Connect with us

jignesh mewani arrest

മേവാനി ഒരു പ്രതീകമാണ്, ഒരു കനത്ത പ്രതീക്ഷയാണ്

അത് തന്നെയാണ് ബി ജെ പിയെ ഭയപ്പെടുത്തുന്നത്.

Published

|

Last Updated

വർണ രാഷ്ട്രീയ സമ്പ്രദായങ്ങളുടെ ഉരുക്കു മുഷ്ടികൾക്കിടയിൽ ആത്മാഭിമാനം നഷ്ടപ്പെട്ടു ജീവിക്കേണ്ട ഗതികേടിലായ ഉണായിലെ ജനങ്ങളെ മോചിപ്പിക്കാൻ ഉറച്ച മനസ്സോടെയാണ് ജിഗ്നേഷ് മേവാനി നിലനിന്നതെന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ എം പി ഫേസ്ബുക്കിൽ കുറിച്ചു. രോഹിത് വെമുലയുടെ ജീവത്യാഗത്തെ തുടർന്ന് രാജ്യത്തെ ക്യാംപസുകളിൽ അലയടിച്ച അംബേദ്‌കറൈറ്റ് രാഷ്ട്രീയത്തിന്റെ, ദളിത് സ്വത്വ സാക്ഷാത്കാരത്തിന്റെ ഗ്രാമീണ ഇന്ത്യയിലെ പ്രതീക്ഷാവഹമായ പ്രതിഫലനമായി ഉണായിലെ പോരാട്ടം മാറി. നേരിനും നീതിക്കും വേണ്ടി നിലയുറപ്പിക്കാൻ നാല്പത്തിരണ്ടുകാരനായ മേവാനിക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടതില്ല. അത് തന്നെയാണ് ബി ജെ പിയെ ഭയപ്പെടുത്തുന്നത്. അതുകൊണ്ടാണ് ഒരു പീറക്കേസുമായി അസം പോലീസ് ഗുജറാത്തിൽ വന്ന് മേവാനിയെ അറസ്റ്റ് ചെയ്യുന്നത്. കോടതി ജാമ്യത്തിൽ വിടുമ്പോൾ വീണ്ടും അറസ്റ്റ് ചെയ്യുന്നത്. മേവാനി ഒരു പ്രതീകമാണ്. ഒരു കനത്ത പ്രതീക്ഷയാണ്. മേവാനിക്കൊപ്പം നിലയുറപ്പിക്കുക!- അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം:

ജിഗ്നേഷ് മേവാനി രാജ്യത്ത് ഉദിച്ചുനിൽക്കുന്ന ചുരുക്കം ചില പ്രതീക്ഷാ നക്ഷത്രങ്ങളിലൊന്നാണ്. അടിച്ചമർത്തപ്പെട്ട ദളിത് ജനവിഭാഗങ്ങളുടെ രാജ്യം കണ്ട ഏറ്റവും ഉജ്ജ്വലമായ പ്രക്ഷോഭമാണ് മേവാനിയുടെ നേതൃത്വത്തിൽ ഉനയിൽ നടന്നത്.

സവർണ്ണ രാഷ്ട്രീയ സമ്പ്രദായങ്ങളുടെ ഉരുക്കു മുഷ്ടികൾക്കിടയിൽ ആത്മാഭിമാനം നഷ്ടപ്പെട്ടു ജീവിക്കേണ്ട ഗതികേടിലായ ഉണായിലെ ജനങ്ങളെ മോചിപ്പിക്കാൻ ഉറച്ച മനസ്സോടെയാണ് മേവാനി നിലനിന്നത്. രോഹിത് വെമുലയുടെ ജീവത്യാഗത്തെ തുടർന്ന രാജ്യത്തെ ക്യാംപസുകളിൽ അലയടിച്ച അംബേദ്‌കറൈറ്റ് രാഷ്ട്രീയത്തിന്റെ ദളിത് സ്വത്വ സാക്ഷാത്കാരത്തിന്റെ ഗ്രാമീണ ഇന്ത്യയിലെ പ്രതീക്ഷാവഹമായ പ്രതിഫലനമായി ഉണായിലെ പോരാട്ടം മാറി.
ഗുജറാത്ത് കർഷകരുടെ ആത്മഹത്യകൾ സംബന്ധിച്ച അന്വേഷണങ്ങളിലൂടെയാണ് മേവാനി പൊതുരംഗത്ത് സജീവമാകുന്നത്. മാധ്യമ പ്രവർത്തനമായിരുന്നു വഴി. കർഷക ആത്മഹത്യകളെ കുറിച്ചുള്ള ‘ഖേദ് മോറ റേ’ എന്ന ഡോക്യൂമെന്ററിയിലൂടെ മേവാനി ‘ഗുജറാത്ത് മോഡൽ’ നുണകൾ നേരിട്ടു. അഹമ്മദാബാദിലെയും സുരേന്ദ്ര നഗറിലെയും മിച്ചഭൂമി വിതരണത്തിലെ അഴിമതിയും ദളിത് വിവേചനവും പുറത്തു കൊണ്ടുവന്നതോടെ മേവാനിയെ രാജ്യം ശ്രദ്ധിച്ചു തുടങ്ങി. മാധ്യമരംഗത്തു നിന്ന് നിയമജ്ഞന്റെ വഴിയിലേക്ക് മേവാനി തിരിയുന്നതും ഇതേ കാലത്താണ്. അംബേദ്‌കറിന്റെ ജനതക്ക് അംബേദ്‌കറിന്റെ വഴി നോക്കി മേവാനി പൊരുതാനുറച്ചു.
ഗുജറാത്തിലെ ഉണായിൽ പശുക്കടത്ത് ആരോപിച്ച് ദളിതരായ ചെറുപ്പക്കാരെ നടുറോട്ടിലിട്ട് ക്രൂരമായി മർദ്ധിച്ചു. പോലീസ് ഒന്നും ചെയ്തില്ല. ആരും ഒന്നും മിണ്ടിയില്ല. പക്ഷെ, മേവാനിയും അനവധി ദളിത് സംഘടനകളും തെരുവിലിറങ്ങി. സ്വാഭിമാൻ യാത്ര സംഘടിപ്പിക്കപ്പെട്ടു. പതിനായിരങ്ങൾ ഉണായിലേക്ക് ഒഴുകി. വെമുല ഒരു നക്ഷത്രമായി ഉദിച്ചു.
അടുത്ത വർഷം നിയമസഭയിലേക്ക് വാദ്ഗാമിൽ നിന്ന് സ്വതന്ത്രനായി ജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താതെ മേവാനിയെ പിന്തുണച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുമെന്ന് മേവാനി പ്രഖ്യാപിച്ചു. നേരിനും നീതിക്കും വേണ്ടി നിലയുറപ്പിക്കാൻ നാല്പത്തിരണ്ടുകാരനായ മേവാനിക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടതില്ല. അത് തന്നെയാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. അതുകൊണ്ടാണ് ഒരു പീറക്കേസുമായി അസം പോലീസ് ഗുജറാത്തിൽ വന്ന് മേവാനിയെ അറസ്റ്റ് ചെയ്യുന്നത്. കോടതി ജാമ്യത്തിൽ വിടുമ്പോൾ വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

മേവാനി ഒരു പ്രതീകമാണ്. ഒരു കനത്ത പ്രതീക്ഷയാണ്. മേവാനിക്കൊപ്പം നിലയുറപ്പിക്കുക!

 

Latest