Articles
മില്ലറ്റുകളെ മുറുകെപ്പിടിക്കാം
മില്ലറ്റിനെ കുറിച്ചുള്ള പ്രചാരണം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ക്കിടയില്‍ നടക്കണം. മില്ലറ്റ് വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടാകുകയും നമ്മുടെ ഭക്ഷണ ശാലകളില്‍ അവ വിളമ്പുന്ന അവസ്ഥ കൈവരികയും വേണം. ഈ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തില്‍ ഇങ്ങനെ മില്ലറ്റിനെ മുറുകെപ്പിടിച്ച് ആരോഗ്യ പൂര്‍ണമായ ഒരു ജീവിതം നയിക്കാന്‍ മലയാളിക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
ചെറു ധാന്യ(മില്ലറ്റുകള്‍)ങ്ങളെ കുറിച്ച് പറയുകയും പ്രചരിപ്പിക്കുകയും കൃഷി ചെയ്യുകയും വിപണനം നടത്തുകയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യേണ്ടുന്ന കാലമായിരിക്കുന്നു. മൂന്നില്‍ ഒരാള്‍ക്ക് ജീവിതശൈലീ രോഗമുള്ള നാട്. വില്‍ക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത് ജീവിതശൈലി രോഗങ്ങള്‍ക്കാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്ന നാട്. ജീവിതശൈലീ രോഗങ്ങള്‍ മൂലമോ അവക്കെതിരെയുള്ള മരുന്നുകളുടെ ഉപയോഗമോ കാരണം ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഒരു നാട്. ഇങ്ങനെയുള്ള ഒരു നാട് തന്നെയാണ് മില്ലറ്റിനെ കുറിച്ച് പറയാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. വീടിന്റെയും നാടിന്റെയും പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട നമ്മുടെ യൗവനവും മധ്യവയസ്സും ഒക്കെ രോഗാതുരമാകുമ്പോള്‍ അതിന് ആശ്വാസമേകാന്‍ മില്ലറ്റുകള്‍ ഉപയോഗപ്പെടുമെങ്കില്‍ അതിന്റെ പ്രചാരണം നാമൊക്കെ നമ്മുടെ കര്‍ത്തവ്യമായി ഏറ്റെടുക്കുക തന്നെ വേണം.
നാല് നേരവും അരിഭക്ഷണം കഴിക്കുന്നവരാണ് മലയാളികള്‍. ഇവ വയറ്റില്‍ എത്തിയാല്‍ അല്‍പ്പ സമയം കൊണ്ട് തന്നെ ഇവയിലെ ഗ്ലൂക്കോസ് വിഘടിച്ച് രക്തത്തിലേക്ക് പമ്പ് ചെയ്യപ്പെടുന്ന (ഗ്ലൈസമിക് ഇന്‍ഡക്‌സ് കൂടിയ) അവസ്ഥയില്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് എളുപ്പം അടിപ്പെടുന്നതില്‍ യാതൊരു അത്ഭുതവും ഇല്ല.
അരിക്കു പകരം ഗോതമ്പ് ഉപയോഗിക്കാം എന്നു വെച്ചാല്‍ അതില്‍ ഗ്ലൂട്ടന്‍ അടങ്ങിയതിന്റെ പ്രശ്‌നം വേറെ. എന്നാല്‍ മില്ലറ്റ് ഭക്ഷണം കഴിച്ചാല്‍ അവയിലെ ഗ്ലൂക്കോസ് വളരെ സാവധാനത്തില്‍ മാത്രമേ രക്തത്തിലേക്ക് അലിഞ്ഞുചേരുകയുള്ളൂ. ഇത് തിരിച്ചറിഞ്ഞാല്‍ മാത്രം മതി ജീവിതശൈലീ രോഗങ്ങള്‍ വരാതെ നോക്കാനും ഉള്ളവര്‍ക്ക് ആശ്വാസമേകാനും ഇവ ഗുണകരമാകും എന്ന് മനസ്സിലാക്കാന്‍. ഇതിനുപുറമെ നാരുകള്‍, ജീവകങ്ങള്‍, അമിനോ ആസിഡുകള്‍ ഇവയുടെ ഒക്കെ കലവറകളാണ് മില്ലറ്റുകള്‍.
