Connect with us

Kerala

കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് മിൽക്ക് ഷെയ്ക്ക്; കോഴിക്കോട്ടെ ജ്യൂസ് സ്റ്റാളിനെതിരെ കേസെടുത്തു

ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം സ്ക്വാഡ് പിടികൂടി

Published

|

Last Updated

കോഴിക്കോട് | ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം സ്ക്വാഡ് പിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍.സുഗുണന്‍ അറിയിച്ചു.

ഡല്‍ഹിയില്‍ നിന്നാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു കേരളത്തിൽ എത്തിക്കുന്നത്. ഇത്തരത്തിലുളള കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌െസെസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഈ സ്ഥാപനത്തില്‍ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുന്നു. രാസപരിശോധനഫലത്തിനു ശേഷം തുടര്‍പടപടികള്‍ സ്വീകരിക്കും.

ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Latest