International
സുഡാനിലെ സൈനിക വിമാനാപകടം: മരണം 46 ആയി
പരുക്കേറ്റ 10 പേരുടെ നില ഗുരുതരം

ഖാര്‍ത്തും | സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ഉദ്യോഗസ്ഥരും സാധാരണക്കാരും ഉള്‍പ്പടെയാണ് തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പ്രാന്തപ്രദേശത്തുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 10 പേരുടെ നില ഗുരുതരമാണ് .
ഗ്രേറ്റര്‍ ഖാര്‍ത്തൂമിന്റെ ഭാഗമായ ഓംദുര്‍മാനിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വ്യോമതാവളത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമന സേനയെത്തിയതാണ് സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കിയത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. വിമാനം തകര്‍ന്നുവീണ പരിസരത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ഒംദുര്‍മാനില്‍ കനത്ത പുകയും പൊടിപടലങ്ങളും പരന്ന് വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ വടക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നാണ് ഇത്. തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ സഹോദര നഗരമായ ഒംദുര്‍മാനിന് വടക്ക് വാദി സയിദ്ന വ്യോമതാവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്നതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.