Kerala
തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു
മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച ഒരാള്‍ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞു.
ചെന്നൈ| തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മിനി ബസില്‍ സഞ്ചരിച്ച 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പരുക്ക് ഗുരുതരമല്ല. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച ഒരാള്‍ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞു.
ഏര്‍ക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസും തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ആള്‍ട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.