cover story
ഇനി വരില്ലേ ദേശാടകര്‍ ?
ദേശാടനം ചെയ്യുന്ന എല്ലാ ജീവികളും ഇന്ന് ഭൂമുഖത്ത് ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. ഇവയുടെ എണ്ണക്കുറവിനു പിന്നിൽ വലിയ വംശനാശ ഭീഷണയാണ് നിലനിൽക്കുന്നത്. പതിവുപോലെ മനുഷ്യൻ വലിയ വില്ലനാകുമ്പോൾ ആഗോളതാപനവും അതിന് കുഴലൂത്തു സേവ നടത്തുന്നു. ഏത് നിലക്കും രക്ഷയില്ലാത്ത അവസ്ഥ. ഈ സ്ഥിതി തുടർന്നാൽ ദേശാടന ജീവികൾ ഭാവിയിൽ കടങ്കഥയാകുമോ? അതെ, ഇതിനോട് ചേർന്നു നിൽക്കുന്ന റിപ്പോർട്ടാണ് യു എൻ പുറത്തുവിട്ടത്. ആശങ്കയേറെയുള്ള ആ വാർത്ത ഭയപ്പാടുണ്ടാക്കുന്നതാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് നേച്ചർ ആക് ഷൻ ലാൻഡ്മാർക്ക് (യു എൻ ) റിപ്പോർട്ടിൽ ഒരു പ്രധാന കാര്യം പറയുന്നു. ലോകത്തിലെ ദേശാടനയിനത്തിൽപ്പെടുന്ന പക്ഷി – മൃഗാദികളുടെ എണ്ണം വളരെയധികം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിനാൽ ഇവയുടെ ആഗോള വംശനാശ സാധ്യതയും വർധിച്ചിരിക്കുകയാണ്. ഇത് പറഞ്ഞിരിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ ഒരു വിഭാഗമാണെന്നതിനാൽ തന്നെയാണ് ഏറെ ആശങ്ക ഉണർത്തുന്നത്.
യു എന്നിന്റെ ജൈവവൈവിധ്യ ഉടമ്പടിയായ മൈഗ്രേറ്ററി സ്പീഷീസ് ഓഫ് വൈൽഡ് ആനിമൽസ് (സി എം എസ്) അതിന്റെ കൺവെൻഷൻ ഓൺ ദി കൺസർവേഷൻ ഓഫ് വൈൽഡ് സ്പീഷീസ് എന്ന റിപ്പോർട്ടിലാണ് വിശദീകരിക്കുന്നത്. സി എം എസിന് കീഴിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ചില ദേശാടന ജീവിവർഗങ്ങൾ മെച്ചപ്പെടുമ്പോൾ പകുതിയോളം, അതായത് 44 ശതമാനത്തോളം കുറയുകയാണ് ചെയ്യുന്നത്. സി എം എസ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ജീവജാലങ്ങളിൽ അഞ്ചിൽ ഒന്ന് (22 ശതമാനവും) വംശനാശ ഭീഷണിയിലുമാണ്.
സി എം എസ് ലിസ്റ്റ് ചെയ്തിരിക്കുന്ന മിക്കവാറും എല്ലാ (97 ശതമാനവും) മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണ് എന്നതും ഏറെ ഞെട്ടൽ ഉളവാക്കുന്നു. സി എം എസിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്തവ ഉൾപ്പെടെ, ആഗോളതലത്തിൽ ദേശാടന സ്പീഷീസുകൾക്ക് വംശനാശ സാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണ്.
ദേശാടന മൃഗങ്ങളുള്ള, തിരിച്ചറിഞ്ഞിട്ടുള്ള പ്രധാന ജൈവവൈവിധ്യ മേഖലകളിൽ പകുതിയും (51 ശതമാനം) സംരക്ഷിത പദവിയില്ല, ലിസ്റ്റ് ചെയ്ത ജീവിവർഗങ്ങളിൽ പ്രധാനപ്പെട്ടതായി അംഗീകരിക്കപ്പെട്ട, നിരീക്ഷിച്ച സൈറ്റുകളിലുള്ള 58 ശതമാനവും മനുഷ്യൻ നേരിട്ട് ഇടപെടൽ മൂലമുണ്ടാകുന്ന അസ്ഥിരമായ പ്രശ്‌ന ചുറ്റുപാടുകളിലാണ്.
എന്താണ് ഭീഷണി?
എല്ലാ ദേശാടന ജീവിവർഗങ്ങൾക്കും ഉള്ള ഏറ്റവും വലിയ ഭീഷണികൾ മനുഷ്യരുടെ പ്രവർത്തനങ്ങൾ തന്നെയാണ്. പ്രകൃതിയിലെ അമിത ചൂഷണവും ആവാസവ്യവസ്ഥയുടെ നഷ്ടവും കൂടുകയാണ്. സി എം എസ് ലിസ്റ്റ് ചെയ്ത നാലിൽ മൂന്നെണ്ണവും ആവാസവ്യവസ്ഥയുടെ നഷ്ടം, നാശം, വിഘടനം എന്നിവയാൽ സ്വാധീനിക്കപ്പെട്ടവയാണ്. കൂടാതെ, പത്തിൽ ഏഴ് സ്പീഷീസുകളും അമിതമായ ചൂഷണത്താൽ സ്വാധീനിക്കപ്പെടുന്നുമുണ്ട്.
കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, അധിനിവേശ ജീവിവർഗങ്ങൾ എന്നിവയും ദേശാടന ജീവികളിൽ വലിയ സ്വാധീനം ചെലുത്തുന്നു. അവയുടെ വരവിന് തടസ്സങ്ങളോ നാശമോ സംഭവിക്കുന്നു.
ഈ റിപ്പോർട്ടിന്റെ ഒരു പ്രത്യേകത, ഇതുവരെ, ദേശാടന ജീവികളെക്കുറിച്ച് ഇത്രയും സമഗ്രമായ വിലയിരുത്തൽ നടത്തിയിട്ടില്ല എന്നതു തന്നെയാണ്. ദേശാടന ജീവികളുടെ സംരക്ഷണ നിലയുടെയും എണ്ണത്തിന്റെയും പ്രവണതകളുടെയും ആഗോളതലത്തിലുള്ള അവലോകനം പുറത്ത് വരുമ്പോൾ അവയുടെ പ്രധാന ഭീഷണികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും അവയെ സംരക്ഷിക്കുന്നതിനുള്ള വിജയകരമായ പ്രവർത്തനങ്ങളും ഒപ്പം സംയോജിപ്പിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്സൻ ചൂണ്ടിക്കാണിച്ചത്: “സുസ്ഥിരമല്ലാത്ത മനുഷ്യ പ്രവർത്തനങ്ങൾ ദേശാടന ജീവിവർഗങ്ങളുടെ ഭാവി അപകടത്തിലാക്കുന്നുവെന്നാണ്. പാരിസ്ഥിതിക മാറ്റത്തിന്റെ സൂചകങ്ങളായി പ്രവർത്തിക്കുക മാത്രമല്ല, അത് നിലനിർത്തുന്നതിൽ അവിഭാജ്യ പങ്കാണ് ദേശാടകരായി എത്തുന്ന ജീവിവർഗം വഹിക്കുന്നത്. റിപ്പോർട്ടിലെ ശിപാർശകൾ യാഥാർഥ്യമാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.’ എന്നുകൂടി അദ്ദേഹം അഭ്യർഥിക്കുന്നു.
ദശലക്ഷക്കണക്കിന് ജീവികൾ ഓരോ വർഷവും കരയിലും സമുദ്രത്തിലും ആകാശത്തിലും ദേശാടന യാത്രകൾ നടത്തുന്നു. ദേശീയ അതിരുകളും ഭൂഖണ്ഡങ്ങളുടെ അതിരുകളും കടന്ന് പലതും ലോകമെമ്പാടുമെത്തുന്നു. ഇവ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച് ഭക്ഷണം തേടി പ്രജനനം നടത്തി എത്തുന്നിടത്ത് വീണു ചത്ത്, പുതിയ തലമുറ വന്നയിടങ്ങളിലേക്ക് തന്നെ തിരിച്ചു പോകുന്നു. പ്രകൃതിയുടെ അത്ഭുതകരമായ പ്രതിഭാസം. ഇതിനിടക്കെല്ലാം പലതും സംഭവിക്കുന്നു.
