Techno
വാട്സ്ആപ്പില്‍ ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ
ഇന്‍സ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ക്ക് സമാനമായി ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനല്‍.
ന്യൂഡല്‍ഹി| വാട്സ്ആപ്പില്‍ നിരവധി മാറ്റങ്ങളണ് മെറ്റ ഈ വര്‍ഷം അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാമിന് സമാനമായ ചാനല്‍ ഫീച്ചറാണ് ഇന്ത്യയില്‍ മെറ്റ കൊണ്ടുവന്നിരിക്കുന്നത്. ഈ ഫീച്ചര്‍ വന്നതിന് പിന്നാലെ പ്രമുഖരടക്കം നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചാനല്‍ ലിങ്കുകള്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ഈ ഫീച്ചര്‍ ലഭിക്കാത്ത നിരവധി പേര്‍ ഉണ്ട്.
ഇന്‍സ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ക്ക് സമാനമായി ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനല്‍. അഡ്മിന് മാത്രം മെസേജ് അയക്കാന്‍ കഴിയുന്ന തരത്തിലുള്ള വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണിത്. അതേസമയം ചാനലില്‍ പങ്കാളിയാകുന്നവരുടെ പ്രൊഫൈല്‍ അഡ്മിന് മാത്രമായിരിക്കും കാണാന്‍ കഴിയുക. ചാനലില്‍ ഉള്ള മറ്റംഗങ്ങള്‍ക്ക് മറ്റുള്ളവരുടെ ഫോണ്‍ നമ്പറോ പ്രൊഫൈലോ കാണാന്‍ കഴിയില്ല എന്നത് ഫീച്ചറിന്റെ സവിശേഷതയാണ്.
നിലവില്‍ സ്റ്റാറ്റസ് ടാബിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള്‍ അറിയാനും കഴിയും. ഇന്‍വിറ്റേഷന്‍ ലിങ്കിലൂടെയായിരിക്കും ഒരു വ്യക്തിയോ സ്ഥാപനമോ ക്രിയേറ്റ് ചെയ്ത ചാനലുകളില്‍ ഉപഭോക്താക്കള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയുക.
2023 ജൂണിലാണ് വാട്സ്ആപ്പ് ചാനല്‍ ഫീച്ചര്‍ വാട്സ്ആപ്പിലെത്തുന്നത്. നിലവില്‍ 150ലധികം രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഇന്‍സ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികള്‍ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാന്‍ കഴിയുക. സുരക്ഷ കാര്യങ്ങളിലും വാട്സ്ആപ്പ് ചാനല്‍ നീതി പുലര്‍ത്തുന്നുണ്ട്. ചാനലിലെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിന് വരെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും.
30 ദിവസം മാത്രമേ വാട്സ്ആപ്പ് ചാനല്‍ ഹിസ്റ്ററി സൂക്ഷിക്കുകയുള്ളൂ. അഡ്മിന്റെ വ്യക്തിഗതമായ മറുപടി ഫോളോവേഴ്സിന് കാണാന്‍ സധിക്കില്ല. ഉപഭോക്താക്കള്‍ക്ക് ഒരു ചാനല്‍ ഫോളോ ചെയ്യുന്നത് നിര്‍ത്തണമെങ്കില്‍, ഏത് സമയത്തും നിങ്ങള്‍ക്ക് എളുപ്പത്തില്‍ മ്യൂട്ട് ചെയ്യുകയോ അണ്‍സബ്സ്‌ക്രൈബ് ചെയ്യുകയോ ചെയ്യാവുന്നതാണ്. നിലവിലുള്ള വാട്ട്സ്ആപ്പ് അക്കൗണ്ടോ പുതിയതോ ഉപയോഗിച്ച് ഒരു ചാനല്‍ ഉണ്ടാക്കാന്‍ കഴിയും. അവിടെ നിങ്ങളായിരിക്കും ചാനലിന്റെ അഡ്മിന്‍. അഡ്മിന് തന്റെ ചാനല്‍ ആരൊക്കെ ഫോളോ ചെയ്യണമെന്ന് തീരുമാനിക്കാനും സാധിക്കും.