Kerala
ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മധ്യവയസ്‌കന്‍ അറസ്റ്റില്‍
കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയില്‍ വീട്ടില്‍ വിനോദ് (44) ആണ് അറസ്റ്റിലായത്.

തിരുവല്ല | ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയില്‍ വീട്ടില്‍ വിനോദ് (44) ആണ് അറസ്റ്റിലായത്. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ. സുരേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എറണാകുളം കാക്കനാട് കല്ലറപ്പടിയില്‍ നിന്നാണ് കഴിഞ്ഞ രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ജീവിത പങ്കാളി കൊച്ചാലുംമൂട് അഴയാനിക്കല്‍ ആര്യാ രാജനാണ് പരാതിക്കാരി.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം തന്നെ ഉപദ്രവിക്കുന്നതിനൊപ്പം കഴിഞ്ഞ 17ന് രാത്രി 9.30ഓടെ 12 വയസ്സുള്ള മകന്റെ ദേഹത്തേക്ക് ഡീസല്‍ പോലുള്ള ദ്രാവകം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
2010 മുതല്‍ ജീവിതപങ്കാളികളായി കഴിഞ്ഞുവരികയായിരുന്നു ഇരുവരും. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിനോദ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് പിണങ്ങി മകനെയും കൂട്ടി ഇരവിപേരൂര്‍ നെല്ലിമല അഴയനിക്കല്‍ വീട്ടില്‍ താമസിച്ചു വരികയാണ് യുവതി.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ് സി പി ഒ. സുശീല്‍, സി പി ഒമാരായ അവിനാഷ് വിനായകന്‍, ടോജോ ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.