Connect with us

Eranakulam

എം ജി യൂണിവേഴ്‌സിറ്റി കലോത്സവം; എസ് എച്ച് കോളജ് തേവരക്ക് കലാകിരീടം

Published

|

Last Updated

പത്തനംതിട്ട | മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ എസ് എച്ച് കോളജ് തേവരക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. 131 പോയിന്റുകളാണ് തേവര നേടിയത്. 68 പോയിന്റുമായി ആര്‍ എല്‍ വി കോളജ് തൃപ്പൂണിത്തുറ രണ്ടാമതെത്തി. 67 പോയിന്റുമായി മഹാരാജാസ് കോളജ് മൂന്നാം സ്ഥാനം നേടി. സംഗീത വിഭാഗത്തിലും സാഹിത്യ വിഭാഗത്തിലും ഫൈന്‍ ആര്‍ട്സ് വിഭാഗത്തിലും എസ് എച്ച് കോളജ് തേവര വിജയം നേടി. തിയേറ്റര്‍ വിഭാഗത്തില്‍ ശ്രീശങ്കര കോളജ് കാലടി വിജയം കരസ്ഥമാക്കി.

രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുള്ള അംഗീകാരമെന്ന നിലയില്‍ ആര്‍ എല്‍ വി കോളജ് വിദ്യാര്‍ഥിനി തന്‍വി രാഗേഷിന് പ്രതിഭാതിലകം പുരസ്‌കാരം നല്‍കി. ഏകാംഗ നാടക വിഭാഗത്തില്‍ ബെസ്റ്റ് ആക്ടറായി സൈന്റ് തോമസ് കോളജ് കോഴഞ്ചേരിയിലെ വിദ്യാര്‍ഥി ആര്‍ എം അശ്വിന്‍ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാജാസ് കോളജ് എറണാകുളത്തിന്റെ ജോഗ്ന സുബ്രമണ്യമാണ് മികച്ച നടി. സ്പെഷ്യല്‍ ജൂറി അവാര്‍ഡിന് യു സി കോളജ് ആലുവയിലെ വിദ്യാര്‍ഥി ഫാസില്‍ യൂസഫ് അര്‍ഹനായി.

ഘോഷയാത്രയില്‍ കാതോലിക്കേറ്റ് കോളജിന്റെ മൂന്ന് വിഭാഗങ്ങളായ കോമേഴ്സ് ആന്‍ഡ് ടൂറിസം, ബോട്ടണി, ഫിസിക്സ് എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ത്തോമാ കോളജ് തിരുവല്ലയാണ് മികച്ച എന്‍ സി സി യൂണിറ്റ്. ബെസ്റ്റ് കോളജ് പുരസ്‌കാരത്തിന് സി പാസിന്റെ സ്റ്റാറ്റ്സ് അര്‍ഹനായി. വേക്ക് അപ്പ് കോള്‍ 2022 കലോത്സവ സമാപന സമ്മേളനത്തില്‍ സിനിമാ താരങ്ങളായ അനശ്വര രാജേന്ദ്രന്‍, കൈലാഷ്, തെന്നിന്ത്യന്‍ സിനിമാതാരം ഷാന്‍വി ശ്രീവാസ്തവ, സിനിമാ സംവിധായകന്‍ എബ്രിഡ് ഷൈന്‍, സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പ് എന്നിവര്‍ വേദിയിലെത്തി.