Editorial
ഉച്ചഭക്ഷണ പദ്ധതിയും അധ്യാപകരുടെ ദുരിതവും
കേന്ദ്രവും സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തിയതു കൊണ്ടായില്ല, ഏതുവിധേനയും ഇതിലേക്കാവശ്യമായ തുക കണ്ടെത്തി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ട്. സർക്കാറിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായി ചൂണ്ടിക്കാട്ടുന്ന പദ്ധതി അധ്യാപകരുടെ മാത്രം ഉത്തരവാദിത്വമായി മാറുന്ന അവസ്ഥ ഉണ്ടാകരുത്.
സർക്കാറിൽ നിന്നു യഥാസമയം ഫണ്ട് ലഭിക്കാത്തതു മൂലം കടുത്ത പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി. 2023 മാർച്ചിനു ശേഷമുള്ള ഉച്ചഭക്ഷണ പാചക ചെലവ് ഇതുവരെയും സർക്കാർ വിതരണം ചെയ്തിട്ടില്ല. സ്ഥാപനത്തിലെ പ്രധാനാധ്യാപകർക്കാണ് ഇതിന്റെ ചുമതല. അവർ സ്വന്തം കീശയിൽ നിന്നെടുത്തും വായ്പ വാങ്ങിയുമാണ് പദ്ധതി ചെലവ് നിർവഹിച്ചു വരുന്നത്. തിരുവനന്തപുരം നെടുമങ്ങാട് കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്ഡഡ് എൽ പി സ്‌കൂൾ പ്രധാന അധ്യാപകൻ ജെ പി അനീഷ് ഉച്ചഭക്ഷണം നിർത്താൻ അനുവാദം ചോദിച്ചു വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർക്കു എഴുതിയ കത്ത് പദ്ധതിയുമായി ബന്ധപ്പെട്ടു പ്രധാനാധ്യാപകർ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിലേക്ക് വിരൽ ചൂണ്ടുന്നു.
കരകുളം സഹകരണ ബേങ്കിൽ നിന്ന് പലിശക്കു രണ്ട് ലക്ഷം രൂപ വായ്പയെടുത്താണ് ജൂൺ മുതൽ ആഗസ്റ്റ് വരെ സ്‌കൂൾ ഉച്ചഭക്ഷണത്തിനായി കടകളിൽ നിന്നു വാങ്ങിയ സാധനങ്ങളുടെ വില നൽകിയതെന്നും ഇനി ആഗസ്റ്റിലെ കടം കൂടി വീട്ടാനുണ്ടെന്നും സെപ്തംബർ അഞ്ചിനു അധ്യാപക ദിനത്തിൽ എഴുതിയ കത്തിൽ അനീഷ് ചൂണ്ടിക്കാട്ടുന്നു. കടക്കാരെ പേടിച്ചു നാണംകെട്ടു ജീവിക്കേണ്ട അവസ്ഥയാണിപ്പോൾ. ശമ്പളത്തേക്കാൾ വലിയ തുകയാണു ഉച്ചഭക്ഷണ പദ്ധതിക്കായി ചെലവിടേണ്ടി വരുന്നത്. ഈ നിലയിൽ പദ്ധതി മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്നു കത്തിൽ പറയുന്നു.
സ്‌കൂളുകൾക്ക് തുക ലഭിക്കാനുള്ള കാലതാമസത്തിനു സംസ്ഥാന സർക്കാർ കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തെയുമാണ് കുറ്റപ്പെടുത്തുന്നത്. പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഈ തുക വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് മാറ്റാത്തതു കൊണ്ടാണ് കൂടുതൽ തുക അനുവദിക്കാത്തതെന്നുമാണ് കേന്ദ്രം പറയുന്നത്. എന്നാൽ പദ്ധതിയിൽ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം (പി എഫ് എം എസ് ) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ വല്ലാതെ കാലതാമസം വരുത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ വിശദീകരണം.
