mig 21
മിഗ്21: പറക്കുന്ന ശവപേടകമെന്ന് വിളിപ്പേര്; ഇന്ത്യന്‍ യുദ്ധ തന്ത്രങ്ങളിലെ പഴക്കം ചെന്ന പങ്കാളി
രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവിയെ തന്നെ നഷ്ടപ്പെട്ട ആകാശദുരന്തത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ, ആ മരണങ്ങള്‍ നടന്ന് കൃത്യം 16ാം ദിവസമാണ് രാജസ്ഥാനില്‍ നിന്നും മറ്റൊരു വിമാന ദുരന്തത്തിന്റെ വാര്‍ത്ത വരുന്നത്
2021 ഡിസംബര്‍ എട്ട് ബുധനാഴ്ച. രാവിലെ ഡല്‍ഹിയിലെ പാലം വ്യോമസേനാ വിമാനത്താവളത്തില്‍ നിന്നും വിമാനത്തില്‍ എത്തിയ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും അടങ്ങുന്ന സൈനികോദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലെ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും വെല്ലിംഗ്ടണ്ണിലേക്ക് തിരിക്കുന്നു. സൈന്യത്തിന്റെ വിശ്വസ്ത ഹെലിക്കോപ്റ്ററായ റഷ്യന്‍ നിര്‍മ്മിത എം ഐ 17 വി 5 വഴിമധ്യേയാണ് ഊട്ടിക്കടുത്തെ കൂനൂരില്‍ ഉച്ചക്ക് 12:20 ന് തകര്‍ന്നുവീഴുന്നത്. രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവിയടക്കം സംഘത്തിലുണ്ടായിരുന്ന 11 പേരുടേയും മരണം അന്നുതന്നെ സ്ഥിരീകരിച്ചു. അന്ന് സാരമായ പരുക്കുകളോടെ വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗും അധികം ദിവസങ്ങള്‍ നീണ്ടുപോകാതെ അവസാന യാത്രയിലും ബിപിന്‍ റാവത്തിന് അകമ്പടി പോയി.
രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവിയെ തന്നെ നഷ്ടപ്പെട്ട ആകാശദുരന്തത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ, ആ മരണങ്ങള്‍ നടന്ന് കൃത്യം 16ാം ദിവസമാണ് രാജസ്ഥാനില്‍ നിന്നും മറ്റൊരു വിമാന ദുരന്തത്തിന്റെ വാര്‍ത്ത വരുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ രാത്രി എട്ടരയോടെ വ്യോമസേനയുടെ യുദ്ധവിമാനമായ മിഗ് 21 അപകടത്തില്‍പ്പെട്ടു എന്നതായിരുന്നു ആദ്യം വന്ന വാര്‍ത്ത. എതാനും മണിക്കൂറുകള്‍ക്കുള്ളല്‍ തന്നെ യുദ്ധവിമാനത്തിന്റെ പൈലറ്റിന്റെ മരണത്തിന്റെ ഔദ്യോഗിക സ്ഥിരീകരണവും വന്നു. പടിഞ്ഞാറന്‍ സെക്ടറില്‍ ഇന്ത്യ- പാക് അതിര്‍ത്തിക്ക് സമീപം സാം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഡെസേര്‍ട്ട് നാഷനല്‍ പാര്‍ക്കിലാണ് വിമാനം തകര്‍ന്ന് വീണത്. പരിശീലന പറക്കലിനിടെയാണ് ദുരന്തമുണ്ടായത് എന്നാണ് വ്യോമസേന ഔദ്യോഗികമായി അറിയിച്ചത്. പരിശീലന പറക്കലായതിനാല്‍ പൈലറ്റ് അല്ലാതെ മറ്റാരും വിമാനത്തില്‍ ഉണ്ടായിരുന്നില്ല. ദുരന്തമുണ്ടായെന്ന് വ്യോമസേന പുറത്ത് വിട്ടതിന് ശേഷം