എളുപ്പത്തിലും വേഗത്തിലും കൃഷി ചെയ്ത് എടുക്കാം എന്നതും 60 ഡിഗ്രി സെന്റിഗ്രേഡ് വരെ താപത്തെ അതിജീവിക്കും എന്നതും കാര്യമായ വളപ്രയോഗം ആവശ്യമില്ല എന്നതും വളരെ കുറഞ്ഞ ജല ഉപയോഗം മതിയാകും എന്നതും കീടബാധ ഏല്‍ക്കുന്നത് കുറവാണ് എന്നതും മില്ലറ്റ് കൃഷിയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്. മില്ലറ്റുകള്‍ക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച, പത്മശ്രീ ജേതാവായ, മില്ലറ്റ് മാന്‍ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന ഡോ. ഖാദര്‍ വാലിയുടെ പ്രോട്ടോകോള്‍ പ്രകാരം പ്രധാനപ്പെട്ട ഒമ്പത് മില്ലറ്റുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു, പോസിറ്റീവ് എന്നും ന്യൂട്രല്‍ എന്നും. പോസിറ്റീവ് മില്ലറ്റുകളായ തിന, ചാമ, വരക്, കുതിരവാലി, ബ്രൗണ്‍ ടോപ്പ് എന്നിവ കഴിച്ചാല്‍ നിലവിലുള്ള ജീവിതശൈലീ രോഗങ്ങള്‍ ക്രമേണ കുറഞ്ഞുവരും എന്നും ന്യൂട്രല്‍ മില്ലറ്റുകളായ റാഗി, മണിച്ചോളം, ബജ്‌റ, പനിവരക് എന്നിവ കഴിച്ചാല്‍ നിലവിലുള്ള അസുഖങ്ങള്‍ അധികരിക്കാതെ നില്‍ക്കുമെന്നും തന്റെ അനുഭവങ്ങളിലൂടെ അദ്ദേഹം പറഞ്ഞുവെക്കുന്നു. ഒരു നേരത്തില്‍ തുടങ്ങി, രണ്ട് നേരവും മൂന്ന് നേരവും മില്ലറ്റ് കഴിച്ച് ജീവിക്കുന്ന നമ്മുടെ ചുറ്റുമുള്ള പലരും സാക്ഷ്യപ്പെടുത്തുന്നത് ഇതിന്റെ ഉപയോഗം ജീവിതശൈലീ രോഗങ്ങള്‍ക്ക് ശമനം ഉണ്ടാക്കുന്നുണ്ട് എന്ന് തന്നെയാണ്.
മില്ലറ്റ് കൃഷി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രധാന വെല്ലുവിളി, വിളവെടുത്തു കഴിഞ്ഞാല്‍ അവ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.