കഴിഞ്ഞ ബജറ്റിൽ ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രവിഹിതമായി 10,000 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തിക വർഷത്തിന്റെ പാതി അവസാനിക്കാറായിട്ടും മധ്യപ്രദേശിനൊഴികെ മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ വർഷത്തെ ആദ്യ ഗഡു കേന്ദ്ര വിഹിതം നൽകിയിട്ടില്ല. കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക വൈകിപ്പിക്കുകയോ, നിഷേധിക്കുകയോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടികളുടെ സമഗ്ര ശാരീരക, മാനസിക, പോഷക വളർച്ചക്കും സ്‌കൂളുകളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്കിനു പരിഹാരവുമായാണ് ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ സർക്കാർ എൽ പി സ്‌കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കിയ പദ്ധതി പിന്നീട് യു പി വിഭാഗത്തിലേക്കും എയ്ഡഡ് സ്‌കൂളിലേക്കും വ്യാപിപ്പിച്ചു. കഞ്ഞിയിൽ തുടങ്ങിയ ഉച്ചഭക്ഷണം ക്രമേണ ചോറും കറിയും മറ്റു രണ്ട് വിഭവങ്ങളും ചേർന്ന് സമൃദ്ധമായി മാറി. സംസ്ഥാനത്തെ 12,600 സ്‌കൂളിലെ എട്ടാം ക്ലാസ്സ് വരെയുള്ള 30 ലക്ഷത്തോളം കുട്ടികൾക്കു സൗജന്യ ഉച്ചഭക്ഷണം ലഭിച്ചു വരുന്നുണ്ട്. 3,000 കുട്ടികൾ വരെ ഭക്ഷണം കഴിക്കുന്ന സ്‌കൂളുകളുണ്ട് കേരളത്തിൽ. ആദ്യം സംസ്ഥാന ഫണ്ട് ഉപയോഗിച്ചു നടപ്പാക്കി വന്ന പദ്ധതി 1995 മുതലാണ് കേന്ദ്ര, സംസ്ഥാന സംയുക്ത പദ്ധതിയാക്കിയത്. മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിലാണ് കേരളത്തിൽ പദ്ധതി ഇതുവരെ നടപ്പാക്കി വന്നത്.
അതിനിടെ ഉച്ചഭക്ഷണ പദ്ധതിക്കു സർക്കാർ അനുവദിക്കുന്ന തുക നിലവിലെ സാഹചര്യത്തിൽ തീർത്തും അപര്യാപ്തമാണ്; അത് വർധിപ്പക്കണമെന്നാവശ്യപ്പെട്ടു അധ്യാപകർ രംഗത്തുവന്നിട്ടുണ്ട്. 150 കുട്ടികൾ വരെയുള്ള സ്‌കൂളിൽ ഒരു കുട്ടിക്ക് എട്ട് രൂപ, 150നും 500നും ഇടയിലാണെങ്കിൽ ഏഴ് രൂപ, 500ൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ആറ് രൂപ എന്നിങ്ങനെയാണ് അനുവദിക്കുന്നത്. 2016ൽ നിശ്ചയിച്ച നിരക്കാണിത്. അതിനു ശേഷം പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പാൽ, മുട്ട, പാചകവാതകം എന്നിവയുടെ വില കുത്തനെ ഉയർന്നു. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകണമെന്ന നിർദേശമുണ്ട്. അതും ഈ തുകയിൽ നിന്നാണ് നൽകേണ്ടത്.
ഇത്തരമൊരു സാഹചര്യത്തിൽ തുക ഉയർത്താതെ മുന്നോട്ടു പോകാനാകില്ലെന്നാണ് അധ്യാപകർ പറയുന്നത്. ഈ ആവശ്യമുന്നയിച്ചു ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട് അധ്യാപകർ. ഇതേത്തുടർന്നു ഉച്ചഭക്ഷണ പദ്ധതിയിൽ ഓരോ കുട്ടിക്കുമുള്ള വിഹിതം നാല് രൂപ വീതം വർധിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ വകുപ്പിന്റെ ഭാഗത്തു നിന്നു ഇതുവരെയും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.
അധ്യാപനവുമായി ബന്ധപ്പെട്ട ജോലികൾക്കിടെ അധ്യാപകർക്കു ദുരിതവും സാമ്പത്തിക ബാധ്യതയുമായിത്തീരരുത് ഉച്ചഭക്ഷണ പദ്ധതി. കേന്ദ്രവും സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തിയതു കൊണ്ടായില്ല, ഏതുവിധേനയും ഇതിലേക്കാവശ്യമായ തുക കണ്ടെത്തി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ട്.
സർക്കാറിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായി ചൂണ്ടിക്കാട്ടുന്ന പദ്ധതി അധ്യാപകരുടെ മാത്രം ഉത്തരവാദിത്വമായി മാറുന്ന അവസ്ഥ ഉണ്ടാകരുത്.