Connect with us

Kerala

ഉച്ചഭക്ഷണ പദ്ധതി: കേന്ദ്ര വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി

ഉച്ചഭക്ഷണ പദ്ധതി വിഷയം എം പിമാര്‍ പാര്‍ലിമെന്റില്‍ ഉന്നയിക്കണം.

Published

|

Last Updated

തിരുവനന്തപുരം | ഉച്ചഭക്ഷണ പദ്ധതിയിലെ സംസ്ഥാനവിഹിതം നോഡല്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും അതിനാല്‍ ഈ വര്‍ഷം കേരളത്തിന് പണം അനുവദിക്കാനാകില്ലെന്നുമുള്ള കേന്ദ്ര വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതിയുടെ സംസ്ഥാന വിഹിതം കേരളം നല്‍കിയതായും സാങ്കേതികത്വം പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പണം മുടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായുള്ള നടത്തിപ്പിനായി കേന്ദ്രം അര്‍ഹമായ തുക നല്‍കുന്നില്ല. പല മേഖലകളിലും കേന്ദ്രം പണം നല്‍കാതെ കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. എന്നാല്‍ സംസ്ഥാനം ഒരു പദ്ധതിയുടെ പണവും വെട്ടികുറച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നല്‍കിയ അതേ തുക ഉച്ചഭക്ഷ പദ്ധതിയില്‍ നല്‍കുന്നുണ്ടെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വിശദീകരിച്ചു.

യു ഡി എഫ്. എംപിമാര്‍ക്കെതിരെയും ധനമന്ത്രി രൂക്ഷവിമര്‍ശമുന്നയിച്ചു. യു ഡി എഫ്. എം പിമാര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണം. കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണം. ഉച്ചഭക്ഷണ പദ്ധതി വിഷയം എം പിമാര്‍ പാര്‍ലിമെന്റില്‍ ഉന്നയിക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സഹായം ആവശ്യമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

2021-22 വര്‍ഷത്തെ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ എക്കൗണ്ടിലേക്ക് കൈമാറണം. എന്നാല്‍ സര്‍ക്കാര്‍ ഇത് ചെയ്തില്ലെന്നും ഇതിനാലാണ് ഈ വര്‍ഷത്തെ തുക അനുവദിക്കാത്തതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. കഴിഞ്ഞ മാസം 31 വരെ ഇളവ് അനുവദിച്ചിട്ടും സംസ്ഥാന തുക അടച്ചില്ല. സംസ്ഥാനവിഹിതം ഉള്‍പ്പെടെ തുക ചെലവഴിക്കാത്തതിനാല്‍ ഈ വര്‍ഷത്തെ തുക അനുവദിക്കാനാകില്ലെന്നാണ് കേന്ദ്രം പറയുന്നത്.