Connect with us

Kerala

മിഹിറിന്റെ ആത്മഹത്യ: പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ സിറ്റിംഗ് നാളെ

കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്‌കൂള്‍ അധികൃതരോടും സിറ്റിംഗില്‍ പങ്കെടുക്കുന്നതിന് കലക്ടറേറ്റില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തും. റാഗിംഗിനെ തുടര്‍ന്നാണ് മിഹിര്‍ ആത്മഹത്യ ചെയ്തതെന്ന മാതാവിന്റെ പരാതിയിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി നാളെ എറണാകുളം കലക്ടറേറ്റില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സിറ്റിംഗ് നടത്തും. കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്‌കൂള്‍ അധികൃതരോടും സിറ്റിംഗില്‍ പങ്കെടുക്കുന്നതിന് കലക്ടറേറ്റില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എറണാകുളം പിറവം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന മകന്‍ മിഹറിന്റെ ആത്മഹത്യ റാഗിങിനെ തുടര്‍ന്നാണെന്ന് മാതാവ് റജ്ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും ഡി ജി പിക്കും ബാലാവകാശ കമ്മീഷനും റജ്‌ന പരാതി നല്‍കുകയും ചെയ്തു.

മകനെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്തു. സ്‌കൂളില്‍ വച്ചും സ്‌കൂള്‍ ബസില്‍ വച്ചും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മകന്റെ സുഹൃത്തുക്കളില്‍ നിന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വാഷ്‌റൂമില്‍ കൊണ്ടുപോയാണ് ക്രൂരമായി മര്‍ദിച്ചത്. മകന്റെ മുഖം ബലാത്കാരമായി ക്ലോസറ്റില്‍ മുക്കിയ ശേഷം ഫ്‌ളഷ് അടിച്ചു. മകനെ ശാരീരികമായി ഉപദ്രവിക്കുകയും നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തു.

നിസ്സഹായ ഘട്ടത്തിലാണ് മകന്‍ ആത്മഹത്യ ചെയ്തത്. സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മകന്‍ ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമായതെന്നും റജ്ന പറഞ്ഞു. ജനുവരി 15നാണ് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലെ 26-ാം നിലയില്‍ നിന്നും ചാടി മിഹര്‍ ജീവനൊടുക്കിയത്.

 

 

 

Latest