Articles
കോര്‍പറേറ്റ് ഫാസിസത്തിന്റെ രീതികള്‍
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായി എല്ലാവരും ചൂണ്ടിക്കാട്ടുന്ന ഒന്നാണ് തിരഞ്ഞെടുപ്പ് ധനസമാഹരണം. പണം നല്‍കുന്നവര്‍ക്ക് കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള താത്പര്യങ്ങള്‍ കാണുമെന്ന് തീര്‍ച്ച. ഈ പണത്തിന്റെ ബന്ധനം മൂലം അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കായി നിരവധി 'വിട്ടു വീഴ്ചകള്‍' ചെയ്യേണ്ടിവരും. അത് സര്‍ക്കാറിന്റെ നയങ്ങളും പദ്ധതികളും ഇവര്‍ക്ക് അനുകൂലമാക്കാന്‍ വഴിവെക്കും
രാഷ്ട്രീയ കക്ഷികള്‍ക്ക് കോര്‍പറേറ്റ് സംഭാവനക്കായി ഒരുക്കിയിരിക്കുന്ന ഇലക്ടറല്‍ ബോണ്ടുകള്‍ കേവലം രാഷ്ട്രീയ കക്ഷികളെ മാത്രമല്ല എല്ലാവരേയും ബാധിക്കുന്നതാണെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ പരാമര്‍ശം കൃത്യവും വ്യക്തവും സത്യവുമാണ്. എവിടെ നിന്ന് വരുന്നു എന്ന് ജനങ്ങള്‍ക്കറിയാത്തതായി ഇവ തുടരുന്നത് ശരിയാണോ എന്ന ചോദ്യം നമുക്ക് ഓരോരുത്തര്‍ക്കുമുള്ളതാണ്.
1951ലെ ഇന്ത്യന്‍ പ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29 എ അനുസരിച്ച് റജിസ്റ്റര്‍ ചെയ്യപ്പെട്ട, വോട്ടിംഗ് ഷെയറില്‍ ഒരു ശതമാനമെങ്കിലും നേടിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ ഇതനുസരിച്ച് സംഭാവന ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകൃത ബേങ്ക് അക്കൗണ്ടുകള്‍ വഴിയായിരിക്കും സംഭാവനകള്‍ നല്‍കുക. ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേര് രഹസ്യമായിരിക്കും. വിവരാവകാശ നിയമമനുസരിച്ച് പോലും ഈ വിവരങ്ങള്‍ ലഭിക്കുകയില്ല. ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയെയാണ്.
എന്തിനു വേണ്ടി ഈ സംവിധാനം?
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായി എല്ലാവരും ചൂണ്ടിക്കാട്ടുന്ന ഒന്നാണ് തിരഞ്ഞെടുപ്പ് ധനസമാഹരണം. അഴിമതിയുടെ കറ പുരളാത്തവരെന്ന് നാം കരുതുന്ന നേതാക്കള്‍ക്കു പോലും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി വലിയ തോതില്‍ പണം പിരിക്കേണ്ടിവരും. പ്രത്യേകിച്ചും തിരഞ്ഞെടുപ്പിനെ ഒരു ഉത്സവമാക്കി മാറ്റിയ ഇക്കാലത്ത് പ്രചാരണ കോലാഹലം കുറഞ്ഞ സ്ഥാനാര്‍ഥി തോല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തില്‍ ഫണ്ട് പിരിക്കേണ്ടിവരുമ്പോള്‍ പണം നല്‍കുന്നവര്‍ക്ക് കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള താത്പര്യങ്ങള്‍ കാണുമെന്ന് തീര്‍ച്ച. ഈ പണത്തിന്റെ ബന്ധനം മൂലം അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കായി നിരവധി ‘വിട്ടു വീഴ്ചകള്‍’ ചെയ്യേണ്ടിവരും. അത് സര്‍ക്കാറിന്റെ നയങ്ങളും പദ്ധതികളും ഇവര്‍ക്ക് അനുകൂലമാക്കാന്‍ വഴിവെക്കും. ഇതൊക്കെ ലളിത യാഥാര്‍ഥ്യങ്ങള്‍ മാത്രം. വന്‍കിട കോര്‍പറേറ്റുകള്‍ സ്പോണ്‍സര്‍ ചെയ്ത എം പിമാരും എം എല്‍ എമാരും മുമ്പു തന്നെ ഉണ്ടായിരുന്നു എന്നത് രഹസ്യമല്ല.
