Editorial
വിലങ്ങുകളിൽ വേദനിച്ച് കുടിയേറ്റക്കാര്‍; മൗനം കുടിച്ച് കേന്ദ്രം
കുടിയേറിയെന്നതു കൊണ്ട് തങ്ങളുടെ പൗരന്മാര്‍ അപമാനിതരാകരുത് എന്ന് ചിന്തിക്കാനും തുറന്നു പറയാനും ചില രാജ്യങ്ങള്‍ തന്റേടം കാണിച്ചപ്പോള്‍ നമ്മുടെ ഭരണാധികാരികള്‍ മൗനത്തിലാണ്.
![](https://assets.sirajlive.com/2021/08/editorial.jpg)
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി അപ്രതീക്ഷിതമല്ല. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ തന്നെ ഇക്കാര്യം ട്രംപ് വ്യക്തമാക്കിയതാണ്. താന്‍ അധികാരത്തിലേറിയാല്‍ അനധികൃത കുടിയേറ്റക്കാരെ ഒറ്റയടിക്ക് പുറന്തള്ളുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അടുത്തിടെ റിപബ്ലിക്കന്‍ എം പിമാരുടെ യോഗത്തില്‍ സംസാരിക്കവെ രേഖകളില്ലാത്ത വിദേശികളെ സൈനിക വിമാനങ്ങളില്‍ കയറ്റി തിരിച്ചയക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു ട്രംപ്.
നിയമാനുസൃതമല്ലാതെ കുടിയേറിയവരെ നാടുകടത്തുന്നത് അധിക്ഷേപാര്‍ഹമായ നടപടിയല്ല. ബൈഡന്‍ ഭരണകാലത്തും നിരവധി ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട് അമേരിക്ക. കഴിഞ്ഞ വര്‍ഷം 1,529 ഇന്ത്യക്കാരെ തിരിച്ചയക്കുകയുണ്ടായി യു എസ്. എങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വിഷയത്തിലും വേണം മാനുഷികമായ സമീപനം. മനുഷ്യത്വരഹിതമാണ് ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ നിലപാടെന്നാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈനിക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറില്‍ വന്നിറങ്ങിയ യാത്രക്കാര്‍ വെളിപ്പെടുത്തിയത്. കൊടും ക്രിമിനലുകളെന്ന മട്ടില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട നിലയിലാണ് അമേരിക്കന്‍ മിലിറ്ററിയുടെ സി-17 ചരക്ക് വിമാനത്തില്‍ ഇന്ത്യക്കാരെ കയറ്റിവിട്ടത്. അമൃത്സര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷമാണ് വിലങ്ങുകള്‍ അഴിച്ചുമാറ്റിയതെന്ന് യാത്രികരില്‍ ഒരാളായ ജയ്പാല്‍ സിംഗ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തി. ട്രംപ് ഭരണകൂടത്തിന്റെ ഈ ക്രൂരത ഇന്നലെ പാര്‍ലിമെന്റില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. വിഷയം സഭ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും കോണ്‍ഗ്രസ്സ് ലോക്സഭാ ഉപനേതാവ് അടിയന്തര പ്രമേയം അവതരിപ്പിക്കുകയും ചെയ്തെങ്കിലും സ്പീക്കര്‍ ചര്‍ച്ചക്ക് അനുവാദം നല്‍കിയില്ല.
തെക്കന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളായ ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരോടും ഇതേ നിലപാടാണ് ട്രംപ് ഭരണകൂടം അനുവര്‍ത്തിച്ചത്. കൈകളില്‍ വിലങ്ങുകളും കാല്‍ച്ചങ്ങലകളും അണിയിച്ച് കുടിവെള്ളം പോലും നല്‍കാതെയും പ്രാഥമിക ആവശ്യനിര്‍വഹണത്തിന് വിലക്കേര്‍പ്പെടുത്തിയുമായിരുന്നു ഇവരെ സൈനിക വിമാനങ്ങളില്‍ തിരിച്ചയച്ചത്. കുടിവെള്ളവും ശുചിമുറി ഉപയോഗവും ആവശ്യപ്പെട്ട യാത്രക്കാരോട് ക്രൂരമായ പ്രതികരണമായിരുന്നുവത്രെ വിമാനത്തിലുള്ള അമേരിക്കന്‍ സൈനികരില്‍ നിന്നുണ്ടായത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കി. അന്താരാഷ്ട്ര ധാരണകള്‍ക്കും സാമാന്യ മാനുഷിക മര്യാദകള്‍ക്കും നിരക്കാത്ത അതിക്രൂരമായ നടപടിയെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ലുലാ ഡാ സില്‍വ പ്രതികരിച്ചത്. എന്നാല്‍ ബ്രസീലിനെ പോലെ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് തിരിച്ചയച്ച നടപടിക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജവം ഇന്ത്യന്‍ ഭരണകൂടം കാണിച്ചില്ല. നരേന്ദ്ര മോദി ഈ മാസം പന്ത്രണ്ടിന് അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ തിരക്കിട്ട നടപടിയെന്നത് ശ്രദ്ധേയമാണ്.