നാല്‍പത്തിയഞ്ച് മിനിറ്റിനുള്ളില്‍ തന്നെ വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയുടെ മരണം സേന സ്ഥിരീകരിച്ചു. അതിന് മുമ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ക്രിസ്തുമസ് തലേന്ന്, അതും സംയുക്ത സൈനിക മേധാവിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഓര്‍മ്മകള്‍ ഓരോ ഇന്ത്യക്കാരനും മറന്നു തുടങ്ങുന്നതിന് മുന്നേ തന്നെ ഉണ്ടായിരിക്കുന്ന അപകടം ഞെട്ടലോടെ തന്നയാവണം കേട്ടിട്ടുണ്ടാവുക. എന്നാല്‍, ഇതാദ്യമായല്ല ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ജീവഹാനിയുണ്ടാക്കുന്നതും. സേനയുടെ ശേഖരത്തിലെ ഏറ്റവും പഴക്കം ചെന്ന യുദ്ധവിമാനങ്ങളില്‍ ഒന്നായ മിഗ് 21നെ പറക്കുന്ന ശവപേടകം എന്നാണ് വിശേഷിപ്പാറുള്ളത്. 2012ല്‍ യു പി എ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ നല്‍കിയ മറുപടി പ്രകാരം 1971 മുതല്‍ 2012 ഏപ്രില്‍ വരെ മാത്രം 482 അപകടങ്ങള്‍ മിഗ് യുദ്ധവിമാനം ഉണ്ടാക്കിയിട്ടുണ്ട്. ഇത്രയും അപകടങ്ങളില്‍ നിന്നായി 171 പൈലറ്റുകളേയും 39 സാധാരണക്കാരേയും ഒമ്പത് മറ്റ് വ്യോമ ഉദ്യോഗസ്ഥരേയും മിഗ് വിമാനാപകടങ്ങളില്‍ നമുക്ക് നഷ്ടമായിട്ടുണ്ട്. അപകടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് മനുഷ്യ തകരാറിനൊപ്പം സാങ്കേതി തകരാറുകളും തന്നയാണ്. ഈ വര്‍ഷം തന്നെ അഞ്ചാമത്തെ മിഗ് ദുരന്തമാണ് രാജസ്ഥാനിലേത്. ഇതില്‍ മാര്‍ച്ചില്‍ ഉണ്ടായ ദുരന്തത്തില്‍ ഗ്വാളിയോറില്‍ ടേക്ക് ഓഫിന് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായി പൈലറ്റ് മരിക്കുന്നത്.
രണ്ട് വര്‍ഷമുമ്പ് ബാലക്കോട്ട് ആക്രമണത്തില്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ എഫ് 16 എന്ന വിമാനം തകര്‍ത്തിടാന്‍ അന്നത്തെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഉപയോഗിച്ചത് മിഗ് 21 ആയിരുന്നു. എന്നാല്‍, പാക് മിസൈലേറ്റ് അപകടത്തില്‍പ്പെട്ട ഈ വിമാനത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടുകയുണ്ടായി.
മിഗ് 21 യുദ്ധവിമാനങ്ങളിലെ ബൈസണ്‍ എന്ന ഏറ്റവും പുതിയ ഇനമാണ് ഇപ്പോള്‍ ഇന്ത്യന്‍ സേന ഉപയോഗിക്കുന്നത്. 16 മുതല്‍ 18 വരെ യുദ്ധവിമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാല് സ്‌ക്വാഡ്രണ്‍ മിഗ് വിമാനങ്ങള്‍ ഇപ്പോള്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. 1963 ല്‍ ആദ്യമായി സോവിയറ്റ് റഷ്യയില്‍ നിന്ന് വാങ്ങിയ ഈ യുദ്ധവിമാനം പിന്നീട് ഇന്ത്യന്‍ ശേഖരത്തില്‍ 874 വേരിയന്റുകള്‍ വരെ ഉണ്ടായി.