ആശങ്കകള്‍ എന്തെല്ലാം?
തിരഞ്ഞെടുപ്പ് ഫണ്ടിംഗ് സംവിധാനങ്ങള്‍ സുതാര്യമാക്കുന്നതിനും അഴിമതി തടയുന്നതിനും സഹായകമാകുമെന്ന പേരിലാണ് 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് എന്ന സംവിധാനം കൊണ്ടുവന്നത്. അതിനെ പറ്റിയുള്ള ആലോചനകള്‍ നടക്കുന്ന കാലത്തു തന്നെ ഇതിന്റെ പിന്നിലെ നിഗൂഢതകള്‍ സംബന്ധിച്ച ആശങ്കകളും ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തന്നെ ചില വന്‍കിട കോര്‍പറേറ്റ് താത്്പര്യങ്ങളുടെ പിന്‍ബലത്തിലാണെന്ന ആരോപണത്തിന് ശക്തി പകരുന്നവയായിരുന്നു അദാനിയുടെ വളര്‍ച്ചയുടെ വേഗവും പൊതു ആസ്തികള്‍ ഇഷ്ടം പോലെ വിറ്റു തുലയ്ക്കുന്ന നടപടികളുമെല്ലാം. അത്തരമൊരു സര്‍ക്കാര്‍ അഴിമതിയില്ലാതാക്കാന്‍ ഒരു നിയമം കൊണ്ടുവരുമെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഈ സംവിധാനത്തിനെതിരെ നിരവധി സന്നദ്ധസംഘടനകളും ചില പ്രതിപക്ഷ കക്ഷികളും നിയമപോരാട്ടത്തിനിറങ്ങിയതും 2017ല്‍ തന്നെയാണ്. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അഞ്ച് ചീഫ് ജസ്റ്റിസുമാര്‍ (ദീപക് മിശ്ര, രഞ്ജന്‍ ഗോഗോയ്, എസ് എ ബോബ്‌ഡെ, എന്‍ വി രമണ, യു യു ലളിത്) വന്നു പോയിട്ടും ഇത്രയും പ്രധാനപ്പെട്ട ഒരു കേസ് എങ്ങുമെത്തിയില്ല. ഇതിനു മുമ്പുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് ലളിത് ഇതിനൊരുങ്ങിയെങ്കിലും ഒന്നും മുന്നോട്ടു പോയില്ല. ഇത്രക്കും ദേശീയപ്രാധാന്യമുള്ള ഒരു വിഷയം നിരന്തരം മാറ്റിവെക്കുന്നതിനെതിരെ പൊതു സമൂഹത്തില്‍ നിന്ന് നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആറാമത്തെ ചീഫ് ജസ്റ്റിസ് എങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്നാണ് നം പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍ പ്രതിരോധം അപഹാസ്യം
എന്നാല്‍ ഭരണഘടനാ പ്രശ്ങ്ങള്‍ ഉണ്ടെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. സര്‍ക്കാറിന്റെ ഒരു നയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് അവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. എന്നാല്‍, ജനങ്ങളെയെല്ലാം ബാധിക്കുന്ന ഒന്നാണിതെന്ന സുപ്രീം കോടതിയുടെ വിലയിരുത്തല്‍ അവരെ നിരാശപ്പെടുത്തി. ജസ്റ്റിസ് ചന്ദ്രചൂഢിന്റെ സ്ഥാനാരോഹണം മറ്റു പല വിഷയങ്ങളിലുമെന്ന പോലെ ഇതിലും മാറ്റം വരുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് ഇതെടുക്കാന്‍ തീരുമാനിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ആര്‍ എസ് ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് ആ ബഞ്ചിലുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് അന്തിമ വാദം കേള്‍ക്കാന്‍ തുടങ്ങി. സര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരാകുന്നത്. വാദികള്‍ക്ക് വേണ്ടി പ്രശാന്ത്ഭൂഷണും കപില്‍ സിബലും ഹാജരാകുന്നു.
അഞ്ച് പ്രധാന വിഷയങ്ങളാണ് ഹരജിയില്‍ ഉന്നയിക്കപ്പെട്ടതായി കോടതി കരുതുന്നത്. ആരാണ് സംഭാവനകള്‍ നല്‍കിയതെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നതാണ് ഒന്നാമത്തെ വിഷയം. ഇക്കാര്യത്തില്‍ അങ്ങനെ ഒരാവകാശം വിവരാവകാശ നിയമത്തിന്റെ പോലും പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വെങ്കിട്ടരമണ ശക്തമായി വാദിക്കുന്നത്. വോട്ടു ചെയ്യുന്നവരില്‍ നിന്ന് ഇത് മറച്ചുപിടിക്കുന്നതിലെ ധാര്‍മികതക്കപ്പുറം ഇതുവഴി ജനാധിപത്യം തന്നെ അര്‍ഥശൂന്യമാകില്ലേ എന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്. രാഷ്ട്രീയത്തെ ഇത് കൂടുതല്‍ സുതാര്യമാക്കുന്നതെങ്ങനെയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. സുതാര്യമല്ലാതെയുള്ള സംഭാവനകള്‍ എപ്പോഴും ഭരിക്കുന്നവര്‍ക്കു ഗുണകരമാകുമെന്നും അത് വഴി തിരഞ്ഞെടുപ്പിലെ തുല്യത ഇല്ലാതാകുന്നുവെന്നുമുള്ള ഹരജിക്കാരുടെ വാദം ഒരു പരിധി വരെ കോടതിയും അംഗീകരിക്കുന്നു. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ ആര്‍ക്കും അറിയാന്‍ സാധിക്കില്ലെന്ന വാദത്തിനു പിന്‍ബലമായി തുഷാര്‍ മിശ്ര ഉയര്‍ത്തിക്കാട്ടുന്ന രേഖ ഈ സംഭാവന സ്വീകരിക്കുന്ന ഏക ബേങ്കായ എസ് ബി ഐ ചെയര്‍മാന്റെ കത്താണ്. സര്‍ക്കാര്‍ നിയമിക്കുന്ന ആളാണ് ഈ ചെയര്‍മാന്‍ എന്നതിനാല്‍ ഈ വിവരം ആര്‍ക്കൊക്കെ കിട്ടുമെന്നറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഈ വിവരങ്ങള്‍ ചോര്‍ന്നു പോകുന്നത് ക്രിമിനല്‍ കുറ്റമായി കണ്ട് ശിക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന വാദം കോടതി എത്രകണ്ട് അംഗീകരിക്കുമെന്നറിയില്ല.
ഇലക്ടറല്‍ ബോണ്ടുകളുടെ പിന്നില്‍ മറ്റൊരു ചതി കൂടി ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് ക്വിന്റ്പത്രം നടത്തിയ അന്വേഷണത്തിലൂടെ വെളിച്ചത്തുകൊണ്ടുവന്നിരുന്നു. 2018 ഫെബ്രുവരി ഒന്നിന് അരുണ്‍ ജെയ്റ്റ്്‌ലി പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയില്ലെന്നായിരുന്നു. ക്വിന്റ്എന്ന മാധ്യമസ്ഥാപനം നടത്തിയ അന്വേഷണം തെളിയിക്കുന്നത്, ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരെക്കുറിച്ച് അറിയാനുള്ള രഹസ്യ നമ്പറുകള്‍ അതില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്നാണ്. ബേങ്കുകളില്‍ നിന്ന് വാങ്ങിക്കുന്ന ഓരോ ഇലക്ടറല്‍ ബോണ്ടിന്റെയും മുകള്‍ ഭാഗത്ത് ഒരു ആല്‍ഫാ ന്യൂമറിക്കല്‍ നമ്പര്‍ ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന് പത്രം തെളിവു സഹിതം പുറത്തുവിട്ടു. അള്‍ട്രാ വയലറ്റ് ലൈറ്റ് ഉപയോഗിച്ചുകൊണ്ട് മാത്രമേ ഈ രഹസ്യനമ്പര്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ഈ നമ്പര്‍ ഉപയോഗിച്ച് ബോണ്ടുകള്‍ വാങ്ങുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ സര്‍ക്കാറിന് അറിയാന്‍ സാധിക്കും. അതു കൊണ്ടു തന്നെ തങ്ങള്‍ വഴിവിട്ട് നല്‍കിയ സേവനങ്ങള്‍ കൈപ്പറ്റിയവര്‍ തങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഭരണകക്ഷിയായ ബി ജെ പിക്ക് സാധിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ക്വിന്റ് വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളില്‍ ഇത്തരത്തില്‍ നമ്പറുകള്‍ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. ക്വിന്റ്‌തെളിവു സഹിതം ഉന്നയിച്ച ഈ ഗുരുതരമായ ആരോപണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.