മെക്സിക്കോയും കൊളംബിയയും ഉള്‍പ്പെടെയുള്ള മറ്റു ചില രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അമേരിക്കന്‍ സൈനിക വിമാനങ്ങളില്‍ കൊണ്ടുവരാന്‍ അനുവദിച്ചില്ല. അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ തിരിച്ചയച്ച്, തങ്ങളുടെ പാസ്സഞ്ചര്‍ വിമാനങ്ങളയച്ചാണ് ഈ രാജ്യങ്ങള്‍ പൗരന്മാരെ നാട്ടിലെത്തിച്ചത്. ഇതുസംബന്ധിച്ച് കൊളംബിയന്‍ പ്രസിഡന്റ്’എക്സി’ല്‍ കുറിച്ചതിങ്ങനെ, ‘കുടിയേറ്റക്കാര്‍ക്കുമുണ്ട് അന്തസ്സ്. മാന്യമായിരിക്കണം അവരോടുള്ള പെരുമാറ്റം. അമേരിക്കന്‍ സൈനിക വിമാനം ഞാന്‍ തിരിച്ചയച്ചത് അതുകൊണ്ടാണ്. എന്റെ ജനങ്ങളെ വേണ്ടാത്തൊരു രാജ്യത്ത് അവരെ തുടരാന്‍ അനുവദിക്കാനാകില്ല. അവരുടെ അഭിമാനം മാനിച്ച്, മറ്റേതൊരു മനുഷ്യനും തരികെയെത്തുന്നതു പോലെയാണ് അനധികൃത കുടിയേറ്റക്കാരെയും ഞങ്ങള്‍ തിരികെയെത്തിക്കുക’. കുടിയേറിയെന്നതു കൊണ്ട് തങ്ങളുടെ പൗരന്മാര്‍ അപമാനിതരാകരുത് എന്ന് ചിന്തിക്കാനും തുറന്നു പറയാനും ഈ രാജ്യങ്ങള്‍ തന്റേടം കാണിച്ചപ്പോള്‍ നമ്മുടെ ഭരണാധികാരികള്‍ മൗനത്തിലാണ്.
ട്രാവല്‍ ഏജന്റുമാരുടെ തട്ടിപ്പിനും വഞ്ചനക്കും ഇരയായവരാണ് അനധികൃത കുടിയേറ്റക്കാരില്‍ നല്ലൊരു ഭാഗവും. നിയമപരമായി യു എസിലെത്തിക്കാമെന്ന വാഗ്ദാനവുമായി രംഗത്തുവരുന്ന ട്രാവല്‍ ഏജന്‍സികളെ വിശ്വസിച്ചാണ് മിക്ക പേരും കുടിയേറ്റത്തിന് തുനിഞ്ഞത്. എന്നാല്‍ നിയമപരമല്ലാത്ത മാര്‍ഗേണയാണ് ഏജന്റുമാര്‍ ഇവരെ അമേരിക്കയിലെത്തിച്ചത്. നാട്ടില്‍ മെച്ചപ്പെട്ട ജോലിയില്ലാത്ത സാഹചര്യത്തിലാണ് മിക്കവരും മറ്റു രാജ്യങ്ങളില്‍ തൊഴിലന്വേഷിച്ച് എത്തിപ്പെടുന്നത്. വഞ്ചിക്കപ്പെട്ട സമൂഹമെന്ന നിലയില്‍ മനുഷ്യത്വപരമായ സമീപനമാണ് ഭരണകൂടങ്ങള്‍ ഇവരോട് പുലര്‍ത്തേണ്ടത്.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 15 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കന്‍ ഭരണകൂടം തയ്യാറാക്കിയ പട്ടികയിലുള്ളത്. മെക്സിക്കോയും എല്‍സാര്‍വദോറുമാണ് ഇന്ത്യക്കാര്‍ക്ക് മുകളിലുള്ള രാജ്യങ്ങള്‍. സമീപ കാലത്തായി നിയമപരമായല്ലാതെ അമേരിക്കയില്‍ കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് അനുഭവപ്പെട്ടിരുന്നത്. 2023ല്‍ 96,917 ഇന്ത്യക്കാര്‍ അനധികൃത കുടിയേറ്റം നടത്തിയതായി യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്്ഷന്‍ റിപോര്‍ട്ട് വെളിപ്പെടുത്തുന്നു.
ചെലവേറിയതാണ് സൈനിക വിമാനങ്ങളുടെ ഉപയോഗം. അമേരിക്കയില്‍ നിന്ന് ഒരു യാത്രക്കാരനെ സൈനിക വിമാനത്തില്‍ ഗ്വാട്ടിമലയില്‍ എത്തിക്കുന്നതിന് 4,675 ഡോളര്‍ അഥവാ 4,09,389 രൂപ ചെലവ് കണക്കാക്കുന്നു. അതേസമയം ഇത് അമേരിക്കന്‍ പാസ്സഞ്ചര്‍ വിമാനത്തിലാണങ്കില്‍ 853 ഡോളര്‍ (74,697 ഇന്ത്യന്‍ രൂപ) മാത്രം. എന്നിട്ടും അമേരിക്ക എന്തിന് പാസ്സഞ്ചര്‍ വിമാനങ്ങളെ ആശ്രയിക്കാതെ സൈനിക വിമാനങ്ങളെ ഉപയോഗപ്പെടുത്തി? അനധികൃത കുടിയേറ്റക്കാരോട് ട്രംപ് ഭരണകൂടം സ്വീകരിക്കാനിരിക്കുന്ന കടുത്ത നടപടികളിലേക്കുള്ള ചൂണ്ടുപലകയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.