Connect with us

International

മധ്യ ഗസ്സ ഓരോ മിനുട്ടിലും സ്ഫോടനം; കൂട്ടക്കുരുതി

അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തര ഇടപെടലിന് ആഹ്വാനം • മരണം 36,801

Published

|

Last Updated

ഗസ്സാ സിറ്റി | ഇടതടവില്ലാതെ ആക്രമണം; ഓരോ മിനുട്ടിലും സ്‌ഫോടനം. മധ്യ ഗസ്സയിൽ ഇസ്റാഈൽ ക്രൂരമായ ആക്രമണം തുടരുകയാണ്. നുസ്വീറാത്ത് അഭയാർഥി ക്യാമ്പിലെ കൂട്ടക്കൊലയിൽ 210 ഫലസ്തീനികൾ കൊല്ലപ്പെടുകയും 400ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഗസ്സ മാധ്യമ ഓഫീസ് അറിയിച്ചു. ക്യാമ്പിനു നേരെ കിരാത ആക്രമണമാണ് നടത്തുന്നത്. സാധാരണക്കാരെ നേരിട്ട് ലക്ഷ്യമിടുകയാണ്. പരുക്കേറ്റവരെ അൽ-അവ്ദ ആശുപത്രിയിലും ദീർ അൽ-ബലാഹിലെ അൽ-അഖ്‌സ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

അൽ-അഖ്‌സ ആശുപത്രിയുടെ അവസ്ഥ ഭീതിദമാണ്. ബോംബാക്രമണത്തിന്റെ തീവ്രത കാരണം ആംബുലൻസിനും രക്ഷാപ്രവർത്തകർക്കും പ്രദേശത്തേക്ക് എത്താൻ കഴിയുന്നില്ല. എല്ലായിടത്തും രക്തവും ചിതറിയ മൃതദേഹങ്ങളുമാണ്. പലരെയും കാണാതായിട്ടുണ്ട്. കാഴ്ചകൾ വളരെ ഭയാനകമാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പീഡിയാട്രിക് ഇന്റൻസീവ് കെയർ ഡോക്ടറായ തനിയ ഹജ്-ഹസൻ പറഞ്ഞു. ആശുപത്രിയിൽ ഒരൊറ്റ ജനറേറ്ററേ ഉള്ളൂ. അതു നിലച്ചാൽ വൻ ദുരന്തമായിരിക്കും.

ഗസ്സയിൽ നിന്ന് കുടിയിറക്കപ്പെട്ട പത്ത് ലക്ഷത്തോളം പേർ ഇവിടെയുണ്ട്. ഇത്രയും പേരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. അടിയന്തരമായി ആശുപത്രി സംരക്ഷിക്കാനും ആളുകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും ഉടൻ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും യു എന്നിനോടും എല്ലാ അന്താരാഷ്ട്ര സംഘടനകളോടും ഗസ്സ മാധ്യമ ഓഫീസ് അഭ്യർഥിച്ചു. നിരപരാധികളായ നിരവധി പേരുടെ മരണത്തിന് കാരണമായ ഈ വിനാശകര കുറ്റകൃത്യത്തിന് അധിനിവേശ ഇസ്റാഈലും അമേരിക്കൻ ഭരണകൂടവും പൂർണ ഉത്തരവാദികളാണ്. വംശഹത്യ ഉടൻ അടിയന്തരമായി നിർത്തണമെന്ന് അഭ്യർഥിക്കുന്നുവെന്നും ഓഫീസ് അറിയിച്ചു.

അതിനിടെ, ഹമാസ് സായുധ നീക്കത്തിനിടെ തട്ടിക്കൊണ്ടുപോയ നാല് ബന്ദികളെ മധ്യ നുസ്വീറാത്തിലെ രണ്ട് വ്യത്യസ്ത അഭയാർഥി ക്യാന്പുകളിൽ നിന്ന് മോചിപ്പിച്ചതായി ഇസ്റാഈൽ പ്രത്യേക സേന അവകാശപ്പെട്ടു. നോവ അറഗാമി(25), ആൽമോംഗ് മെയർ(21), ആന്ദ്രേ കോസ്‌ലോവ് (27), ഷലോമി സിവ്( 40) എന്നിവരെ നുസ്വീറാത്തിലെ രണ്ടിടങ്ങളിൽ നിന്നായി കണ്ടെത്തിയെന്നാണ് പ്രസ്താവന. എല്ലാവരും ആരോഗ്യത്തോടെയായിരുന്നുവെന്നും വൈദ്യ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും സൈന്യം അറിയിച്ചു. ആക്രമണത്തിനിടെ ഇസ്റാഈൽ തീവ്രവാദ വിരുദ്ധ യൂനിറ്റ് കമാൻഡർ അർനോൺ സമോറ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഗുരുതര പരുക്കേറ്റ സമോറയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കഴിഞ്ഞ ഒക്ടോബർ ഏഴിന് തെക്കൻ ഇസ്റാഈലിൽ നടന്ന നോവ സംഗീതോത്സവ സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമുൾപ്പെടെ നാല് ബന്ദികളെയാണ് എട്ട് മാസത്തിനു ശേഷം രക്ഷപ്പെടുത്തിയത്.

ആക്രമണങ്ങൾ കടുപ്പിച്ചതിലൂടെ ഒരു ഉപാധിയുമില്ലാതെ സ്ഥിര വെടിനിർത്തലിലേക്ക് ഹമാസിനെ തള്ളിവിടാനുള്ള സമ്മർദ തന്ത്രമാണ് ഇസ്റാഈൽ പ്രയോഗിക്കുന്നതെന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ പ്രഫ. തമർ ക്വർമൂദ് പ്രതികരിച്ചു. അധിനിവേശ സൈന്യത്തിന് പൂർണമായി കൈവശപ്പെടുത്താനോ പ്രവേശിക്കാനോ നശിപ്പിക്കാനോ കഴിയാത്ത അവസാന പ്രദേശങ്ങളാണ് റഫയും ദീർ അൽ ബലാഹും. അവിടെ ഹമാസ് പോരാളികൾ ഉണ്ടെന്ന് അവർ അവകാശപ്പെടുന്നു. അതിലൂടെ ഗസ്സാ മുനമ്പിലെ ഓരോ ഇഞ്ചും കടന്ന് ഹമാസിനെ വേരോടെ പിഴുതെറിയുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70 പേർ കൊല്ലപ്പെട്ടതായും 150തിലേറെ പേർക്ക് പരുക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒക്ടോബർ ഏഴ് മുതൽ തുടങ്ങിയ ആക്രമണത്തിൽ 36,801 പേർ കൊല്ലപ്പെടുകയും 83,680 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest