Connect with us

Kerala

മിഹിറിന്റെ മരണം: ഗ്ലോബല്‍ സ്‌കൂളിനെതിരെ നിരവധി രക്ഷിതാക്കള്‍ രംഗത്ത്; മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളിനെതിരെ കൂടുതല്‍ റാഗിങ് പരാതികള്‍ കിട്ടിയതായി മന്ത്രി

Published

|

Last Updated

കൊച്ചി| മിഹിര്‍ അഹമ്മദിന്റെ മരണത്തിന് പിന്നാലെ എറണാകുളം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ ആരോപണങ്ങളുമായി നിരവധി മാതാപിതാക്കള്‍ രംഗത്തെത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിനെതിരെ കൂടുതല്‍ റാഗിങ് പരാതികള്‍ കിട്ടിയതായി മന്ത്രി പറഞ്ഞു. ഈ സ്‌കൂളില്‍ വച്ച് ഭീകരമായ റാഗിങ്ങ് അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. ആത്മഹത്യയുടെ വക്കുവരെ എത്തിയ മകന്റെ പരാതി സ്‌കൂള്‍ അധികൃതര്‍ അവഗണിച്ചതോടെ ടി സി വാങ്ങി കുട്ടിയെ മറ്റൊരു സ്‌കൂളിലേയ്ക്ക് ചേര്‍ക്കേണ്ടി വന്നതായും ഒരു രക്ഷിതാവിന്റെ പരാതിയില്‍ പറയുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. മിഹിറിന്റെ മരണത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം റാഗിംഗ് സംബന്ധിച്ച പരാതി സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കുകയാണ് ചെയ്തതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പ്രവര്‍ത്തിക്കാനുള്ള എന്‍ഒസി ഹാജരാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ സ്‌കൂള്‍ അധികൃതര്‍ എന്‍ഒസി ഹാജരാക്കിയിട്ടില്ലെന്ന്  മന്ത്രി പറഞ്ഞു. സിബിഎസ്ഇ സ്‌കൂള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എന്‍ഒസി ആവശ്യമാണ്.

സര്‍ക്കാരിന്റെ എന്‍ഒസി വാങ്ങേണ്ട സ്‌കൂളുകള്‍ ഉടന്‍ വാങ്ങണം. ഡിഇഒമാരോട് ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ എന്‍ഒസി ആവശ്യമാണ്.

ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ നടത്തുന്നത് ബാലാവകാശ നിയമപ്രകാരം കുറ്റകരമാണെന്നും അങ്ങനെയുള്ള സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

Latest