സസ്യങ്ങളെ പരാഗണം നടത്തുന്നു. കീടങ്ങളെ ഇരയാക്കുന്നു, കാർബൺ സംഭരിക്കാൻ സഹായിക്കുന്നു… ഇവയിലൂടെയെല്ലാം ലോകത്തിലെ ആവാസവ്യവസ്ഥയെ പരിപാലിക്കുന്നതിലും സുപ്രധാനമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിലും ദേശാടന ജീവിവർഗങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
യു എൻ എൻവയോൺമെന്റ് പ്രോഗ്രാമിലെ വേൾഡ് കൺസർവേഷൻ മോണിറ്ററിംഗ് സെന്ററിലെ (യു എൻ ഇ പി -ഡബ്ല്യു സി എം സി) കൺസർവേഷൻ ശാസ്ത്രജ്ഞർ സി എം എസിനായി തയ്യാറാക്കിയ സി എം എസ് സ്റ്റേറ്റ് ഓഫ് ദി വേൾഡ്‌സ് മൈഗ്രേറ്ററി സ്പീഷീസ് റിപ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റ സ്പീഷീസ് ഡാറ്റ സെറ്റുകളും ബേർഡ് ലൈഫ് ഇന്റർനാഷനൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധ സംഭാവനകളും ഉപയോഗിക്കുന്നു. യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN), സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ (ZSL) എന്നീ സംഘടനകൾ അന്താരാഷ്ട്ര സംരക്ഷണം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ള 1,189 ജീവികളെയാണ് റിപ്പോർട്ടിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാക്കിയത്. കൂടാതെ 3,000 ത്തിലധികം സി എം എസ് ഇതര ദേശാടന സ്പീഷീസുകളുമായി ബന്ധപ്പെട്ട വിശകലനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൺവെൻഷന്റെ കീഴിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്പീഷീസുകൾ അവയുടെ എല്ലാ പരിധിയിലും അതിൽ കൂടുതലും വംശനാശ ഭീഷണി നേരിടുന്നവയാണ്, ഇവയുടെയെല്ലാം സംരക്ഷണ നില വർധിപ്പിക്കുന്നതിന് ഒരു പ്രധാന അന്താരാഷ്ട്ര പ്രവർത്തനം ആവശ്യമാണ്.
സി എം എസ് എക്സിക്യൂട്ടീവ് സെക്രട്ടറി ആമി ഫ്രാങ്കൽ പറഞ്ഞു: “ദേശാടന ജീവിവർഗങ്ങൾ അവയുടെ ജീവിതചക്രത്തിലെ വ്യത്യസ്ത സമയങ്ങളിൽ പ്രത്യേക ആവാസ വ്യവസ്ഥകളെ ആശ്രയിക്കുന്നു. ഈ സ്ഥലങ്ങളിലെത്താൻ അവർ പതിവായി, ചിലപ്പോൾ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കുന്നു. വഴിയിലുടനീളം അവർ വളരെയധികം വെല്ലുവിളികളും ഭീഷണികളും നേരിടുന്നു. അതുപോലെ തന്നെ അവർ പ്രജനനം നടത്തുന്നതോ ഭക്ഷണം നൽകുന്നതോ ആയ ലക്ഷ്യസ്ഥാനങ്ങളിലും പ്രതിസന്ധികൾ തന്നെയാണ് നേരിടുന്നത്. ജീവിവർഗങ്ങൾ ദേശീയ അതിർത്തികൾ കടക്കുമ്പോൾ, അവയുടെ നിലനിൽപ്പ് ഇവ കാണപ്പെടുന്ന എല്ലാ രാജ്യങ്ങളുടെയും ഒത്തൊരുമിച്ചുള്ള സംരക്ഷണ പരിശ്രമഫലങ്ങളെ ആശ്രയിച്ചിരിക്കുന്നു. ദേശാടന ജീവിവർഗങ്ങൾ ലോകമെമ്പാടും സുഖമായി കഴിയുന്ന അവസ്ഥ ഉറപ്പാക്കാൻ ആവശ്യമായ നയപരമായ പ്രവർത്തനങ്ങൾക്ക് അടിവരയിടാൻ ഈ ലാൻഡ്മാർക്ക് റിപ്പോർട്ട് സഹായിക്കും.
ദേശാടന ജീവിവർഗങ്ങൾക്ക് അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. എന്നാൽ ഈ ജീവിവർഗങ്ങൾ നേരിടുന്ന പല ഭീഷണികളും പരിസ്ഥിതി വ്യതിയാനം മൂലമുള്ളതാകുമ്പോൾ പരിഹരിക്കപ്പെടാത്തവയായി പലതും മാറുന്നു. ദേശാടന ജീവിവർഗങ്ങളുടെ തകർച്ച പരിഹരിക്കുന്നതിന് ഗവൺമെന്റുകൾ, സ്വകാര്യ മേഖലകൾ തുടങ്ങി എല്ലാ മേഖലയിലും നടപടിക്രമങ്ങൾ ആവശ്യമാണ്.
