Connect with us

Kerala

മില്‍മ തൊഴിലാളികള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

സംസ്ഥാന ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുരഞ്ജന യോഗത്തില്‍ ഒത്തുതീര്‍പ്പായതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  മില്‍മയിലെ തൊഴിലാളി യൂണിയനുകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുരഞ്ജന യോഗത്തില്‍ ഒത്തുതീര്‍പ്പായതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.

സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി ജൂലൈ 15 മുതല്‍ ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ മില്‍മയില്‍ നടപ്പാക്കുമെന്ന് ചര്‍ച്ചയില്‍ മാനേജ്‌മെന്റ് ഉറപ്പുനല്‍കി. ഇത് അംഗീകരിച്ചാണ് ജൂണ്‍ 25 മുതല്‍ പ്രഖ്യാപിച്ചിരുന്ന സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് പിന്‍വലിക്കാന്‍ യൂണിയനുകള്‍ സമ്മതിച്ചത്.മില്‍മ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, ചെയര്‍മാന്‍ കെ എസ് മണി, റീജ്യണല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്മാരായ ഡോ. മുരളി പി, കെ സി ജെയിംസ്, വില്‍സണ്‍ ജെ പി എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനധീകരിച്ച് എ ബാബു, ശ്രീകുമാരന്‍ എം എസ്, പി കെ ബിജു (സി ഐ ടി യു), ഭുവനചന്ദ്രന്‍ നായര്‍, എസ് സുരേഷ് കുമാര്‍ (ഐ എന്‍ ടി യുസി), കെ എല്‍ മധുസൂദനന്‍, എസ് സുരേഷ്‌കുമാര്‍ (എ ഐ ടി യു സി) എന്നിവരും പങ്കെടുത്തു.

Latest