Ongoing News
ബ്രസീലിന്റെ കണ്ണീർ കണ്ട ഖത്തറിൽ, ആനന്ദക്കണ്ണീരൊഴുക്കി മെസ്സി; അർജന്റീന സെമിയിൽ
ഇൻജുറി ടൈമും എക്സ്ട്രാ ടൈമും പിന്നിട്ട് പെനാൽട്ടി ഷൂട്ടൗട്ടിൽ എത്തിയ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്റീനയുടെ സമ്മോഹനമായ വിജയം.
ദോഹ | ഇത് ചരിത്ര നിമിഷം… ബ്രസീലിന്റെ കണ്ണീർ കണ്ട ഖത്തറിൽ, ആനന്ദക്കണ്ണീരുമായി ലയണൽ മെസ്സിയും കൂട്ടരും. അവസാന സെക്കൻഡ് വരെ ഉദ്വേഗം നിറഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നെതർലൻഡ്സിനെ വീഴ്ത്തി അർജന്റീന സെമി ഫൈനലിലെത്തി. ലോകകപ്പിൽ ആറാം തവണയാണ് അർജന്റീന സെമിയിൽ എത്തുന്നത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്റീനയുടെ സമ്മോഹനമായ വിജയം. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻഡ്രോ പരേദസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടു. എമിലിയാനോ മാർട്ടിനസ് എന്ന ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീന ജയം സ്വന്തമാക്കിയത്.
നെതർലൻഡ്സിനായി ക്യാപ്റ്റൻ വിർജിൻ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരെടുത്ത കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ അർജന്റീനയുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകരുകയായിരുന്നു. നെതർലൻഡ്സിനായി കൂപ്മെയ്നേഴ്സ്, വൗട്ട് വെഗ്ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവർ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.
നിശ്ചിത സമയത്ത് അര്‍ജന്റീനയ്ക്കായി നഹ്വെല്‍ മൊളീന്യയും നായകന്‍ ലയണല്‍ മെസ്സിയും ലക്ഷ്യം കണ്ടപ്പോള്‍ നെതര്‍ലന്‍ഡ്‌സിനായി വൗട്ട് വെഗോര്‍സ്റ്റ് ഇരട്ട ഗോളുകള്‍ നേടി. കളിയുടെ 35-ാം മിനിറ്റില്‍ നഹ്വെല്‍ മൊളീനയാണ് ആല്‍ബിസെലസ്റ്റസിനുവേണ്ടി നെതര്‍ലന്‍ഡ്‌സിന്റെ വല കുലുക്കിയത്. 71-ാം മിനിറ്റില്‍ അക്യൂനയെ ബോക്‌സിനകത്തുവെച്ച് ഡംഫ്രിസ് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസ്സിയുടെ ഇടംകാലൻ ഷോട്ട് ഓറഞ്ച് പടയുടെ ഗോൾവല ഒരിക്കൽ കൂടി കുലുക്കിയതോടെ കളിയിൽ അർജന്റീനക്ക് വ്യക്തമായ ആധിപത്യം ലഭിക്കുന്നു.
എന്നാല്‍ അര്‍ജന്റീനയുടെ ആവേശത്തിന് വിരാമമിട്ട് 83-ാം മിനിറ്റില്‍ വൗട്ട് വെഗോര്‍സ്റ്റിലൂടെ നെതർലൻഡ്സ് ആദ്യ ഗോൾ മടക്കി. അത്യുഗ്രന്‍ ഹെഡ്ഡറിലൂടെയാണ് ഗോള്‍ പിറന്നത്. ഇന്‍ജുറി ടൈമിന്റെ അവസാന സെക്കന്‍ഡിൽ അര്‍ജന്റീന വഴങ്ങിയ ഒരു ഫ്രീകിക്കിലൂടെ നെതർലൻഡ്സ് സമനില പിടിച്ചതോടെ ദോഹയിലെ ലുസൈസ് സ്റ്റേഡിയം അക്ഷരാർഥത്തിൽ സ്തംഭിച്ചുനിന്നു. എക്സ്ട്രെ ടൈമിൽ ഇരു ടീമുകളും പ്രതിരോധത്തിൽ ഊന്നിയതോടെ ഗോളുകൾ പിറന്നില്ല. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയത്.
ഡിസംബർ 13ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.