സംഭാവനകള്‍ക്ക് പരിധി വേണ്ടേ?
കള്ളപ്പണം തടയുക എന്നതാണിതിന്റെ ലക്ഷ്യമെന്ന വാദം തത്ത്വത്തില്‍ കോടതിയും അംഗീകരിക്കുന്നു. സംഭാവനകള്‍ പണമായി നല്‍കുന്നതിനെ കോടതി അനുകൂലിക്കുന്നില്ല. എന്നാല്‍ ഇങ്ങനെ ഒരു കമ്പനി പണം അവരുടെ ലാഭത്തിന്റെ എത്ര ശതമാനം വരെ നല്‍കാമെന്നതിന് ഒരു നിബന്ധനയുമില്ല. മുമ്പ് ഇതുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തെ ശരാശരി ലാഭത്തിന്റെ 7.5 ശതമാനം മാത്രമേ രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവനയായി നല്‍കാന്‍ ഒരു കമ്പനിക്കു കഴിഞ്ഞിരുന്നുള്ളൂ. (1985 മുതല്‍ 2013 വരെ ഇത് അഞ്ച് ശതമാനം ആയിരുന്നു) ഈ നിബന്ധന ഇപ്പോള്‍ ഒഴിവാക്കിയതിനെ കോടതി ചോദ്യം ചെയ്യുന്നു.
ഇപ്പോള്‍ നഷ്ടത്തിലോടുന്ന കമ്പനികള്‍ക്കും സംഭാവന നല്‍കാം. സ്വന്തം ആസ്തി വിറ്റും ഇങ്ങനെ സംഭാവനകള്‍ നല്‍കുന്ന കമ്പനികളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാണല്ലോ. മുമ്പ് ഷെല്‍ കമ്പനികള്‍ (കപടക്കമ്പനികള്‍) ഉണ്ടാക്കിയാണ് പലരും ഈ നിയമങ്ങളെ മറികടന്നിരുന്നതെന്നും അതൊഴിവാക്കാനാണ് ലാഭത്തിന്റെ നിബന്ധനകള്‍ ഒഴിവാക്കിയതെന്നുമാണ് ഇതിനു സര്‍ക്കാര്‍ മറുപടി നല്‍കിയത്. 2000ത്തില്‍ പരം ഇത്തരം ഷെല്‍ കമ്പനികള്‍ ഇല്ലാതായി എന്നും സര്‍ക്കാര്‍ വാദിക്കുന്നു (2018 ല്‍ നോട്ടു നിരോധനം കൊണ്ടുവന്നപ്പോള്‍ കള്ളപ്പണം ഇല്ലാതാക്കുമെന്ന വാഗ്ദാനം പോലെ തന്നെയാണിതും) എങ്കിലും കോടതി പറയുകയാണെങ്കില്‍ ലാഭമുള്ള കമ്പനികള്‍ക്ക് മാത്രം സംഭാവന എന്ന നിബന്ധനക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞു.