കഴിഞ്ഞ 30 വർഷമായി, സ്റ്റെപ്പി കഴുകൻ, ഈജിപ്ഷ്യൻ കഴുകൻ, കാട്ട് ഒട്ടകം എന്നിവയുൾപ്പെടെ 70 തരം സി എം എസ് ലിസ്റ്റ് ചെയ്ത ദേശാടന സ്പീഷീസുകൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഏറ്റവും ആശങ്കാജനകമായ കാര്യം, ദേശാടന സ്രാവുകൾ ഉൾപ്പെടെ സി എം എസ് ലിസ്റ്റ് ചെയ്ത മിക്കവാറും എല്ലാ ഇനം മത്സ്യങ്ങളും വംശനാശത്തിന്റെ ഉയർന്ന അപകടസാധ്യതയാണ് നേരിടുന്നത്. 1970കൾ മുതൽ അവയുടെ സംഖ്യ 90 ശതമാനം കുറഞ്ഞു. ജീവജാലങ്ങൾക്കുള്ള ഭീഷണികൾ വിശകലനം ചെയ്യുമ്പോൾ, ദേശാടന ജീവിവർഗങ്ങളുടെ കുറവ് മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലമാണ് സംഭവിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.
സി എം എസ് ലിസ്റ്റ് ചെയ്തിരിക്കുന്നതും എല്ലാ ദേശാടന ജീവിവർഗങ്ങൾക്കും ഉള്ള ഏറ്റവും വലിയ രണ്ട് ഭീഷണികൾ അമിത ചൂഷണമാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി. അതിൽ സുസ്ഥിരമല്ലാത്ത വേട്ടയാടൽ, അമിത മത്സ്യബന്ധനം പോലുള്ള ലക്ഷ്യമില്ലാതെയുള്ള പിടിച്ചെടുക്കൽ എന്നിവ ഉൾപ്പെടുന്നു. ദേശാടന ജീവികൾക്ക് പ്രജനനം, തീറ്റ എന്നിവക്കായി വർത്തിക്കുന്ന സുപ്രധാന സ്ഥലങ്ങൾ സംരക്ഷിക്കാൻ മതിയായ നടപടികൾ കൈക്കൊള്ളുക എന്നതാണ് പ്രധാന മുൻഗണന. സി എം എസിന്റെ ലിസ്റ്റ് ചെയ്ത ദേശാടന സ്പീഷീസുകൾക്ക് ലോകത്തിലെ പ്രധാന ജൈവവൈവിധ്യ മേഖലകളിൽ 10,000 ത്തോളം പ്രധാനമാണെന്നും എന്നാൽ പകുതിയിലധികം (പ്രദേശമനുസരിച്ച്) സംരക്ഷിത പ്രദേശങ്ങളായി നിശ്ചയിച്ചിട്ടില്ലെന്നും റിപ്പോർട്ട് കാണിക്കുന്നു. ഈ ലിസ്റ്റ് ചെയ്ത ജീവിവർഗങ്ങൾക്ക് പ്രധാന മോണിറ്റർ ചെയ്ത സൈറ്റുകളുടെ 58 ശതമാനവും മനുഷ്യന്റെ പ്രവർത്തനങ്ങൾ കാരണം ഭീഷണിയിലാണ്.
മുന്നോട്ടുള്ള വഴികളും ആലോചനകളും
399 ദേശാടന ഇനങ്ങളെ കണ്ടെത്തിയതിൽ പ്രധാനമായും പക്ഷികളും മത്സ്യങ്ങളും അനേകം ആൽബട്രോസുകളും, പെർച്ചിംഗ് ബേർഡ്സ്, ഗ്രൗണ്ട് സ്രാവുകൾ, സ്റ്റിംഗ്രേകൾ എന്നിവയുൾപ്പെടെ പലതും വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയെയെല്ലാം തരംതിരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സി എം എസ് ലിസ്റ്റ് ചെയ്തിട്ടില്ല.
പല ജീവിവർഗങ്ങളുടെയും സ്ഥിതിഗതികൾ അടിവരയിടുമ്പോൾ, അവയുടെ എണ്ണവും സ്പീഷീസും വ്യാപകമായ വീണ്ടെടുക്കൽ സാധ്യമാണെന്ന റിപ്പോർട്ട് മൂലമാണിത്.
