Connect with us

Education

എം ജി സര്‍വകലാശാല പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ണമായും ഓണ്‍ലൈനാക്കും

ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത് അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ആപ്ലിക്കഷന്‍ മുഖേന ലഭ്യമാക്കി സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്.

Published

|

Last Updated

കൊച്ചി | എം ജി സര്‍വകലാശാലാ പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇതിനായി 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയതായി വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത് അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ആപ്ലിക്കഷന്‍ മുഖേന ലഭ്യമാക്കി സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. പരീക്ഷാ വിഭാഗത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷിക്കുന്ന ദിവസം തന്നെയോ പരാമാവധി മൂന്നു ദിവസങ്ങള്‍ക്കുള്ളിലോ നല്‍കുന്നതിന് ഗ്രീന്‍ ചാനല്‍ സംവിധാനവും ഏര്‍പ്പെടുത്തും.

സര്‍വകലാശാലയിലെ ഓരോ പഠന വകുപ്പും ഒരു നൂതന ആശയമെങ്കിലും സംരംഭമാക്കി മാറ്റുന്നതിന് പ്രോത്സാഹനം നല്‍കുന്ന പദ്ധതിക്കും ബജറ്റില്‍ നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് സര്‍വകലാശാല പിന്തുണ നല്‍കും. ആശയങ്ങളെ സ്റ്റാര്‍ട്ടപ്പുകളായി ഇന്‍കുബേറ്റ് ചെയ്യുകയും സ്റ്റാര്‍ട്ടപ്പുകള്‍ വ്യാവസായികമായി വിപുലീകരിക്കപ്പെടുമ്പോള്‍ ഇതില്‍ സര്‍വകലാശാലയ്ക്ക് നിശ്ചിത ശതമാനം പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയാണ് ലക്ഷ്യമിടുന്നത്.

സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ ഏകോപനം നിര്‍വഹിക്കും. ധനകാര്യ ഉപസമിതി കണ്‍വീനര്‍ പി ഹരികൃഷ്ണനാണ് 650.87 കോടി രൂപ വരവും 672.74 കോടി രൂപ ചെലവും 21.86 കോടി രൂപ റവന്യൂ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്.

 

Latest