കേസിന്റെ ഭാഗമായി 2023 സെപ്്തംബര്‍ 30 വരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് ലഭിച്ച ബോണ്ട് വഴിയുള്ള സംഭാവനകളുടെ കണക്ക് ബോധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അനൗദ്യോഗിക റിപോര്‍ട്ടുകള്‍ അനുസരിച്ച് 2018 മാര്‍ച്ച് മുതല്‍ 2023 ജൂലൈ വരെ 13,000 കോടി രൂപയുടെ സംഭാവനകളാണ് വിവിധ കക്ഷികള്‍ക്കായി നല്‍കിയിരിക്കുന്നത്. ഇതിന്റെ 58 ശതമാനവും ലഭിച്ചിരിക്കുന്നത് ഒരേയൊരു കക്ഷിക്കാണ്, ബി ജെ പിക്ക്. നാല് കക്ഷികള്‍ (ബി ജെ പി, ടി എം സി, കോണ്‍ഗ്രസ്സ്, എന്‍ സി പി) അവരുടെ 2020-21 ലെ ഫണ്ടിന്റെ 55 ശതമാനവും ഇത്തരം ബോണ്ടുകള്‍ വഴിയാണ് സമാഹരിച്ചിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഒരു സന്നദ്ധ സംഘടനയായ എ ഡി ആര്‍ (അസ്സോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ്) വിലയിരുത്തുന്നത് ഏഴ് ദേശീയ കക്ഷികളുടെ മൊത്തം വരുമാനത്തിന്റെ 66 ശതമാനവും വന്നിരിക്കുന്നത് എവിടെ നിന്നാണെന്നു വെളിപ്പെടുത്തിയിട്ടേയില്ല എന്നാണ്. ബി ജെ പി, കോണ്‍ഗ്രസ്സ്, ടി എം സി, എന്‍ സി പി, സി പി ഐ, സി പി എം, മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ കക്ഷികള്‍ക്ക് ലഭിച്ച സംഭാവനകളില്‍ 2,172 കോടി ഇങ്ങനെയുള്ളതാണ്. വാര്‍ഷിക ഓഡിറ്റ് റിപോര്‍ട്ടിലും ഇതെവിടെ നിന്ന് വന്നു എന്നവര്‍ കാണിക്കുന്നില്ല. ഇതാണ് ഇലക്ടറല്‍ ബോണ്ടുകൊണ്ടുള്ള പ്രയോജനം എന്നും അവര്‍ പറയുന്നു.
ഈ പ്രശ്‌നത്തിന് മറ്റു പല മാനങ്ങളുമുണ്ട്. ഉദാഹരണത്തിന് ഈ നിയമത്തിന് കീഴില്‍ ഏതൊരു വിദേശ കമ്പനിക്കും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയും. ആരാണ് സംഭാവന ചെയ്യുന്നതെന്ന് അറിയാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ടുതന്നെ ഏതൊരു വിദേശ കമ്പനികള്‍ക്കും അവരുടെ ഏജന്റുകളിലൂടെ ഇക്കാര്യം ഓപറേറ്റ് ചെയ്യാന്‍ സാധിക്കും. ഇതില്‍ ഭരണപക്ഷ പാര്‍ട്ടികള്‍ക്കായിരിക്കും കൂടുതല്‍ ലാഭമുണ്ടാകുക എന്ന് ഉറപ്പാണ്.
ഇലക്ടറല്‍ ബോണ്ട് പ്രഖ്യാപിക്കുന്നതിന് മുന്നെ തന്നെ, അതായത് 2016-17 കാലയളവില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവനകളുടെ 86 ശതമാനവും ബി ജെ പിക്കാണ് എന്നത് ഓര്‍മിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വിദേശ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ ഇന്ത്യയിലെ നയരൂപവത്കരണങ്ങളില്‍ വിദേശ കമ്പനികള്‍ക്ക് നേരിട്ട് ഇടപെടാനുള്ള അവസരമാണ് സര്‍ക്കാര്‍ ചെയ്തുകൊടുത്തിരിക്കുന്നത്. കോര്‍പറേറ്റ് ഫാഷിസത്തെ തടുക്കാന്‍ കോടതിക്ക് എത്രമാത്രം കഴിയുമെന്നത് ഇനി കാത്തിരുന്നു കാണണം.