പെടൂ. അഥവാ സഹജീവികളോട് ഇടപെടേണ്ട രൂപത്തിൽ ഇടപെട്ടില്ലെങ്കിൽ സ്രഷ്ടാവിനോടുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ഹൃദയം മലിനമാക്കപ്പെടുകയും ചെയ്യും. പരസ്പര ശണ്ഠകളില്ലാതെ, അവിവേകങ്ങളുപേക്ഷിച്ച്, വിട്ടുവിഴ്ചയും ക്ഷമാപണവും കൈക്കൊണ്ട്, ആക്ഷേപങ്ങൾക്ക് ഇടവരുത്താതെ ന്യൂനതകൾ ഒളിപ്പിച്ചുവെച്ച്, സർവരോടും തെളിഞ്ഞ മുഖം കാണിച്ച്, കിഴാള -മേലാള വ്യത്യാസമില്ലാതെ മൃദുല സംസാരം കൈമാറി, തരളിതമായ സ്വഭാവത്തിനിടയിൽ തളിർക്കുമ്പോഴാണ് വിശ്വാസി അവന്റെ മേൽവിലാസത്തോട് നീതി കാണിക്കുന്നത്. തിരുനബി(സ)യുടെ ജീവിതത്തിൽ നിന്ന് നിറയേ പഠിക്കാനുള്ളതും അതുതന്നെ.

Latest