Uae
മെട്രോ നീലപ്പാത നിർമാണ കരാർ അന്തിമഘട്ടത്തിൽ
ആകെ നീളം 30 കിലോമീറ്റർ ആയിരിക്കും. 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉയരത്തിലുമാണ്.
ദുബൈ | ദുബൈ മെട്രോ നീലപ്പാത നിർമാണ കരാർ സ്പെയിനിന്റെ എഫ് സി സി, ബീജിംഗ് ആസ്ഥാനമായുള്ള ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എൻജിനീയറിംഗ് കോർപ്പറേഷൻ (സി എ സ് സി ഇ സി), ഫ്രാൻസിന്റെ അൽസ്റ്റോം എന്നിവയുടെ കൺസോർഷ്യത്തിന് ലഭിച്ചേക്കും. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) നടത്തിയ പുനർ ലേലത്തിൽ കൺസോർഷ്യം 1980 കോടി ദിർഹം ഓഫർ സമർപ്പിച്ചു. 2,410 കോടി ദിർഹത്തിന്റെ യഥാർഥ അടിസ്ഥാന ഓഫറിനേക്കാൾ 18 ശതമാനം കുറവാണിത്.
ഇന്ത്യയുടെ ലാർസൻ ആൻഡ് ടൂബ്രോ, ചൈനയുടെ പവർചൈന, വേഡ് ആഡംസ്, ഹിറ്റാച്ചി എന്നിവയുടെ കൺസോർഷ്യം സമർപ്പിച്ച 2,030 കോടി ദിർഹം ബിഡ് ആണ് രണ്ടാമത്തെ ഏറ്റവും കുറഞ്ഞത്. തുർക്കിയുടെ ലിമാക് ഹോൾഡിംഗ്, മാപ്പ ഗ്രൂപ്പ്, തുർക്കിയുടെ കൺസോർഷ്യം, ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷൻ (സി ആർ ആർ സി) ഹോങ്കോംഗ് എന്നിവയും രംഗത്തുണ്ടായിരുന്നു. ബ്ലൂ ലൈനിന്റെ രൂപകൽപ്പനയും നിർമാണവും കരാർ കമ്പനിയുടെ ഉത്തരവാദിത്തമാണ്. സിവിൽ ജോലികൾ, ഇലക്ട്രോ മെക്കാനിക്കൽ ജോലികൾ, റോളിംഗ് സ്റ്റോക്ക്, റെയിൽ സംവിധാനങ്ങൾ എന്നിവയുടെ ഉത്തരവാദിത്തവും വഹിക്കണം.
നിലവിലുള്ള ചുവപ്പ്, പച്ച പാതകളെ ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈൻ. ആകെ നീളം 30 കിലോമീറ്റർ ആയിരിക്കും. 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉയരത്തിലുമാണ്. 14 സ്റ്റേഷനുകൾ ഉണ്ടാകും. അതിൽ ഏഴെണ്ണം ഉയരത്തിലായിരിക്കും. ഒരു ഇന്റർചേഞ്ച് സ്റ്റേഷൻ ഉൾപ്പെടെ അഞ്ച് ഭൂഗർഭ സ്റ്റേഷനുകളും നിലവിലുള്ള സെന്റർപോയിന്റ‌്, ക്രീക്ക് സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചിട്ടുള്ള രണ്ട് എലിവേറ്റഡ് ട്രാൻസ്ഫർ സ്റ്റേഷനുകളും ഉണ്ടാകും. 28 ഡ്രൈവറില്ലാ ട്രെയിനുകളുടെ വിതരണം, 60 ട്രെയിനുകൾ വരെ ഉൾക്കൊള്ളാൻ ഒരു ഡിപ്പോയുടെ നിർമാണം അനുബന്ധ റോഡുകളുടെ നിർമാണം, സൗകര്യങ്ങൾ, യൂട്ടിലിറ്റി വഴിതിരിച്ചുവിടൽ ജോലികൾ എന്നിവയും കരാറിന്റെ പരിധിയിൽ ഉൾപ്പെടുന്നു.