മില്ലറ്റുകളില്‍ ഭൂരിപക്ഷത്തിനും കട്ടിയുള്ള പുറം തോടുണ്ട്. ഇത് നീക്കം ചെയ്യാന്‍ ആവശ്യമായ സംസ്‌കരണം നടത്തുന്ന യന്ത്രങ്ങള്‍ വളരെ വിലപിടിച്ചവയാണ്. കര്‍ഷകര്‍ക്കോ കര്‍ഷക കൂട്ടായ്മകള്‍ക്കോ ഇത് താങ്ങാനാകില്ല. സര്‍ക്കാര്‍ തലത്തില്‍ ജില്ലകളില്‍ ഇത്തരം യന്ത്രങ്ങള്‍ സ്ഥാപിക്കണം എന്നാണ് കര്‍ഷകരുടെ പക്ഷം. എന്നാല്‍ ഇതിനൊരു മറുവശം ഉണ്ട്. വന്‍തോതില്‍ മുതല്‍ മുടക്കി ഇത്തരം യന്ത്രങ്ങള്‍ സ്ഥാപിച്ചാല്‍ ആവശ്യത്തിന് കൃഷി നമ്മുടെ നാട്ടില്‍ നടക്കുമോ എന്നതും ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ പ്രശ്‌നത്തെ മറികടക്കാന്‍ കര്‍ഷകര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. ഒക്ടോബര്‍ മാസത്തില്‍ അവര്‍ വ്യാപകമായി മില്ലറ്റ് കൃഷി ആരംഭിക്കട്ടെ. റാഗി, മണിച്ചോളം, ബജ്‌റ ഇവ കാര്യമായ സംസ്‌കരണം ആവശ്യമില്ലാത്തവയാണ്. വിളവെടുത്ത് അതേ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും. ആദ്യ തവണ ഇവ കൃഷി ചെയ്ത് സര്‍ക്കാറിനെ ബോധ്യപ്പെടുത്താം, വ്യാപകമായ മില്ലറ്റ് കൃഷി നമ്മുടെ നാട്ടില്‍ നടക്കുന്നു എന്ന്. അപ്പോള്‍ സര്‍ക്കാറിന് സംസ്‌കരണ യന്ത്രങ്ങള്‍ വാങ്ങാന്‍ മുതല്‍മുടക്കുന്നതില്‍ വൈമനസ്യം ഉണ്ടാകാന്‍ ഇടയില്ല.
മില്ലറ്റിന്റെ ഉപയോഗക്രമത്തെക്കുറിച്ചും ചിലത് പറയേണ്ടതുണ്ട്. ഡോ. ഖാദര്‍ വാലിയുടെ അഭിപ്രായത്തില്‍ വ്യത്യസ്ത മില്ലറ്റുകള്‍ കൂട്ടികലര്‍ത്തി ഉപയോഗിക്കുന്നത് നല്ലതല്ല. ഒരേ മില്ലറ്റ് തന്നെ തുടര്‍ച്ചയായി രണ്ട് ദിവസം ഉപയോഗിക്കണം. അതിനു ശേഷം അടുത്തത്, അങ്ങനെ ആ ക്രമത്തില്‍. ഏത് മില്ലറ്റും ഉപയോഗിക്കുന്നതിന് മുമ്പ് എട്ട് മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. നന്നായി കഴുകിയ ശേഷം കുതിര്‍ക്കാന്‍ ആവശ്യമായ വെള്ളം മാത്രം എടുത്ത് കുതിര്‍ത്ത് വെക്കുക. ആ വെള്ളം ഊറ്റിക്കളയാതെ വേണം അവ പാകം ചെയ്യാനായി ഉപയോഗിക്കാന്‍. അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും മില്ലറ്റ് കൊണ്ടും സ്വാദിഷ്ടമായി തന്നെ ഉണ്ടാക്കി ഉപയോഗിക്കാം.
മില്ലറ്റിനെ കുറിച്ചുള്ള പ്രചാരണം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ക്കിടയില്‍ നടക്കണം. മില്ലറ്റ് വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടാകുകയും നമ്മുടെ ഭക്ഷണ ശാലകളില്‍ അവ വിളമ്പുന്ന അവസ്ഥ കൈവരികയും വേണം. ഈ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തില്‍ ഇങ്ങനെ മില്ലറ്റിനെ മുറുകെപ്പിടിച്ച് ആരോഗ്യ പൂര്‍ണമായ ഒരു ജീവിതം നയിക്കാന്‍ മലയാളിക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
(ലേഖകന്‍ കേരള സര്‍ക്കാറിന്റെ വനമിത്ര പുരസ്‌കാര ജേതാവ്, മില്ലറ്റ് മിഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ്)