International
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ ഈ വർഷത്തെ ശമ്പളം 665 കോടി; 63% വർധന
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകളിൽ മൈക്രോസോഫ്റ്റിൻ്റെ സ്ഥാനം വർദ്ധിപ്പിക്കാൻ സത്യ നദെല്ലയ്‌ക്ക് സാധിച്ചെന്ന് വിലയിരുത്തിയാണ് വൻ തുക നൽകുന്നത്.

സാൻഫ്രാൻസിസ്കോ | മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നാദെല്ലയ്ക്ക് 2024 സാമ്പത്തിക വർഷത്തിൽ 79.1 മില്യൺ ഡോളർ (ഏകദേശം 665 കോടി രൂപ) മൂല്യമുള്ള ശമ്പള പാക്കേജ് അനുവദിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 63 ശതമാനമാണ് വർദ്ധനവ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകളിൽ മൈക്രോസോഫ്റ്റിൻ്റെ സ്ഥാനം വർദ്ധിപ്പിക്കാൻ സത്യ നദെല്ലയ്‌ക്ക് സാധിച്ചെന്ന് വിലയിരുത്തിയാണ് വൻ തുക നൽകുന്നത്.
മൈക്രോസോഫ്റ്റിൻ്റെ മൂന്നാമത്തെ ചീഫ് എക്‌സിക്യൂട്ടീവായി 2014-ലാണ് സത്യ നാദെല്ല ചുമതലയേൽക്കുന്നത്. ഇന്ത്യൻ വംശജനായ നാദെല്ലയെ 2014ലാണ് മൈക്രോസോഫ്‌റ്റിലേക്ക് എത്തിച്ചത്. അതിനുശേഷം ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഈ വർഷത്തെ ശമ്പള വർധന.
അതേസമയം സൈബർ സുരക്ഷയിൽ മൈക്രോസോഫ്‌റ്റ് കൂടുതൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ രംഗത്തുകൂടി നാദെല്ല കൂടുതൽ സംഭാവന നൽകിയിരുന്നെങ്കിൽ 5 മില്യൺ ഡോളർ കൂടി ശമ്പളം കൂടുതൽ ലഭിക്കുമായിരുന്നുവെന്ന് മൈക്രോസോഫ്റ്റിൻ്റെ ബോർഡ് നഷ്ടപരിഹാര കമ്മിറ്റി വിലയിരുത്തി.
അതേസമയം കമ്പനിയുടെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും മൈക്രോസോഫ്‌റ്റ് വർധിപ്പിച്ചു. ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആമി ഹൂഡിൻ്റെ ഈ വർഷത്തെ ശമ്പള പാക്കേജ് 25.8 മില്യൺ ഡോളറാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനയുണ്ട്. പ്രസിഡൻ്റ് ബ്രാഡ് സ്മിത്തിന് 29 ശതമാനം വർധിച്ച് 23.4 മില്യൺ ഡോളറിലെത്തി.