സൈപ്രസിൽ അനധികൃത പക്ഷി വലകൾ 91 ശതമാനം കുറഞ്ഞു, കസാക്കിസ്ഥാനിലെ വിജയകരമായ സംയോജിത സംരക്ഷണ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ, വംശനാശത്തിന്റെ വക്കിൽ നിന്ന് സൈഗ ആൻഡ് ലോപ്പിനെ തിരികെ കൊണ്ടുവരാൻ ഇടയാക്കി. വേൾഡ്‌സ് മൈഗ്രേറ്ററി സ്പീഷീസ് റിപ്പോർട്ടിന് ഒരു വ്യക്തമായ വേക്ക്- അപ്പ് കോൾ പുറപ്പെടുവിക്കാൻ കഴിഞ്ഞു. കൂടാതെ പ്രവർത്തനത്തിനുള്ള മുൻഗണനയുള്ള ഒരു കൂട്ടം ശിപാർശകൾ നൽകുവാനുമായി.
ദേശാടന സ്പീഷിസുകളെ നിയമവിരുദ്ധമായതും സുസ്ഥിരമല്ലാത്തതുമായ ഏറ്റെടുക്കൽ പാടില്ല. ജീവികളെ ആകസ്മികമായി പിടിച്ചെടുക്കലും പാടില്ല. ഇങ്ങനെയുള്ള ശ്രമങ്ങളെ നേരിടാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യും.
ദേശാടന സ്പീഷീസുകൾക്കുള്ള പ്രധാന സൈറ്റുകൾ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഇനിയും വർധിപ്പിക്കണം. സി എം എസ് ലിസ്റ്റ് ചെയ്തിരിക്കുന്ന മിക്കവാറും എല്ലാ മത്സ്യ ഇനങ്ങളും ഉൾപ്പെടെ, വംശനാശത്തിന്റെ ഏറ്റവും അപകടസാധ്യതയുള്ള ആ ഇനങ്ങളെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരണം. കാലാവസ്ഥാ വ്യതിയാനം, വെളിച്ചം, ശബ്ദം, രാസ, പ്ലാസ്റ്റിക് മലിനീകരണം എന്നിവ നേരിടാനുള്ള ശ്രമങ്ങൾ വർധിപ്പിക്കണം. ദേശീയ, അന്തർദേശീയ ശ്രദ്ധ ആവശ്യമുള്ള കൂടുതൽ അപകടസാധ്യതയുള്ള ദേശാടന സ്പീഷീസുകളെ ഉൾപ്പെടുത്താൻ സി എം എസ് ലിസ്റ്റ് വികസിപ്പിക്കുന്നത് പരിഗണിക്കണം.
സൈഗ ആന്റലോപ്പ്, മഞ്ഞു പുള്ളിപ്പുലി, നിരവധി ദേശാടന പക്ഷികൾ എന്നിവയുൾപ്പെടെ വിവിധ ദേശാടന സ്പീഷീസുകളുടെ ആവാസ കേന്ദ്രമായ മധ്യേഷ്യയിൽ നടക്കുന്ന ഏതൊരു ആഗോള പരിസ്ഥിതി ഉടമ്പടിയും വിജയിക്കണം. കൺവെൻഷൻ നടപ്പിലാക്കുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതിനായി സർക്കാറുകളും വന്യജീവി സംഘടനകളും ശാസ്ത്രജ്ഞരും ഈ ശ്രമത്തിൽ പങ്കാളികളാകണം. ലോക ദേശാടന ജീവിവർഗങ്ങളുടെ അവസ്ഥ അവലോകനം നടത്തി അതിൽ വരുന്ന ചർച്ചകളെ പിന്തുണക്കുന്നതിനും വിലപ്പെട്ട വിവരങ്ങൾ നൽകുന്നതിനുമുള്ള നയ ശിപാർശകൾക്ക് ശാസ്ത്രീയ അടിത്തറ നൽകണം.
