Connect with us

National

ഹരിയാനയില്‍ മിനി ബസ് ട്രക്കിലിടിച്ച് ഏഴ് മരണം; 25 പേര്‍ക്ക് പരുക്ക്

അംബാല-ഡല്‍ഹി-ജമ്മു ദേശീയപാതയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം

Published

|

Last Updated

അംബാല | ഹരിയാനയിലെ അംബാലയില്‍ മിനി ബസില്‍ ട്രക്ക് ഇടിച്ച് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റു. അംബാല-ഡല്‍ഹി-ജമ്മു ദേശീയപാതയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം. ജമ്മുവിലെ വൈഷ്‌ണോ ദേവി തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോയ 30 അംഗ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള കുടുംബമാണ് ബസില്‍ ഉണ്ടായിരുന്നത്. ബസ്സിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും ഒരേ കുടുംബത്തില്‍ നിന്ന് ഉള്ളവരാണെന്നും അപകട സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നെന്നും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.

ബസിന് മുന്നിലായിരുന്ന ട്രക്ക് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിക്കുകയായിരുന്നു.

ട്രക്ക് ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചതായി സംശയമുള്ളതായും പോലീസ് പറഞ്ഞു. ട്രക്ക് കസ്റ്റഡിയിലെടുത്തതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.

 

Latest