National
മെട്രോ ട്രെയിനിന്റെ സിഗ്‌നലിംഗ് കേബിളുകള്‍ കാണാതായി; പിന്നില്‍ സാമൂഹ്യ വിരുദ്ധരെന്ന് പ്രാഥമിക അന്വേഷണ വിവരം
ഡല്‍ഹി മെട്രോ സര്‍വ്വീസിലെ ബ്ലൂ ലൈനില്‍ നിരവധി സര്‍വ്വീസുകള്‍ വൈകി.
ന്യൂഡല്‍ഹി| മെട്രോ ട്രെയിനിന്റെ സിഗ്‌നലിംഗ് കേബിളുകള്‍ കാണാതായതായി പരാതി. ഇതേതുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വ്വീസിലെ ബ്ലൂ ലൈനില്‍ നിരവധി സര്‍വ്വീസുകള്‍ വൈകി. ദ്വാരക സെക്ടര്‍ 21 മുതല്‍ നോയിഡ ഇലക്ട്രോണിക് സിറ്റി വൈശാലിയിലേക്കുള്ള സര്‍വ്വീസുകളാണ് വൈകിയത്. വ്യാഴാഴ്ചയാണ് സംഭവം. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.
മോത്തി നഗര്‍, കീര്‍ത്തി നഗര്‍ മെട്രോ സ്റ്റേഷനുകള്‍ക്കിടയില്‍ സിഗ്‌നലിംഗ് കേബിളുകള്‍ കാണാതാവുകയോ തകരാറ് വരികയോ ചെയ്തതിന് പിന്നാലെയാണ് സംഭവം. തുടര്‍ന്ന് ട്രെയിനുകള്‍ വളരെ നിയന്ത്രിതമായ വേഗതയില്‍ സഞ്ചരിക്കേണ്ടതായി വന്നുവെന്നും മറ്റ് മേഖലകളെ പ്രശ്‌നം ബാധിച്ചില്ലെന്നും ഡിഎംആര്‍സി അറിയിച്ചു. യാത്രയ്ക്ക് പതിവില്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ഇത് അനുസരിച്ച് യാത്ര ക്രമീകരിക്കണമെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ യാത്രക്കാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.