ദേശാടന പക്ഷികളും പ്രാണികളും മനുഷ്യരും
ദേശാടന പക്ഷികൾ യാത്ര തുടങ്ങുകയാണ്. വരുന്ന വഴിക്കെല്ലാം ഭക്ഷണവും വെള്ളവും വേണം. യാത്രാദൈർഘ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നുണ്ട്. പ്രാണികളുടെ സമൃദ്ധി തന്നെയാണത്. യാത്ര ചെയ്യുന്ന പക്ഷികളുടെ വരവുമായി ഒത്തുപോകുന്ന നിർണായക സ്റ്റോപ്പ് ഓവർ പോയിന്റുകളിൽ പ്രാണികൾ ആവശ്യമാണ്. എന്നാൽ 80 ശതമാനം പ്രാണികളുടെ കുറവുണ്ടായതായി ചില സർവേകൾ സൂചിപ്പിക്കുന്നു. ദേശാടന ജീവികൾക്ക് തടസ്സമായ വേലിക്കെട്ടുകൾ ഇല്ലാതാക്കണം. പ്രകൃതിയോട് ഇണങ്ങിയ സവിശേഷതകൾ പലതും നിലനിർത്തണം. പലയിടത്തും ഏകവിളകളുടെ ആധിപത്യം ഒരു കാരണമാണ്. ജൈവവൈവിധ്യമില്ലാത്ത കീടനാശിനികളുടെ അമിത ഉപയോഗം ഏതുതരം പ്രാണികളെയും ബാധിക്കുന്നു.
ആവാസവ്യവസ്ഥയുടെ അടിത്തറയാണ് പ്രാണികൾ. പക്ഷികൾക്കും മറ്റ് ജീവികൾക്കും ഒരു പ്രധാന ഭക്ഷ്യ സ്രോതസ്സെന്ന നിലയിൽ പ്രാണികൾ വഹിക്കുന്ന നിർണായക പങ്ക് വലുതാണ്. ഇത് കണക്കിലെടുക്കുമ്പോൾ, അവയുടെ തകർച്ച കാര്യമായ പാരിസ്ഥിതിക വെല്ലുവിളികളാണ് അവതരിപ്പിക്കുന്നത്. ജൈവവൈവിധ്യത്തിന്റെ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ ഇത് അപകടപ്പെടുത്തുകയും ചെയ്യുന്നു. ഏവിയൻ മൈഗ്രേഷൻ റൂട്ടുകളിൽ പ്രാണികളുടെ എണ്ണം കുറയുന്നത് പക്ഷികളുടെ അംഗസംഖ്യക്ക് നേരിട്ട് ഭീഷണിയാണ്.
വൈറ്റ് സ്റ്റോർക്ക്, ആഫ്രിക്കയിലൂടെ സബ്-സഹാറയിലൂടെയുള്ള യാത്രകളിൽ ഇവ നന്നായി പ്രാണികളെ ആശ്രയിക്കുന്നു. അവിടെ പ്രധാനമായും പക്ഷികൾക്ക് കിട്ടുന്നത് ചുവന്ന വെട്ടുകിളിയെയും മരുഭൂമി വെട്ടുകിളിയെയുമാണ്. മനുഷ്യന്റെ പ്രവർത്തനങ്ങളും പാരിസ്ഥിതിക തടസ്സങ്ങളും നിമിത്തം പ്രാണികളുടെ എണ്ണത്തിൽ വൻ ഇടിവ് വന്നു. അത് നമ്മുടെ ചിന്തക്ക് അപ്പുറത്തേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. ദേശാടന പക്ഷികളുടെ യാത്രകൾക്ക് ഇന്ധനം നൽകുന്നതിന് ആവശ്യമായ ഭക്ഷണം കണ്ടെത്താനാകുന്നില്ല.
യാത്ര തടസ്സപ്പെടുകയും പക്ഷികളുടെ കുടിയേറ്റ രീതികളെയും പറന്നെത്തുന്നവയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുകയും ചെയ്യുന്നു. പ്രകൃതിയും കൃഷിരീതികളും തമ്മിലുള്ള യോജിച്ച സഹവർത്തിത്വം ഉറപ്പാക്കാൻ സുസ്ഥിരമായ കാർഷിക നയങ്ങൾ ലോകത്താകമാനം ഉണ്ടാവേണ്ടിയിരിക്കുന്നു. ആവാസവ്യവസ്ഥയുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥ സംരക്ഷിക്കുക എന്ന ആശയം തലമുറകളിലേക്ക് കൈമാറുന്നതിനും എല്ലാവരും പരിശ്രമിക്കേണ്ടിയിരിക്കുന്നു. ദേശാടന ജീവി വർഗമില്ലാത്ത ഭൂമി ഒരർഥത്തിലും പൂർണമാകുന്നില്ല. മനുഷ്യരും ജീവികളും ദേശാടന ജീവികളും തമ്മിൽ ലയിച്ചു ചേരുമ്പോഴേ പ്രകൃതി പ്രകൃതിയാവുന്നുള്ളൂ. ആ വൈവിധ്യമാണ് ഭൂമിയെയും നമ്മെയും പുതിയതാക്കുന്നത് പൂർണതയുള്ളതാക്കുന്നത്.