Qatar World Cup 2022
ലുസൈലില്‍ ഫുട്‌ബോള്‍ കാവ്യം രചിച്ച് മെസ്സിപ്പട; അര്‍ജന്റീന ഫൈനലില്‍
ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടി.
ദോഹ | ലയണല്‍ മെസ്സിയുടെ നെടുനായകത്വത്തില്‍ അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് ക്രൊയേഷ്യയെ തകര്‍ത്താണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ കലാശപ്പോരിലെത്തിയത്. ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടി. ഡ്രിബിളിംഗും മുന്നേറ്റവും പാസ്സുകളുമൊക്കെയായി മെസ്സിയുടെ ക്ലാസിക് പ്രകടനത്തിന് കൂടിയാണ് ലുസൈല്‍ സ്റ്റേഡിയം സാക്ഷിയായത്.
ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടാന്‍ അര്‍ജന്റീനക്ക് സാധിച്ചിരുന്നു. പെനാല്‍റ്റിയിലൂടെ മെസ്സിയാണ് ആദ്യ ഗോള്‍ നേടിയത്. 34ാം മിനുട്ടിലാണ് മെസ്സി ഗോള്‍ നേടിയത്. 32ാം മിനുട്ടില്‍ പന്തുമായി ക്രൊയേഷ്യന്‍ ബോക്‌സിലേക്ക് മുന്നേറിയ ജൂലിയന്‍ അല്‍വാരസിനെ വിഖ്യാത ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് ഫൗള്‍ ചെയ്യുകയായിരുന്നു. ഗോളെന്നുറപ്പിച്ച മുന്നേറ്റമായിരുന്നു അത്. ലിവാകോവിച്ചിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. കൂടെ ഡിഫന്‍ഡര്‍ മറ്റിയോ കൊവാചിച്ചിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
ഏറെ വൈകാതെ 39ാം മിനുട്ടില്‍ സുന്ദരമായ മുന്നേറ്റത്തിലൂടെ അല്‍വാരസ് ഗോള്‍ നേടുകയായിരുന്നു. അര്‍ജന്റീനിയന്‍ ഭാഗത്ത് നിന്ന് എതിർ ബോക്സിലേക്ക് നടത്തിയ ഒറ്റയാള്‍ മുന്നേറ്റത്തിലാണ് ആ ഗോള്‍ പിറന്നത്. രണ്ടാം പകുതിയിലും ചില മുന്നേറ്റങ്ങള്‍ നടത്താന്‍ അര്‍ജന്റീനക്ക് സാധിച്ചു. 69ാം മിനുട്ടില്‍ ഗംഭീര മുന്നേറ്റത്തിനൊടുവില്‍ ബോക്‌സില്‍ വെച്ച് മെസ്സി കൈമാറിയ പന്തിലാണ് അല്‍വാരസ് ഗോള്‍ നേടിയത്. ക്രൊയേഷ്യയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. റഷ്യൻ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ഇതോടെ ഫൈനൽ കാണാതെ പുറത്തായി. ഇന്ന് നടക്കുന്ന മൊറോക്കോ- ഫ്രാൻസ് സെമിയിലെ ജേതാക്കളെയാണ് അർജൻ്റീന ഞായറാഴ്ച നേരിടുക.