Kerala
കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: മധ്യവയസ്‌കന് വെട്ടേറ്റു
അയല്‍വാസിയായ പ്രതി ഒളിവില്‍

തൃശൂര്‍ | കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കല്ലംപാറയില്‍ മധ്യവയസ്‌കന് വെട്ടേറ്റു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കല്ലമ്പാറ സ്വദേശി കൊച്ചുവീട്ടില്‍ മോഹനനാണ് വെട്ടേറ്റത്. കല്ലമ്പാറ സ്വദേശി ഏലിയാസാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
കല്ലമ്പാറ അടങ്ങളം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. അതിനിടയില്‍ ഇന്നലെ ഉച്ചക്ക് പ്രദേശത്ത് കുഴല്‍ക്കിണര്‍ നിര്‍മാണം ആരംഭിച്ചു. കിണറില്‍ നിന്നുള്ള വെള്ളം ഏലിയാസിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ ഒലിച്ചതിന്നെത്തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ ഏലിയാസ് വീട്ടില്‍ നിന്നും വെട്ടുകത്തിയുമായെത്തി മോഹനനെ വെട്ടുകയുമായിരുന്നു.
ആക്രമണം കൈകള്‍ കൊണ്ട് തടഞ്ഞതിനാലാണ് മാരകമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്. മോഹനനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് കേസെടുത്തു.