Connect with us

International

പത്ത് വർഷമായവരെയും മെറ്റ ഒഴിവാക്കി; പ്രകടനം വിലയിരുത്തിയല്ല പിരിച്ചുവിടലെന്ന്‌ ജീവനക്കാർ

മോശം പ്രകടനത്താലാണ്‌ പിരിച്ചുവിട്ടതെന്ന കമ്പനിയുടെ വാദം മറ്റിടങ്ങളിലെ തൊഴിൽസാധ്യതയെ ബാധിക്കുന്നതായി ജീവനക്കാർ

Published

|

Last Updated

വാഷിങ്‌ടൺ | ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടുന്നത്‌ വൻ വാർത്തയായിരുന്നു. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരെ ഒഴിവാക്കുന്നു എന്നായിരുന്നു മെറ്റയുടെ വാദം. ഇതുപ്രകാരം മൂവായിരത്തിൽ അധികം പേർക്ക്‌ മെറ്റ പിരിച്ചുവിടൽ നോട്ടീസ്‌ നൽകുകയും ചെയ്‌തിരുന്നു. ആനുകൂല്യങ്ങൾ ഒന്നും നൽകാതെയായിരുന്നു മെറ്റയുടെ നടപടി. മെറ്റ മേധാവി മാർക്ക്‌ സുക്കർബർഗിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്‌ പിരിച്ചുവിടൽ നടത്തിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ പിരിച്ചുവിട്ട മെറ്റയുടെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്‌ ജീവനക്കാർ. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലല്ല പിരിച്ചുവിടലെന്നാണ്‌ ജീവനക്കാർ ഉയർത്തുന്ന വിമർശനം. ഒരു പതിറ്റാണ്ടോളം പ്രവൃത്തി പരിചയമുള്ള ജീവനക്കാരെയും മെറ്റ പിരിച്ചുവിട്ടിട്ടുണ്ടെന്ന്‌ അമേരിക്കൻ ബിസിനസ്സ്‌ ഓൺലൈൻ വാർത്താചാനലായ ബിസിനസ്‌ ഇൻസൈഡർ റിപ്പോർട്ട്‌ ചെയ്‌തു.

മോശം പ്രകടനത്താലാണ്‌ പിരിച്ചുവിട്ടതെന്ന കമ്പനിയുടെ വാദം ഇവരുടെ മറ്റിടങ്ങളിലെ തൊഴിൽസാധ്യതയെ ബാധിക്കുന്നതായും വാർത്തയിൽ പറയുന്നു. കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനാണ്‌ പിരിച്ചുവിടലെന്നും പ്രകടനം കുറവാണ്‌ എന്നത്‌ ഇതിന്‌ മറയാക്കാനാന്നെന്നും ജീവനക്കാർ ആരോപിച്ചു. ഐടി രംഗത്ത്‌ മികച്ച റേറ്റിങ്ങുള്ളവരെപ്പോലും കമ്പനി പിരിച്ചുവിട്ടിട്ടുണ്ടെന്ന്‌ ടെക് ജീവനക്കാർക്കായുള്ള പ്ലാറ്റ്‌ഫോമായ ബ്ലൈൻഡിൽ ചിലർ പങ്കുവച്ചിരുന്നു.

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ജീവനക്കാരെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും കമ്പനിയുടെ ലാഭം മാത്രമാണ്‌ പരിഗണിക്കുന്നതെന്നും ഇവർ പറഞ്ഞു. പുതുതായി കമ്പനിയിൽ എത്തുന്നവർ ജാഗ്രത പുലർത്തണമെന്നും പിരിച്ചുവിട്ട ജീവനക്കാർ ബ്ലെൻഡിൽ മുന്നറിയിപ്പ്‌ നൽകിയതായി ബിസിനസ്‌ ഇൻസൈഡർ റിപ്പോർട്ട്‌ ചെയ്‌തു.

Latest