First Gear
എം ജി ആസ്റ്റര്‍ സെപ്തംബര്‍ 15ന് അവതരിപ്പിക്കും
വാഹനത്തില്‍ പേഴ്സണല്‍ അസിസ്റ്റന്‍സ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി എം ജി മോട്ടോഴ്സിന് സ്വന്തമാകും. ഇന്ത്യയുടെ പാരാ ഒളിമ്പിക്‌സ് താരം ദീപ മാലിക്ക് ആണ് കാറിലെ റോബോട്ടിന് ശബ്ദം നല്‍കുന്നത്.
ന്യൂഡല്‍ഹി| പുതിയ കാര്‍ മോഡലായ ആസ്റ്റര്‍ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്സ്. സെപ്തംബര്‍ 15ന് കാര്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇവി മോഡലായ ഇസഡ് എസിന്റെ പെട്രോള്‍ പവര്‍ പതിപ്പാണ് ആസ്റ്റര്‍. നിരവധി അത്യാധുനിക ഫീച്ചറുകളോടെയാണ് വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആസ്റ്ററില്‍ പേഴ്സണല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് അസിസ്റ്റന്റ് സംവിധാനം ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. വാഹനത്തിനുള്ളില്‍ ഒരു റോബോട്ട് ഉള്ളതിന് സമാനമാണിത്.
വാഹനത്തില്‍ പേഴ്സണല്‍ അസിസ്റ്റന്‍സ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി എം ജി മോട്ടോഴ്സിന് സ്വന്തമാകും. ഇന്ത്യയുടെ പാരാ ഒളിമ്പിക്‌സ് താരം ദീപ മാലിക്ക് ആണ് കാറിലെ റോബോട്ടിന് ശബ്ദം നല്‍കുന്നത്.
അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയ്ല്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ഇന്റലിജെന്റ് ഹെഡ്ലാമ്പ് കണ്‍ട്രോള്‍, റിയര്‍ ഡ്രൈവര്‍ അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവെന്‍ഷന്‍, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് എം.ജി. മോട്ടോഴ്സ് ആസ്റ്ററില്‍ നല്‍കുന്നത്.
ആസ്റ്ററിന്റെ കരുത്ത് നല്‍കുന്നത് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കും, 163 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് നല്‍കും. കാഴ്ചയില്‍ സെഡ്എസ് ഇലക്ട്രിക്കിന് സമാനമായിരിക്കും പെട്രോള്‍ പതിപ്പും. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പും, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബംമ്പറുകളും അലോയി വീലുകളും ഇലക്ട്രിക് മോഡലിന് സമാനമായിരിക്കും.