Idukki
പട്ടയങ്ങള്‍ റദ്ദാക്കൽ: നിയമക്കുരുക്കിലേക്ക് നയിക്കുമെന്ന് രവീന്ദ്രൻ
ഇടുക്കിയിലെ സി പി എമ്മിനെയും പ്രത്യേകിച്ച് മുൻ മന്ത്രി എം എം മണിയെയും ലക്ഷ്യമിട്ടുള്ളതാണെന്നും രവീന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം | മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും റദ്ദാക്കിയാൽ നിയമക്കുരുക്കിലേക്ക് നയിക്കുമെന്നും പട്ടയങ്ങൾ അനുവദിച്ച ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം ഐ രവീന്ദ്രന്‍. നിയമപ്രകാരമാണ് പട്ടയങ്ങൾ അനുവദിച്ചത്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് പട്ടയം റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇത് ഇടുക്കിയിലെ സി പി എമ്മിനെയും പ്രത്യേകിച്ച് മുൻ മന്ത്രി എം എം മണിയെയും ലക്ഷ്യമിട്ടുള്ളതാണെന്നും രവീന്ദ്രൻ പറഞ്ഞു.
അതിനിടെ, പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ എം എം മണി രംഗത്തെത്തിയിരുന്നു. പട്ടയം നല്‍കിയത് ഇടത് സര്‍ക്കാര്‍ തന്നെയാണ്. എം എല്‍ എ അധ്യക്ഷനായ കമ്മിറ്റിയാണ് പട്ടയത്തിന് അനുമതി നല്‍കിയത്. പാര്‍ട്ടി ഓഫീസുകള്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നും എം എം മണി പറഞ്ഞു.
530 അനധികൃത പട്ടയങ്ങള്‍ റദ്ദാക്കുന്നതിനാണ് റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് ഉത്തരവിറക്കി. 45 ദിവസത്തിനകം പട്ടയങ്ങള്‍ റദ്ദാക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നാല് വര്‍ഷം നീണ്ട പരിശോധനകള്‍ക്കു ശേഷമാണ് റവന്യൂ വകുപ്പിന്റെ നടപടി.
അതേസമയം, അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം ഐ രവീന്ദ്രന്‍ ഇ കെ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് 1999ല്‍ മൂന്നാറില്‍ അനുവദിച്ച 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സി പി ഐ നേതാവ് കെ ഇ ഇസ്മയിലായിരുന്നു അന്ന് റവന്യൂ മന്ത്രി.