Connect with us

National

ഖനി അഴിമതി: കാര്‍വാര്‍ എം എല്‍ എ. സതിഷ് സെയില്‍ അറസ്റ്റില്‍

11,312 മെട്രിക് ടണ്‍ ഇരുമ്പയിര് അനധികൃതമായി കടത്തിയ ബെലേകേരി തുറമുഖ കേസില്‍ സതിഷ് സെയില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണ് അറസ്റ്റ്.

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയിലെ ഖനി അഴിമതി കേസില്‍ കാര്‍വാര്‍ എം എല്‍ എ. സതിഷ് സെയിലിനെ സി ബി ഐ അറസ്റ്റ് ചെയ്തു. 11,312 മെട്രിക് ടണ്‍ ഇരുമ്പയിര് അനധികൃതമായി കടത്തിയ ബെലേകേരി തുറമുഖ കേസില്‍ സതിഷ് സെയില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണിത്. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് എം എല്‍ എക്കെതിരായ വിധി പുറപ്പെടുവിച്ചത്.

കേസില്‍ സെയിലിനെയും മറ്റ് രണ്ട് പ്രതികളെയും അടിയന്തരമായി കസ്റ്റഡിയിലെടുക്കാനും നാളെ ഉച്ചക്ക് 12.30ന് ഹാജരാക്കാനും പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ഗജാനന്‍ ഭട്ട് സി ബി ഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ തന്നെ വിധിക്കും.

കുംഭകോണത്തില്‍ ഉള്‍പ്പെട്ട മല്ലികാര്‍ജുന ഷിപ്പിംഗ് കോര്‍പറേഷന്റെ ഉടമയായ സതിഷ് സെയിലിനും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മഹേഷ് ബിലിയേക്കും മറ്റ് പ്രതികള്‍ക്കും കേസന്വേഷിച്ച സി ബി ഐ കുറ്റപത്രം നല്‍കിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, കള്ളപ്രമാണം ചമയ്ക്കല്‍, അതിക്രമം, അഴിമതി എന്നിവയാണ് അഴിമതി തടയല്‍ ആക്ട് പ്രകാരം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.