International
ജീവനക്കാരുടെ മോശം പ്രകടനം; 3600 പേരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ
കമ്പനിയിലെ അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നതായി മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ജീവനക്കാരെ ഔദ്യോഗികമായി മെമ്മോയിലൂടെ അറിയിച്ചു.
ന്യൂയോർക്ക് | വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ആഗോള ഭീമൻ കമ്പനിയായ മെറ്റ. കമ്പനി 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. മാർക്ക് സക്കർബർഗിൻ്റെ ഇൻ്റേണൽ മെമ്മോ അനുസരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായാണ് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗ് ആണ് വാർത്ത പുറത്തിവിട്ടിരിക്കുന്നത്.
കമ്പനിയിലെ അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നതായി മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ജീവനക്കാരെ ഔദ്യോഗികമായി മെമ്മോയിലൂടെ അറിയിച്ചു. പെര്‍ഫോമന്‍സ് മാനേജ്‌മെന്‍റ് പ്രോസസ് മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മെറ്റയുടെ നീക്കം. മോശം പ്രകടനം കാഴ്ചവെക്കുന്ന തൊഴിലാളികളെയാണ് പറഞ്ഞുവിടുന്നത് എന്നാണ് ബ്ലൂംബെര്‍ഗിൻ്റെ റിപ്പോർട്ട്. സക്കര്‍ബര്‍ബര്‍ഗാണ് നേരിട്ട് നടപടി എടുക്കുന്നത്.
10,000 ജീവനക്കാരെ ഒഴിവാക്കാന്‍ 2023ല്‍ മെറ്റ തീരുമാനിച്ചിരുന്നു. 2022, 2023 കാലത്ത് 21,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം മെറ്റയുടെ ഏറ്റവും വലിയ പിരിച്ചുവിടലായാണ് ഇതിനെ കാണുന്നത്. തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ ആരൊക്കെയെന്ന് ഫെബ്രുവരി 10ന് മെറ്റ അറിയിക്കും. ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 72,000 ജീവനക്കാരാണ് മെറ്റയ്ക്കുള്ളത്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മെറ്റയ്ക്കുള്ളില്‍ വലിയ മാറ്റങ്ങള്‍ മാര്‍ക് സക്കര്‍ബര്‍ഗ് പദ്ധതിയിടുന്നുണ്ട്. യുഎസില്‍ തേഡ്-പാര്‍ട്ടി ഫാക്ട് ചെക്കിംഗ് പ്രോഗ്രാം അവസാനിപ്പിക്കുന്നതായി മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഇലോണ്‍ മസ്‌കിന്‍റെ എക്‌സില്‍ (പഴയ ട്വിറ്റര്‍) ഉള്ളതുപോലുള്ള കമ്മ്യൂണിറ്റി നോട്ട് സംവിധാനമാകും ഇതിന് പകരം ഫേസ്ബുക്കില്‍ വരിക.